മനാമ: കോവിഡ്-19 വ്യാപനം തടയുന്നതിന് ബഹ്റൈനിലെ എല്ലാ വാണിജ്യസ്ഥാപനങ്ങളും മാർച്ച് 26 മുതൽ ഏപ്രിൽ ഒമ്പതു വരെ അടച്ചിടുമെന്ന് വ്യവസായ, വാണിജ്യ, വിനോദ സഞ്ചാര വകുപ്പ് മന്ത്രി സഇൗദ് അൽ സയാനി വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഹൈപ്പർമാർക്കറ്റുകൾ, കോൾഡ് സ്റ്റോറുകൾ, ബേക്കറികൾ, ഫാർമസികൾ, ബാങ്ക് എന്നിവ തുറന്നുപ്രവർത്തിക്കും. ഒാഫിസുകൾക്കും വിലക്കില്ല. സർക്കാർ സ്ഥാപനങ്ങളിൽ വീട്ടിലിരുന്ന് ജോലി ചെയ്യുന്നത് ഞായറാഴ്ച മുതൽ ആരംഭിച്ചിട്ടുണ്ട്. സ്വകാര്യ സ്ഥാപനങ്ങളും ഇൗ രീതി പിന്തുടരണമെന്ന് അദ്ദേഹം പറഞ്ഞു.
റസ്റ്റാറൻറുകൾ തുറന്നുപ്രവർത്തിക്കുമെങ്കിലും ഓർഡർ, ഡെലിവറി സേവനങ്ങൾ മാത്രമാണ് ഉണ്ടാവുക. രാജ്യത്ത് ഭക്ഷ്യ സാധനങ്ങൾ ആവശ്യത്തിനുണ്ട്. ഭക്ഷണവും മരുന്നും ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. അഞ്ചു പേരിൽ കൂടുതൽ ഒരുമിച്ചുകൂടുന്നതിന് വിലക്കേർപ്പെടുത്താനും തീരുമാനിച്ചു. പബ്ലിക് സെക്യൂരിറ്റി ചീഫ് ലഫ്. ജനറൽ താരിഖ് അൽ ഹസനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്കായി ക്ഷണിച്ച വളൻറിയർമാരുടെ ആദ്യ സംഘത്തെ അണുനശീകരണ പ്രവർത്തനങ്ങൾക്ക് നിയോഗിച്ചിട്ടുണ്ട്. 10,000 പേരാണ് ആദ്യ സംഘത്തിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.
കൂടിച്ചേരലുകൾ ഒഴിവാക്കാൻ കമ്യൂണിറ്റി പൊലീസ് വിവിധ ഭാഷകളിൽ ബോധവത്കരണവുമായി രംഗത്തുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആളുകൾ പരമാവധി വീട്ടിൽതന്നെ കഴിയണമെന്ന് ആരോഗ്യമന്ത്രി ഫാഇഖ ബിൻത് സഈദ് അസ്സാലിഹ് അസ്സാലിഹ് പറഞ്ഞു. അത്യാവശ്യ കാര്യത്തിനു മാത്രമേ പുറത്തിറങ്ങാൻ പാടുള്ളൂ. രോഗവ്യാപനം തടയുന്നതിന് സർക്കാർ എല്ലാ മുൻകരുതലുകളും എടുത്തിട്ടുണ്ട്. സർക്കാർ നിർദേശങ്ങൾ പാലിക്കാൻ ജനങ്ങൾ തയാറാകണം. ചികിത്സയിലുള്ള എല്ലാവർക്കും സൗജന്യമായാണ് ചികിത്സ നൽകുന്നത്. മാനദണ്ഡങ്ങൾക്കനുസരിച്ച് സ്വകാര്യ മേഖലയെയും ചികിത്സയിൽ പെങ്കടുപ്പിക്കുമെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.