കോസ്‌വേക്ക് ബദലായി പുതിയ കടൽ പാതക്ക് പാർലമെന്‍റ് അംഗീകാരം

മനാമ: ബഹ്‌റൈനും സൗദി അറേബ്യയും തമ്മിലുള്ള യാത്ര സുരക്ഷ ഉറപ്പാക്കുന്നതിനായി അടിയന്തരമായ ഒരു കടൽ പാത ഒരുക്കുന്നതിനുള്ള നിർദ്ദേശത്തിന് ബഹ്‌റൈൻ പാർലമെന്‍റ് അംഗീകാരം നൽകി. കോസ്‌വേയിലോ വിമാനമാർഗ്ഗത്തിലോ തിരക്കോ മറ്റ് തടസ്സങ്ങളോ അനുഭവപ്പെടുന്ന സാഹചര്യങ്ങളിൽ പൗരമാർക്കും താമസക്കാർക്കും ആശ്രയിക്കാവുന്ന സുരക്ഷിതമായ ഒരു ബദൽ സംവിധാനമായാണ് ഇത് വിഭാവനം ചെയ്തിരിക്കുന്നത്.

ബഹ്‌റൈൻ പാർലമെന്‍റ് സ്പീക്കർ അഹമ്മദ് സൽമാൻ അൽ മുസല്ലം ആണ് ഈ വിവരം അറിയിച്ചത്. ഇരുരാജ്യങ്ങളും തമ്മിൽ സ്ഥിരമായി യാത്രക്കാരെ കൊണ്ടുപോകുന്നതിനായി പാസഞ്ചർ ഫെറി സർവീസ് ആരംഭിക്കുന്നതിനായുള്ള ഏകോപനം സൗദി അധികൃതരുമായി നടത്തും. കോസ്‌വേയിൽ തിരക്കോ സുരക്ഷ പ്രശ്നങ്ങളോ ഉണ്ടായാൽ യാത്രക്കാർക്ക് ഈ കടൽ പാത വഴി യാത്ര തുടരാം.

സൗദിയിലെ കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളം ഉൾപ്പെടെയുള്ള പ്രധാന കേന്ദ്രങ്ങളിലേക്ക് ഈ കടൽ പാത വഴി കൂടുതൽ ഫ്ലെക്സിബിൾ ആയി എത്തിച്ചേരാൻ സാധിക്കും. ഈ സർവിസ് നിലവിൽ വരുന്നതോടെ തിരക്കേറിയ സമയങ്ങളിൽ കോസ്‌വേയിലെ സമ്മർദ്ദം കുറയ്ക്കാൻ സാധിക്കും. കൂടാതെ സമുദ്ര ഗതാഗതം, ടൂറിസം, നിക്ഷേപം എന്നീ മേഖലകൾക്ക് ഇത് വലിയ ഉത്തേജനം നൽകുമെന്ന് എം.പിമാർ ചൂണ്ടിക്കാട്ടി.

ഏത് സാഹചര്യത്തിലും ജനങ്ങളുടെ യാത്ര സൗകര്യം തടസ്സപ്പെടാതിരിക്കാൻ വിശ്വസനീയമായ ഒരു ബദൽ മാർഗ്ഗം രാജ്യത്തിന് ഉണ്ടെന്ന് ഈ പദ്ധതി ഉറപ്പാക്കുമെന്ന് സ്പീക്കർ അഹമ്മദ് സൽമാൻ അൽ മുസല്ലം വ്യക്തമാക്കി.

Tags:    
News Summary - Parliament approves new sea route as an alternative to the causeway

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.