മനാമ: പ്രസവസമയത്തെ അശ്രദ്ധമൂലം കുഞ്ഞിന് ഗുരുതര അംഗവൈകല്യം സംഭവിച്ചതിനെതുടർന്ന് സ്വകാര്യ ആശുപത്രിക്കും ഡോക്ടർക്കും 60000 ദീനാർ പിഴ വിധിച്ച് കോടതി. പ്രസവസമയത്ത് തലച്ചോറിനേറ്റ ക്ഷതം കാരണം കുഞ്ഞിന് 90 ശതമാനത്തോളം അംഗവൈകല്യമാണ് സ്ഥിരീകരിച്ചത്. ഓപറേഷൻ ആവശ്യമായ സാഹചര്യത്തിൽ പ്രസവത്തിനായി ഡോക്ടർ വായു സമ്മർദത്തോടെ വലിച്ചെടുക്കുന്ന സക്ഷൻ ഉപയോഗിച്ചതാണ് പ്രത്യാഘാതത്തിന് കാരണമായത്.
ജനനസമയത്ത് കുഞ്ഞിന് അനക്കമുണ്ടായിരുന്നില്ല. തലച്ചോറിന് ഗുരുതര പരിക്കേൽക്കുകയും ഹൃദയമിടിപ്പ് മന്ദഗതിയിലാവുകയും ചെയ്തതോടെ കുട്ടിയെ പെട്ടെന്ന് സൽമാനിയ മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. 40 ദിവസം തീവ്രപരിചരണത്തിൽ തുടർന്ന കുട്ടിക്ക് പിന്നീട് സ്ഥിരവൈകല്യം സ്ഥിരീകരിക്കുകയായിരുന്നു.
പ്രസവസമയത്ത് പിഴവുകൾ സംഭവിച്ചോയെന്ന് അന്വേഷിക്കാൻ നാഷനൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി (എൽ.എച്ച്.ആർ.എ) വിദഗ്ധരെ കോടതി നിയോഗിച്ചിരുന്നു. ഡോക്ടറുടെ ഭാഗത്തുനിന്ന് ഗുരുതര പിഴവുകൾ സംഭവിച്ചതായി കണ്ടെത്തിയ എൽ.എച്ച്.ആർ.എ, കോടതിക്ക് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പിഴ വിധിച്ചത്.
സക്ഷൻ ഉപകരണത്തോടെ നടത്തുന്ന പ്രസവത്തിലെ അപകടങ്ങളെക്കുറിച്ച് രക്ഷിതാക്കൾക്ക് അവബോധം നൽകുന്നതിലും ഡോക്ടർക്ക് പിഴവ് സംഭവിച്ചതായി കണ്ടെത്തിയിരുന്നു. കുട്ടിയുടെ രക്ഷിതാവിന് 50000 ദീനാറും കുടുംബത്തിനുണ്ടായ മാനസിക പ്രയാസങ്ങൾക്ക് 20000 ദീനാർ അധികമായും നൽകണമെന്നായിരുന്നു വിധി. ഉത്തരവിനെതിരെ ആശുപത്രിയും ഡോക്ടറും അപ്പീൽ നൽകിയതിനെതുടർന്ന് മാതാപിതാക്കൾക്ക് നൽകാൻ പ്രഖ്യാപിച്ച വൈകാരിക തുക 10000 ദീനാറായി കുറക്കാൻ ഹൈ സിവിൽ അപ്പീൽ കോടതി തീരുമാനിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.