നൂറുല്‍ ഉലമ അനുസ്മരണ പരിപാടിയിൽനിന്ന്
മനാമ: സമസ്ത പ്രസിഡന്റും കാസർകോട് സഅദിയ വിദ്യാഭ്യാസ സമുച്ചയങ്ങളുടെ സ്ഥാപകനും ചിന്തകനും എഴുത്തുകാരനുമായിരുന്ന നൂറുല്‍ ഉലമ എം.എ. ഉസ്താദിനെ ഐ.സി.എഫ് നാഷനല്‍ കമ്മിറ്റി അനുസ്മരിച്ചു.
മദ്റസ എന്ന ആശയവും വ്യവസ്ഥാപിത മതവിദ്യാഭ്യാസ സംവിധാനവും കൊണ്ടുവരുന്നതില്‍ എം.എ. അബ്ദുല്‍ ഖാദിര്‍ മുസ് ലിയാര്‍ വലിയ പങ്കുവഹിച്ചു. മത ഭൗതിക സമന്വയ വിദ്യാഭ്യാസത്തിന്റെ അനിവാര്യത മനസ്സിലാക്കുകയും നേതൃപാടവമുള്ള പണ്ഡിതരെ വാര്‍ത്തെടുക്കുകയും അതുവഴി ആത്മീയവും ഭൗതികവുമായ വിദ്യാഭ്യാസ മുന്നേറ്റം സാധ്യമാക്കുകയും ചെയ്ത പണ്ഡിതനാണ് എം.എ. ഉസ്താദ്.
ആദര്‍ശം, ആത്മീയത, അധ്യാപനം, സംഘാടനം, എഴുത്ത്, വിദ്യാഭ്യാസം എന്നീ മേഖലകളിലെല്ലാം ബഹുമുഖ പ്രതിഭയായിരുന്നു നൂറുല്‍ ഉലമയെന്ന് നേതാക്കള്‍ അനുസ്മരിച്ചു. നാഷനല്‍ പ്രസിഡന്റ് കെ.സി. സൈനുദ്ദീന്‍ സഖാഫിയുടെ അധ്യക്ഷതയില്‍ ഐ.സി.എഫ് മനാമ ഓഡിറ്റോറിയത്തില്‍ നടന്ന സംഗമം കേരള മുസ് ലിം ജമാഅത്ത് എറണാകുളം ജില്ല പ്രസിഡന്റ് വി.എച്ച് അലി ദാരിമി ഉദ്ഘാടനം ചെയ്തു.
എസ്.വൈ.എസ് സംസ്ഥാന ഉപാധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് തുറാബ് തങ്ങള്‍ മുഖ്യ പ്രഭാഷണം നടത്തി. കെ.എസ്. ഷാജഹാന് സഖാഫി (പ്രസിഡന്റ് എസ്.വൈ.എസ് എറണാകുളം), ഹാഫിള് സുഫ് യാന്‍ സഖാഫി (പ്രസിഡന്റ് എസ്.എസ്.എഫ് കര്‍ണാടക), അഫ്സല് മാസ്റ്റര്‍ കൊളാരി (ജന. സെക്രട്ടറി കേരള മുസ് ലിം ജമാഅത്ത് കോഴിക്കോട് ജില്ല), സുബൈര്‍ സഖാഫി (ഐ.സി.എഫ്.ഐ.സി. വൈസ് പ്രസിഡന്റ്) എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.
ഐ.സി.എഫ് നാഷനല്‍ ഭാരവാഹികള്‍ നേതാക്കളെ ഷാള്‍ അണിയിച്ച് ആദരിച്ചു. അബൂബക്കർ ലത്വീഫി പ്രാർഥന നിർവഹിച്ചു. ശമീര്‍ പന്നൂര് സ്വാഗതവും ശംസു പൂകയില്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.