എം.പി ഖാലിദ് ബുഅനഖ്
മനാമ: നിയമലംഘനങ്ങൾ പരിഹരിക്കാൻ കമ്പനികൾക്ക് കൂടുതൽ സമയം അനുവദിക്കുന്നതിനുള്ള പുതിയ നിർദേശവുമായി ബഹ്റൈൻ. ഇതുവഴി, നിയമലംഘനം കണ്ടെത്തിയാൽ ഉടൻതന്നെ കമ്പനികൾക്കുള്ള തൊഴിൽ സേവനങ്ങൾ നിർത്തിവെക്കാതെ, പ്രശ്നങ്ങൾ പരിഹരിക്കാൻ പത്ത് ദിവസത്തെ ഗ്രേസ് പിരീഡ് നൽകാൻ കഴിയും. എം.പി ഖാലിദ് ബുഅനഖ് സമർപ്പിച്ച ഈ നിർദേശം പാർലമെന്റിന്റെ സേവനസമിതിയുടെ പരിഗണനയിലാണ്.
നിർദേശം അനുസരിച്ച്, ഒരു സ്ഥാപനത്തിന് നിയമലംഘനം സംബന്ധിച്ച് നോട്ടീസ് ലഭിച്ചാൽ പത്ത് ദിവസത്തിനുള്ളിൽ അത് പരിഹരിക്കണം. ഈ സമയപരിധിക്കുള്ളിൽ നടപടിയെടുത്തില്ലെങ്കിൽ മാത്രമേ സേവനങ്ങൾ താൽക്കാലികമായി നിർത്തിവെക്കുന്നതിനുള്ള നടപടികൾ ആരംഭിക്കൂ. നിയമലംഘനം സ്ഥിരീകരിക്കുന്നതിന് കൂടുതൽ അന്വേഷണം ആവശ്യമായ സന്ദർഭങ്ങളിൽ, അന്വേഷണം പൂർത്തിയാകുന്നതുവരെ സേവനങ്ങൾ ലഭ്യമായിരിക്കും. അന്വേഷണത്തിൽ തൊഴിലുടമയുടെ ഭാഗത്ത് പിഴവാണ് പ്രശ്നത്തിന് കാരണമെന്ന് കണ്ടെത്തിയാൽ, അത് പരിഹരിക്കാൻ അധികമായി പത്ത് ദിവസം കൂടി അനുവദിക്കും.
കമ്പനികളെ വേഗത്തിൽ നടപടിയെടുക്കാൻ പ്രോത്സാഹിപ്പിക്കുകയും, അതേസമയം അവരുടെ പ്രവർത്തനങ്ങൾ തടസ്സപ്പെടുന്നത് കുറയ്ക്കുകയും ചെയ്യുക എന്നതാണ് ഈ നിർദേശത്തിന്റെ ലക്ഷ്യമെന്ന് എം.പി. ബുഅനഖ് വിശദീകരിച്ചു. ബഹ്റൈൻ പൗരന്മാർക്ക് തൊഴിൽ നൽകുകയും നികുതികളും ഫീസുകളും അടച്ച് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥക്ക് സംഭാവന നൽകുകയും ചെയ്യുന്ന സ്ഥാപനങ്ങളെ സംരക്ഷിക്കാൻ ഈ നീക്കം സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സേവനസമിതി ഈ നിർദേശം ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണ്. ഇത് നിയമമാക്കാൻ സർക്കാറിന്റെ അംഗീകാരം ആവശ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.