ഏതൊരു വ്യക്തിയുടെയും സ്വഭാവ-ശീല രൂപവത്കരണത്തിൽ വായനക്ക് ചെറുതല്ലാത്ത പങ്കുവഹിക്കാനുണ്ട്. ആത്മപ്രകാശനത്തിന്റെയും സ്വയം ശുദ്ധീകരണത്തിന്റെയും ഏറ്റവും ഉദാത്തമായ മാധ്യമങ്ങളിൽ ഒന്നാണ് വായന. വളരെ പ്രത്യുൽപാദനപരമായൊരു ശീലം എന്ന നിലയിൽ ചെറിയ പ്രായത്തിൽ ചെറിയ ക്ലാസുകളിൽ നിന്നുതന്നെ കുട്ടികളിൽ വായനശീലം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് പ്രാഥമിക വിദ്യാലയങ്ങൾ മുതൽ സ്കൂൾ വായനശാലകൾക്ക് നമ്മുടെ സമൂഹം വലിയ പ്രാധാന്യം നൽകിപ്പോരുന്നത്. മുഴുവൻ അർഥത്തിൽ ആ ലക്ഷ്യങ്ങൾ നിറവേറ്റപ്പെടുന്നില്ലെങ്കിലും ഭാവിജീവിതത്തിൽ വായനയുടെ വെളിച്ചം പകർന്നുനൽകാൻ അത്തരം ശ്രമങ്ങൾ ഏറെ അനിവാര്യമായ ഒന്നാണ്.
പ്രാഥമിക വിദ്യാഭ്യാസം മാത്രം നേടിയിട്ടുള്ളവർക്ക് പോലും വായനയുടെ ഉൾക്കരുത്ത് പകരുന്നതിൽ സുപ്രധാന പങ്കുവഹിക്കുന്നത് ദിനപത്രങ്ങളാണ്. ഏത് പ്രായത്തിലുള്ളവർക്കും ഒരു ദൈനംദിന കർമം പോലെ വായന ജീവിതത്തിന്റെ അനിവാര്യമായ ഒന്നാക്കി മാറ്റുന്നതിൽ നമ്മുടെ ഭാഷാ ദിനപത്രങ്ങൾക്ക് സുപ്രധാന പങ്ക് തന്നെയാണുള്ളത്. പ്രവാസജീവിതത്തിൽ, വായനക്ക് നിറയെ സമയവും സാഹചര്യവും ഉണ്ടെന്ന് പൊതുവെ ധരിക്കുമെങ്കിലും യാഥാർഥ്യം നേരെ മറിച്ചാണ്. വലിയ വിഭാഗം പ്രവാസികളും വായനക്ക് പുറത്ത് പ്രയാസങ്ങളുടെയും അതിജീവനത്തിന്റെയും പരീക്ഷണങ്ങളിലാണ് എന്നതാണ് കാരണം.
ഡിജിറ്റൽ വിപ്ലവത്തിന്റെയും സോഷ്യൽ മീഡിയ കാലത്തിന്റെയും നിറപ്പകിട്ടിൽ നിൽക്കുമ്പോഴും പ്രവാസികളിലെ വായനശീലത്തിന്റെ ഏറ്റവും പ്രാഥമിക ഘടകം, ഗൾഫിലെ മലയാളികളുടെ 'ഔദ്യോഗിക പത്രം' എന്ന വിശേഷണത്തിന് അർഹമായ ഗൾഫ് മാധ്യമം പത്രം തന്നെയാണ്. മറ്റൊരു ചോയ്സും ഇല്ലാത്തവിധം പതിറ്റാണ്ടുകളായി ഗൾഫ് മാധ്യമം സർവ പ്രവാസി മലയാളികളുടെയും പ്രിയപ്പെട്ട അടിസ്ഥാന വായനമാധ്യമമായി നിലനിൽക്കുന്നു. പവിഴദ്വീപിന്റെ ഏത് ഭാഗത്തുതാമസിച്ചാലും, മറ്റ് സൗകര്യങ്ങൾക്കൊപ്പം മാധ്യമം പത്രത്തിന്റെ ലഭ്യത കൂടെ നോക്കുന്നവരാണ് ഞാൻ ഉൾപ്പടെയുള്ള വലിയ വിഭാഗം പ്രവാസികൾ.
ഏത് വിവരവിപ്ലവ പ്രളയത്തിലും സർവമലയാളികളെയും ചേർത്തുപിടിക്കുന്ന വലിയ വിശ്വാസത്തിന്റെ പേര് കൂടിയാണ് മാധ്യമം ദിനപത്രം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.