മനാമ: ബഹ്റൈനിൽ മധുരപാനീയങ്ങൾക്ക് പഞ്ചസാരയുടെ അളവ് അടിസ്ഥാനമാക്കി എക്സൈസ് നികുതി ചുമത്തുന്നതിനുള്ള പുതിയ നിയമഭേദഗതി പാർലമെന്റിൽ സമർപ്പിച്ചു. നിലവിൽ പുകയില ഉൽപന്നങ്ങൾക്കും എനർജി ഡ്രിങ്കുകൾക്കും ചുമത്തിയിട്ടുള്ള 100 ശതമാനം നികുതിയിൽ മാറ്റം വരുത്താതെ തന്നെ, മധുരപാനീയങ്ങൾക്ക് മാത്രമായി പുതിയ നികുതി ഘടന ഏർപ്പെടുത്താനാണ് ബില്ലിൽ ശിപാർശ ചെയ്യുന്നത്. കൂടാതെ, എക്സൈസ് നികുതി ഭരണസംവിധാനത്തിന്റെ ചുമതല ധനമന്ത്രാലയത്തിൽ നിന്ന് നാഷനൽ ബ്യൂറോ ഫോർ റവന്യൂവിലേക്ക് മാറ്റുന്നതിനും ഈ നിയമം വ്യവസ്ഥ ചെയ്യുന്നു.
പുതിയ നികുതി നിയമപ്രകാരം പാനീയങ്ങളിലെ പഞ്ചസാരയുടെ അളവ് കണക്കാക്കിയാണ് ലിറ്റർ അടിസ്ഥാനത്തിൽ നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. 100 മില്ലി ലിറ്ററിൽ 5 ഗ്രാമിൽ താഴെ മാത്രം പഞ്ചസാരയുള്ള പാനീയങ്ങൾക്കും കൃത്രിമ മധുരം മാത്രം ഉപയോഗിക്കുന്ന ഷുഗർ-ഫ്രീ പാനീയങ്ങൾക്കും നികുതി ഈടാക്കില്ല. എന്നാൽ, 100 മില്ലി ലിറ്ററിൽ 5 ഗ്രാം മുതൽ 7.099 ഗ്രാം വരെ പഞ്ചസാര അടങ്ങിയ പാനീയങ്ങൾക്ക് ലിറ്ററിന് 0.079 ബഹ്റൈൻ ദിനാർ നികുതി നൽകണം.
ജി.സി.സി രാജ്യങ്ങൾക്കിടയിലുള്ള ധാരണകൾക്കനുസൃതമായി കൂടുതൽ ഉൽപന്നങ്ങളെ എക്സൈസ് നികുതി പരിധിയിൽ ഉൾപ്പെടുത്താൻ മന്ത്രിസഭക്ക് അധികാരം നൽകുന്ന വ്യവസ്ഥയും ബില്ലിലുണ്ട്.
നിയമം പ്രാബല്യത്തിൽ വരുന്ന സമയത്ത് രാജ്യത്ത് നികുതി അടക്കാതെ സ്റ്റോക്ക് ചെയ്തിട്ടുള്ള മധുരപാനീയങ്ങൾക്കും നിശ്ചിത നിബന്ധനകൾക്ക് വിധേയമായി നികുതി ബാധകമായിരിക്കും. കരട് നിയമം നിലവിൽ പാർലമെന്റ് സ്പീക്കർ അഹമ്മദ് ബിൻ സൽമാൻ അൽ മുസല്ലത്തിന്റെ നേതൃത്വത്തിൽ സാമ്പത്തിക-നിയമ കാര്യ സമിതികളുടെ പരിശോധനക്കായി അയച്ചിരിക്കുകയാണ്. പൊതുജനാരോഗ്യം മെച്ചപ്പെടുത്തുന്നതിനൊപ്പം നികുതി പിരിവ് കൂടുതൽ കാര്യക്ഷമമാക്കുക എന്നതും ഇതിലൂടെ ലക്ഷ്യമിടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.