മനാമ: ഗൾഫ് എയറിനെ സ്വകാര്യവത്കരിക്കാനുള്ള നിർദേശം നിരസിച്ച് പാർലമെന്‍റ്. ബഹ്റൈൻ മുംതലകാത്ത് ഹോൾഡിങ് കമ്പനി 51 ശതമാനം കൈവശം വെച്ച് ബാക്കി ഓഹരി സ്വകാര്യവത്കരിക്കുന്നതിലെ സാധ്യതകളെ പരിശോധിക്കണമെന്ന നിർദേശമായിരുന്നു സ്ട്രാറ്റജിക് തിങ്കിങ് ബ്ലോക്ക് വക്താവ് ഖാലിദ് ബു ഓങ്ക് മുന്നോട്ടു വെച്ചിരുന്നത്. എന്നാൽ നിർദേശം ഭൂരിഭാഗം എം.പിമാരും നിരസിക്കുകയായിരുന്നു. സർക്കാറിന്‍റെ പൊതു ഖജനാവിന് എയർലൈൻ വരുത്തുന്ന സാമ്പത്തിക ബാധ്യത ലഘൂകരിക്കുക എന്നതാണ് നിർദേശത്തിന് പ്രധാന കാരണമെന്ന് ബു ഓങ്ക് പറഞ്ഞു.
ഗൾഫ് എയറിനായുള്ള സബ്സിഡി കുറക്കുന്നതിലൂടെ സർക്കാറിന് മറ്റു പലകാര്യങ്ങൾക്കും ഫണ്ട് കാര്യക്ഷമമായി വിനിയോഗിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗൾഫ് എയറിന്‍റെ നിലവിലെ സ്ഥിതിഗതികൾക്ക് മാറ്റം വരുത്താനും കൂടുതൽ മെച്ചത്തിലാക്കാനും പ്രകടമായ മാറ്റങ്ങൾ നിർണായകമാണ്. സ്വകാര്യ നിക്ഷേപകരെ അനുവദിക്കുന്നതിലൂടെ മെച്ചപ്പെട്ട പ്രകനത്തിലേക്കും മികച്ച ലാഭത്തിലേക്കും സ്ഥാപനത്തെ എത്തിക്കാൻ കഴിയുമെന്നും ബു ഓങ്ക് പറഞ്ഞു.
എന്നാൽ, എയർലൈനിനുള്ള സർക്കാറിന്‍റെ സാമ്പത്തിക സഹായം കുറക്കുന്നതിനും കമ്പനിയെ ലാഭത്തിലാക്കാനും മാനേജ്മെന്‍റിനെയും ഭരണത്തെയും പുനക്രമീകരിക്കുകയാണ് ലക്ഷ്യമെന്ന് മുതിർന്ന എം.പിമാരിലൊരാൾ അഭിപ്രായപ്പെട്ടു. ഓഹരി വിൽക്കുന്നതിലൂടെ അല്ല, മറ്റ് സമഗ്രമായ പദ്ധതിയിലൂടെയോ സമീപനങ്ങളിലൂടെയോ നഷ്ടം കുറക്കുന്നതിലാണ് ശ്രദ്ധകേന്ദ്രീകരിക്കേണ്ടതെന്ന് ഖദുമി ബ്ലോക്ക് അംഗം ഡോ. മഹ്ദി അൽ ശുവൈഖ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.