തൃശൂർ സംസ്കാര ഭാരവാഹികൾ പൂരാഘോഷം സംബന്ധിച്ച് വാർത്തസമ്മേളനത്തിൽ
സംസാരിക്കുന്നു
മനാമ: തൃശൂർ സംസ്കാര, കോൺവെക്സ് ഈവന്റസുമായി സഹകരിച്ച് ബഹ്റൈനിൽ പൂരാഘോഷം സംഘടിപ്പിക്കുന്നു. ഏപ്രിൽ 22ന് ഇസാ ടൗൺ ഇന്ത്യൻ സ്കൂളിൽ വൈകീട്ട് നാലു മുതൽ രാത്രി പത്തു വരെയാണ് പരിപാടി. പ്രവേശനം സൗജന്യമാണ്. പൂരാഘോഷത്തിൽ മേള കുലപതി കുട്ടൻ മാരാർ മേളപ്രമാണിത്തം വഹിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. മേളകലാരത്നം സന്തോഷ് കൈലാസും ബഹ്റൈൻ സോപാനം വാദ്യകലാ സംഘത്തിലെ കലാകാരന്മാരും മേളത്തിന്റെ ഭാഗമാകും.
സംസ്കാരയുടെ അംഗങ്ങൾ ഒരുക്കുന്ന തെയ്യം കലാരൂപങ്ങൾ, ശിങ്കാരിമേളം, കാവടിയാട്ടം തുടങ്ങിയവയും നടക്കും. തൃശൂർ പൂരത്തിന്റെ പ്രധാന ചടങ്ങുകളായ മഠത്തിൽ വരവ്, പഞ്ചവാദ്യം, പാണ്ടിമേളം, ഇരുനൂറിനു മുകളിൽ കുടകൾ അണിനിരത്തിയുള്ള കുടമാറ്റം തുടങ്ങിയ പരിപാടികൾക്കൊപ്പം ഡിജിറ്റൽ വെടിക്കെട്ടും ഉണ്ടാകും. യഥാർഥ ആനകളെ വെല്ലുന്ന 10 കരിവീരന്മാരെയും അണിനിരത്തും.
വാർത്തസമ്മേളനത്തിൽ ഫൗണ്ടർ കമ്മിറ്റി കൺവീനർ ഗോപകുമാർ, എം.ആർ. സുഗതൻ, എക്സിക്യൂട്ടിവ് സെക്രട്ടറി ഉണ്ണികൃഷ്ണൻ, പൂരം കൺവീനർ ജോഷി ഗുരുവായൂർ, അജിത് നായർ എന്നിവർ സംസാരിച്ചു. എക്സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് നാരായണൻകുട്ടി നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.