ബഹ്റൈൻ പ്രതിഭ മുഹറഖ് മേഖല വോളി ഫെസ്റ്റ് സംഘാടകർ വാർത്തസമ്മേളനത്തിൽ
മനാമ: ബഹ്റൈൻ പ്രതിഭ മുഹറഖ് മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന വോളിബാൾ മത്സരത്തിന്റെ നാലാം സീസൺ ജൂൺ 12, 13 തീയതികളിൽ സിഞ്ചിലെ അൽ അഹ്ലി ക്ലബ് ഇൻഡോർ സ്റ്റേഡിയത്തിൽ നടത്തുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ബഹ്റൈനിലുള്ള വിവിധ രാജ്യങ്ങളിലെ പ്രവാസികൾ നയിക്കുന്ന പന്ത്രണ്ടു ടീമുകളാണ് വോളി ഫെസ്റ്റ് നാലാം സീസണിൽ പങ്കെടുക്കുന്നത്. കൂടാതെ ഫിലിപ്പീൻ വനിതകൾ പങ്കെടുക്കുന്ന രണ്ടു ടീമുകളുടെ സൗഹൃദ മത്സരവും ഉണ്ടായിരിക്കുന്നതാണെന്ന് സംഘാടകർ അറിയിച്ചു. വ്യാഴാഴ്ച വൈകീട്ട് ഏഴ് മണിക്കും വെള്ളിയാഴ്ച വൈകീട്ട് മൂന്ന് മണിക്കും മത്സരങ്ങൾ ആരംഭിക്കും.അതുപോലെ പ്രതിഭയുടെ നാല് മേഖലകളിലും നടന്നുവരുന്ന മേഖല പരിപാടികളുടെ ഭാഗമായി മുഹറഖ് മേഖലയിലെ ആറ് യൂനിറ്റുകളിൽനിന്നുള്ള അംഗങ്ങളെയും കുടുംബാംഗങ്ങളെയും പങ്കെടുപ്പിച്ച് വിവിധ കലാ, സാഹിത്യ മത്സരങ്ങളാണ് ഉത്സവ് 2025 എന്ന പേരിൽ കഴിഞ്ഞ നാല് മാസക്കാലയളവിൽ സംഘടിപ്പിക്കപ്പെട്ടത്.
മേഖലയിലെ അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും സർഗാത്മക കഴിവുകളെ പരിപോഷിക്കുവാനും പ്രോത്സാഹിപ്പിക്കുവാനും ഉത്സവ് 2025 എന്ന പരിപാടിയിലൂടെ സാധിച്ചിട്ടുണ്ടെന്നാണ് കരുതുന്നതെന്നും സംഘാടകർ അറിയിച്ചു. ഉത്സവ് 2025ന്റെ ഗ്രാൻഡ് ഫിനാലെ ജൂൺ 20 വെള്ളിയാഴ്ച വൈകുന്നേരം 4 മണിമുതൽ ഇന്ത്യൻ ക്ലബ് ഓഡിറ്റോറിയത്തിൽ നടത്തുമെന്നും സംഘാടകർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. പ്രശസ്ത സിനിമ പിന്നണി ഗായകനും നാടൻ പാട്ട് കലാകാരനുമായ അതുൽ നറുകര നയിക്കുന്ന സംഗീതനിശയും മറ്റു കലാപരിപാടികളും ഫിനാലെയുടെ ഭാഗമായി അവതരിപ്പിക്കും.
ജൂൺ 12,13 തീയതികളിൽ നടക്കുന്ന വോളിബാൾ മത്സരത്തിലേക്കും ജൂൺ 20 നു നടക്കുന്ന ഗ്രാൻഡ്ഫിനാലെയിലേക്കും മുഴുവൻ കായിക, കലാപ്രേമികളെയും ക്ഷണിക്കുന്നതായും പ്രവേശനം തീർത്തും സൗജന്യമായിരിക്കുമെന്നും ഭാരവാഹികൾ വാർത്തസമ്മേളനത്തിലൂടെ അറിയിച്ചു. വാർത്തസമ്മേളനത്തിൽ സംഘാടക സമിതി ചെയർപേഴ്സൺ എ.വി. അശോകൻ, മേഖല സെക്രട്ടറി ബിനു കരുണാകരൻ, മേഖല പ്രസിഡന്റ് സജീവൻ മാക്കണ്ടി, പരിപാടികളുടെ കൺവീനർമാരായ സുലേഷ് വി.കെ, സന്തു പടന്നപ്പുറം, മേഖല ജോ. സെക്രട്ടറി അനിൽ സി.കെ, ട്രഷറർ അനിൽ കെ.പി എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.