മനാമ: ഫലസ്തീനോടും അവിടത്തെ ജനങ്ങളോടും ഐക്യദാർഢ്യം പ്രകടിപ്പിച്ച് ബഹ്റൈൻ കണ്ടംപററി ആർട്ട് അസോസിയേഷൻ 'ഫലസ്തീൻ-ഐഡൻറിറ്റി, കൾചർ, ആർട്ട്' എന്ന പേരിൽ രണ്ടാമത് ചിത്രകലാ പ്രദർശനം സംഘടിപ്പിക്കുന്നു. ഫലസ്തീൻ എംബസിയുമായി സഹകരിച്ചുള്ള ഈ പ്രദർശനം നവംബർ ഒമ്പതിന് അസോസിയേഷന്റെ മനാമയിലെ ആസ്ഥാനത്ത് നടക്കും.
ഫലസ്തീൻ അംബാസഡർ ആരിഫ് യൂസഫ് സാലിഹ് പരിപാടി ഉദ്ഘാടനം ചെയ്യും. വിവിധ രാജ്യങ്ങളിലെ അംബാസഡർമാർ ഉൾപ്പെടെയുള്ള അതിഥികൾ പങ്കെടുക്കും. ഫലസ്തീൻ ജനതയുടെ ദുരിതവും അതിജീവനശേഷിയും കലയിലൂടെ വരച്ചുകാട്ടാൻ വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള വിഷ്വൽ ആർട്ടിസ്റ്റുകൾ ഈ വേദിയിൽ ഒത്തുചേരും.
പ്രദർശനത്തിൽ വിൽക്കുന്ന കലാസൃഷ്ടികളുടെ വരുമാനത്തിന്റെ ഒരു ഭാഗം ഫലസ്തീൻ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യും. ബഹ്റൈനിൽ നിന്നും മറ്റ് അറബ് രാജ്യങ്ങളിൽ നിന്നുമുള്ള കലാകാരന്മാരുടെ സാംസ്കാരികവും കലാപരവുമായ വ്യക്തിത്വം ചിത്രങ്ങൾ പ്രതിഫലിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു. അസോസിയേഷന്റെ കലണ്ടർ അനുസരിച്ച് പ്രദർശനം ഒരാഴ്ചയോളം നീളും.
റഷ്യൻ പ്രവാസി കലാകാരി അലക്സാണ്ട്ര നോവിക് ഖാമിസ് ഉൾപ്പെടെയുള്ളവർ പ്രദർശനത്തിൽ പങ്കെടുക്കുന്നുണ്ട്. നോവിക്-ഖാമിസിന്റെ മൂന്ന് സൃഷ്ടികൾ പ്രദർശനത്തിനുണ്ടാകും. കഴിഞ്ഞ വർഷത്തെ പ്രദർശനത്തിൽ 30ൽ അധികം കലാകാരന്മാർ പലസ്തീൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽനിന്ന് പങ്കെടുക്കുകയും 45ഓളം കലാസൃഷ്ടികൾ പ്രദർശിപ്പിക്കുകയും ചെയ്തിരുന്നു.
പ്രദർശനത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ള 18 വയസ്സിന് മുകളിലുള്ള കലാകാരന്മാർ നവംബർ ഒന്നിന് മുമ്പ് ഇൻസ്റ്റാഗ്രാം ലിങ്കായ @contemporaryartbh വഴി രജിസ്റ്റർ ചെയ്യേണ്ടതാണ്. സമർപ്പിക്കപ്പെടുന്ന സൃഷ്ടികൾ ഒരു പ്രത്യേക കമ്മിറ്റി അവലോകനം ചെയ്യുകയും ക്യൂറേറ്റ് ചെയ്യുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.