പ്രവാസികളുടെ നേതൃത്വത്തില്‍  കൈപ്പമംഗലത്ത് ഡയറി ഫാം തുടങ്ങുന്നു 

മനാമ:‘പ്രവാസിക്കൊരു  കൈത്താങ്ങ്’ എന്ന ആശയവുമായി പ്രവര്‍ത്തിക്കുന്ന വാട്സ്ആപ്പ്  കൂട്ടായ്മയുടെ നേതൃത്വത്തിലുള്ള വ്യവസായ സംരംഭം തൃശൂര്‍ കൈപ്പമംഗലത്ത് തുടങ്ങുമെന്ന് സംരംഭകര്‍വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേരളത്തിന്‍െറ വിവിധ ഭാഗങ്ങളിലുള്ള പ്രവാസികളില്‍ നിന്നുള്ള ഓഹരി മൂലധനമായി സമാഹരിച്ചാണ് ഇവിടെ അത്യാധുനിക ഡയറി ഫാം ആരംഭിക്കുന്നത്.

കലര്‍പ്പില്ലാത്ത പാലും  പാലുല്‍പ്പന്നങ്ങളും വിപണിയില്‍  എത്തിക്കുക  എന്ന ലക്ഷ്യത്തോടെ ഇവര്‍ ‘കാപ്കോള്‍’ എന്ന പേരില്‍ ഡയറിഫാം പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി രൂപവത്കരിച്ചിട്ടുണ്ട്. ഇതിനായി എല്ലാ  ഗള്‍ഫ് രാജ്യത്തുമുള്ള പ്രതിനിധികളെ ഉള്‍പ്പെടുത്തി എക്സിക്യൂട്ടിവ്  കമ്മിറ്റിയും പ്രവര്‍ത്തിക്കുന്നുണ്ട്. കൈപ്പമംഗലം ചളിങ്ങാട്  പ്രദേശത്താണ് പദ്ധതി  വരുന്നത്. അത്യുല്‍പാദന ശേഷിയുള്ള 200 പശുക്കളെ വളര്‍ത്താന്‍ ഇവിടെ സൗകര്യമുണ്ട്. പാല്‍ സംസ്കരണത്തിനായി ചൈനീസ് സാങ്കേതിക വിദ്യയാണ് ഉപയോഗപ്പെടുത്തുന്നത്. നിലവില്‍ അഞ്ച് ഏക്കര്‍ ഭൂമിയില്‍ ഇതിന്‍െറ ഒരുക്കങ്ങള്‍ നടക്കുന്നുണ്ട്. ഇത് പിന്നീട് വികസിപ്പിക്കും. പദ്ധതിയുടെ തറക്കല്ലിടല്‍ മാര്‍ച്ച് നാലിന് കൃഷിമന്ത്രി വി.എസ്.സുനില്‍ കുമാര്‍ നിര്‍വഹിക്കും. 

അഞ്ചു കോടി രൂപ നിക്ഷേപത്തിലാണ് പദ്ധതി ആരംഭിക്കുന്നത്. ഇതിനായി നിക്ഷേപകരില്‍ നിന്ന് 1000 ഷെയറുകള്‍ സ്വീകരിക്കും. വാര്‍ത്താസമ്മേളനത്തില്‍  കെ.സെയ്ഫുദ്ദീന്‍, ഗഫൂര്‍ കൈപ്പമംഗലം, തേവലക്കര ബാദുഷ,  ഇബ്രാഹിം കുട്ടി, ടി.എസ്.നൗഷാദ്, വിപിന്‍ ആന്‍ഡ്രൂസ് തോമസ്, കെ.ബി.ഷാജഹാന്‍,  ബഷീര്‍ കാട്ടൂര്‍, എടക്കുന്നി സഞ്ജയ്,  മുകേഷ് മുകുന്ദന്‍ എന്നിവര്‍ സംബന്ധിച്ചു.

News Summary - pravasi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.