മനാമ: സർക്കാർ സേവനങ്ങൾ കൂടുതൽ സുതാര്യമാക്കാൻ ബഹ്റൈൻ സർക്കാർ പുറത്തിറക്കിയ ‘മൈ ഗവ്’ ആപ്പുമായി രാജ്യത്തെ ഒമ്പത് സർക്കാർ ആപ്ലിക്കേഷനുകൾ യോജിക്കുന്നു. ലയനം ഒരു വർഷത്തിനുള്ളിൽ പൂർത്തിയാകും. നിലവിലുള്ള സർക്കാർ ആപ്പുകളെ മൂന്ന് പ്രധാന ആപ്പുകളുമായി സംയോജിപ്പിക്കുന്നതിലാണ് പദ്ധതി ശ്രദ്ധകേന്ദ്രീകരിക്കുന്നതെന്ന് ഇൻഫർമേഷൻ ആൻഡ് ഇ- ഗവൺമെന്റ് അതോറിറ്റി (ഐ.ജി.എ) ചീഫ് എക്സിക്യൂട്ടിവ് മുഹമ്മദ് അൽ ഖാഇദ് പറഞ്ഞു.
ഇ.കീ 2.0 പോലുള്ള ചില ആപ്പുകൾ നിലനിർത്തിക്കൊണ്ട് തന്നെ വ്യക്തികൾക്ക് ‘മൈ ഗവ്’, ബിസിനസുകൾക്ക് ‘അൽ താജിർ’, സന്ദർശകർക്ക് ‘ബഹ്റൈൻ ആപ്’ എന്നിങ്ങന മൂന്ന് പ്രധാന ആപ്പുകളുമായി സേവനങ്ങളെ സംയോജിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. 2025ന്റെ ആദ്യ പാദത്തിൽ മൈ ഗവ് ആപ് വികസിപ്പിക്കുന്നതിന്റെ ആദ്യ ഘട്ടം നടപ്പാക്കിയതായി അദ്ദേഹം പറഞ്ഞു. ആദ്യ ഘട്ടത്തിൽ ബി അവയർ, ബഹ്റൈൻ ആപ്, ബഹ്റൈൻ പോസ്റ്റ്, വൈദ്യുതി, ജല സേവനങ്ങൾ എന്നിവ മൈ ഗവിലേക്ക് ലയിപ്പിക്കുകയും ഈ ആപ്പുകൾ ഘട്ടം ഘട്ടമായി നിർത്തലാക്കുകയും ചെയ്തു.
രണ്ടാം ഘട്ടത്തിൽ ഇ-ട്രാഫിക്, ഇസ്ലാമിയത്ത് ആപ്പുകളിൽ നിന്നുള്ള സേവനങ്ങൾ സംയോജിപ്പിക്കും. തുടർന്ന് സെഹതി, വെജ്ഹതി, ഇ-ഷബാബ് ആപ്പുകൾ എന്നിവയും ഉൾപ്പെടുത്തും. കൂടാതെ, മൈ ഗവ് ആപ്പിലേക്ക് 19 പുതിയ ഇ-സേവനങ്ങൾ ചേർക്കും. ഗതാഗത ലംഘനങ്ങൾക്കും ക്രിമിനൽ ഉത്തരവുകൾക്കുമുള്ള ഏകീകൃത പേമെന്റ് ഫീച്ചർ അവതരിപ്പിക്കും. മൈ ഗവ് ആപ് ആരംഭിച്ച് രണ്ടാഴ്ചക്കുള്ളിൽ 100,000 ഡൗൺലോഡുകളാണ് ഇതുവരെ നടന്നത്.
ആപ് ഡൗൺലോഡ് ചെയ്യുന്നതിനായി bahrain.bh/apps എന്ന ലിങ്ക് സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക് 80008001 എന്ന നമ്പറിൽ സർക്കാർ സേവന കാൾ സെന്ററുമായി ബന്ധപ്പെടുക, അല്ലെങ്കിൽ തവാസുൽ വഴി നിർദേശങ്ങളും പരാതികളും ഫീഡ്ബാക്കായി അറിയിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.