ആദ്യ പവർ ട്രാൻസ്‌ഫോർമർ നിർമാണ കേന്ദ്രം ഹിദ്ദിൽ അമീരി ഇൻഡസ്ട്രീസ് ‘ആംഫോം’ പദ്ധതി പ്രഖ്യാപിച്ചു

മനാമ: രാജ്യത്തെ വ്യവസായിക നിർമ്മാണ ശേഷി വർധിപ്പിക്കുന്നതിന്റെ ഭാഗമായി ബഹ്‌റൈനിലെ ആദ്യ പവർ ട്രാൻസ്‌ഫോർമർ നിർമ്മാണ കേന്ദ്രം വരുന്നു. പ്രമുഖ പ്രാദേശിക കമ്പനിയായ അമീരി ഇൻഡസ്ട്രീസിന്റെ പുതിയ പദ്ധതിയായ ‘ആംഫോം’ മനാമയിൽ നടന്ന ‘ഗേറ്റ്‌വേ ഗൾഫ് 2026’ നിക്ഷേപ സംഗമത്തിലാണ് പ്രഖ്യാപിച്ചത്.

ഹിദ്ദിൽ 23,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് നിർദ്ദിഷ്ട ഫാക്ടറി ഒരുങ്ങുന്നത്. മീഡിയം വോൾട്ടേജ് ഇലക്ട്രിസിറ്റി ഡിസ്ട്രിബ്യൂഷൻ ട്രാൻസ്‌ഫോർമറുകളുടെ നിർമ്മാണത്തിലാണ് ഈ കേന്ദ്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ബഹ്‌റൈനിലെ ആഭ്യന്തര വൈദ്യുത വിതരണ ആവശ്യങ്ങൾ നിറവേറ്റുന്നതോടൊപ്പം ജി.സി.സി രാജ്യങ്ങളിലേക്ക് ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യാനുള്ള അവസരങ്ങൾ തുറക്കുകയുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. വിതരണ ശൃംഖലകളിൽ ഉപഭോക്താക്കൾക്ക് സുരക്ഷിതമായി വൈദ്യുതി എത്തിക്കുന്നതിന് വോൾട്ടേജ് ക്രമീകരിക്കുന്നതിൽ മീഡിയം വോൾട്ടേജ് ട്രാൻസ്‌ഫോർമറുകൾ നിർണായക പങ്ക് വഹിക്കുന്നു. തദ്ദേശീയമായി നിർമ്മാണം ആരംഭിക്കുന്നതോടെ ട്രാൻസ്‌ഫോർമറുകൾക്കായി വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത് ഒരു പരിധി വരെ കുറയ്ക്കാനും രാജ്യത്ത് ഈ മേഖലയിൽ പ്രത്യേക വൈദഗ്ധ്യമുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സാധിക്കും.

1952-ൽ അമീരി സ്റ്റോഴ്സിലൂടെ പ്രവർത്തനം തുടങ്ങിയ അമീരി ഗ്രൂപ്പ് ഇലക്ട്രിക്കൽ ഉപകരണങ്ങൾ, ലൈറ്റിംഗ് സൊല്യൂഷനുകൾ, റോഡ് സുരക്ഷാ ഉപകരണങ്ങൾ തുടങ്ങിയ മേഖലകളിൽ പ്രമുഖരാണ്. അമീടെക്, അമീലൈറ്റ്, ആംഗാർഡ് തുടങ്ങിയ ബ്രാൻഡുകൾ ഇവർക്ക് കീഴിലുണ്ട്. അന്താരാഷ്ട്ര സഹകരണത്തിന്റെ ഭാഗമായി നിർദ്ദിഷ്ട പവർ ട്രാൻസ്‌ഫോർമർ ഫാക്ടറിക്കായി മുൻനിര ടർക്കിഷ് നിർമ്മാതാക്കളുമായി സഹകരിക്കുന്നതിനെക്കുറിച്ചും കമ്പനി ചർച്ചകൾ നടത്തിവരുന്നുണ്ട്.

ബഹ്‌റൈൻ ഇക്കണോമിക് ഡെവലപ്‌മെന്റ് ബോർഡ് സംഘടിപ്പിച്ച ഗേറ്റ്‌വേ ഗൾഫ് 2026-ലെ പ്രധാന വ്യവസായ പ്രഖ്യാപനങ്ങളിലൊന്നായ ഈ പദ്ധതി, നിർമ്മാണ മേഖല ശക്തിപ്പെടുത്തുന്നതിലും പ്രാദേശിക വ്യവസായ വിതരണ ശൃംഖലയിൽ രാജ്യത്തിന്റെ സ്ഥാനം ഉറപ്പിക്കുന്നതിലും സുപ്രധാന ചുവടുവെപ്പാണ്.

Tags:    
News Summary - Bahrain First Power Transformer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.