ജുഫൈറിലും അദ്ലിയയിലും രാത്രികാല പട്രോളിങ് ശക്തമാക്കണമെന്ന് പാർലമെന്റിൽ നിർദേശം
മനാമ: ജുഫൈർ, അദ്ലിയ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിങ്ങും പരിശോധനകളും ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് പാർലമെന്റിൽ അടിയന്തര നിർദേശം സമർപ്പിച്ചു. മദ്യപിച്ചുള്ള ബഹളങ്ങളും താമസമേഖലകളിലെ ശല്യങ്ങളും വർധിച്ചെന്ന നിവാസികളുടെ പരാതികളെ തുടർന്നാണ് എം.പി ഡോ. ഹസൻ ബുഖമ്മാസ് പ്രമേയം അവതരിപ്പിച്ചത്.
ആരാധനാലയങ്ങൾക്കും പ്രദേശത്തെ താമസ കെട്ടിടങ്ങൾക്കും സമീപമുള്ള ക്ലബ്ബുകൾ, ടൂറിസ്റ്റ് റസ്റ്റാറന്റുകൾ, ഹോട്ടൽ അപ്പാർട്ട്മെന്റുകൾ, ഫർണിഷ്ഡ് ഫ്ലാറ്റുകൾ എന്നിവ കേന്ദ്രീകരിച്ച് ആഭ്യന്തര മന്ത്രാലയവും ടൂറിസം മന്ത്രാലയവും സംയുക്ത പരിശോധന നടത്തണമെന്ന് നിർദേശത്തിൽ ആവശ്യപ്പെടുന്നു.
രാത്രികാലങ്ങളിൽ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ എത്തുന്ന ചിലരുടെ അനിയന്ത്രിതമായ പെരുമാറ്റവും ശബ്ദകോലാഹലങ്ങളും പൊതുസ്ഥലങ്ങളിലെ അനാചാരങ്ങളും പ്രദേശവാസികൾക്ക് വൻ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. ഇത്തരം സംഭവങ്ങൾ , താമസക്കാരുടെ സ്വകാര്യതയെയും സമാധാന അന്തരീക്ഷത്തെയും ബാധിക്കുന്നതായി പ്രമേയത്തിൽ ചൂണ്ടിക്കാട്ടുന്നു.
പതിവ് പരിശോധനകൾ മാത്രം പോരെന്നും കുടുംബങ്ങൾ താമസിക്കുന്ന സ്ഥലങ്ങൾക്ക് സമീപമുള്ള കേന്ദ്രങ്ങളിൽ വൈകുന്നേരങ്ങളിലും രാത്രിയിലും കൂടുതൽ ശക്തമായ പരിശോധനകൾ ആവശ്യമാണെന്നും ഡോ. ഹസൻ ബുഖമ്മാസ് പറഞ്ഞു. പ്രദേശവാസികൾക്ക് സമാധാനത്തോടെ ജീവിക്കാനുള്ള അന്തരീക്ഷം ഉറപ്പാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനും കുറ്റക്കാർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുന്നതിനുമായി പോലീസ് ഉദ്യോഗസ്ഥരെയും ടൂറിസം ഇൻസ്പെക്ടർമാരെയും കൂടുതൽ രാത്രികാല പരിശോധനകൾക്ക് നിയോഗിക്കണമെന്നാണ് പ്രമേയത്തിലെ പ്രധാന ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.