കൊച്ചി ഡയലോഗിൽ ബഹ്റൈൻ പങ്കെടുക്കും; ഇന്ത്യ-ജി.സി.സി സഹകരണം ശക്തമാക്കുക ലക്ഷ്യം
മനാമ: ഇന്ത്യയും ജി.സി.സി രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തവും ഉഭയകക്ഷി ബന്ധവും കൂടുതൽ ശക്തമാക്കുന്നത് ലക്ഷ്യമിട്ട് രണ്ടാമത് ‘കൊച്ചി ഡയലോഗ്’ നവംബർ 18 മുതൽ 20 വരെ കൊച്ചിയിൽ നടക്കും. ബഹ്‌റൈൻ ഉൾപ്പെടെയുള്ള ജി.സി.സി രാജ്യങ്ങളിൽ നിന്നുള്ള നയതന്ത്രജ്ഞരും നയരൂപീകരണ വിദഗ്ധരും വ്യവസായ പ്രമുഖരും ഇന്ത്യയിലെ പ്രമുഖർക്കൊപ്പം ഉച്ചകോടിയിൽ പങ്കെടുക്കും.
ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ കൊച്ചിയിലെ സെന്റർ ഫോർ പബ്ലിക് പോളിസി റിസർച്ച് ആണ് രണ്ട് ദിവസം നീളുന്ന ഈ ഫോറം സംഘടിപ്പിക്കുന്നത്. നിക്ഷേപം, ഊർജ്ജം, വ്യാപാരം, സുരക്ഷ, കണക്റ്റിവിറ്റി, നവീകരണം തുടങ്ങിയ വിവിധ മേഖലകളിൽ ഇന്ത്യയും ജി.സി.സിയും തമ്മിലുള്ള സഹകരണത്തിന്റെ പുതിയ സാധ്യതകൾ സമ്മേളനം ചർച്ച ചെയ്യും.
‘ടുവേർഡ്സ് ആൻ ഇന്നൊവേറ്റീവ് ആൻഡ് ഇന്റഗ്രേറ്റഡ് ഇന്ത്യ-ജി.സി.സി പാർട്ണർഷിപ്പ്: റെസിലിയൻസ്, റീഇൻവെൻഷൻ, റെഡിഫിനിഷൻ’ എന്നതാണ് ഇത്തവണത്തെ ഉച്ചകോടിയുടെ പ്രധാന പ്രമേയം. ബഹ്‌റൈൻ, സൗദി അറേബ്യ, കുവൈത്ത്, ഒമാൻ, യു.എ.ഇ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഉയർന്ന ഉദ്യോഗസ്ഥർ ഡയലോഗിന്റെ ഭാഗമാകും.
കേന്ദ്ര വിദേശകാര്യ, പരിസ്ഥിതി സഹമന്ത്രി കീർത്തി വർദ്ധൻ സിംഗ്, ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രാലയം സെക്രട്ടറി എസ്. കൃഷ്ണൻ, ഇന്ത്യയിലെ ബഹ്‌റൈൻ സ്ഥാനപതി അബ്ദുൽറഹ്മാൻ മുഹമ്മദ് അഹമ്മദ് അൽ ഗൗദ് തുടങ്ങിയ പ്രമുഖർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും.
സമ്മേളനത്തിൽ ആകെ അഞ്ച് പ്രധാന ചർച്ചാ സെഷനുകളും ഒരു ഫയർസൈഡ് ചാറ്റും ഉൾപ്പെടുത്തിയിട്ടുണ്ട്. ‘ഇന്ത്യയുടെ ലുക്ക് വെസ്റ്റ് പോളിസി പ്രാബല്യത്തിൽ: ജനങ്ങൾ, സമൃദ്ധി, പുരോഗതി’ എന്ന പ്രമേയത്തിലായിരുന്നു കഴിഞ്ഞ വർഷം ആദ്യ കൊച്ചി ഡയലോഗ് നടന്നിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.