നീറ്റ് - സി.ബി.എസ്.ഇ പരീക്ഷ ക്രമക്കേട്; വിദ്യാർഥികളുടെ ഭാവി സംരക്ഷിക്കണം- പ്രവാസി വെൽഫെയർ

മനാമ: സി.ബി.എസ്.ഇ പ്ലസ്ടു, നീറ്റ് , സി.യു.ഇ.ടി പരീക്ഷകളിലെ ഗുരുതരമായ ക്രമക്കേടുകളുടെയും സാങ്കേതിക വീഴ്ചകളുടെയും പേരിൽ വിദ്യാർത്ഥി കളുടെ ഭാവി പ്രതിസന്ധിയിൽ ആക്കരുതെന്ന് പ്രവാസി വെൽഫെയർ സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കി. രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവിയെ നേരിട്ട് ബാധിക്കുന്ന ഇത്തരം വിഷയങ്ങളിൽ കേന്ദ്ര സർക്കാർ കാണിക്കുന്ന നിരുത്തരവാദപരമായ സമീപനം തികച്ചും പ്രതിഷേധാർഹമാണ്.

ദേശീയ തലത്തിൽ നടത്തപ്പെടുന്ന സുപ്രധാന പരീക്ഷകളിൽ കേന്ദ്ര ഭരണകൂടത്തിന്റെ ഭാഗത്തുനിന്നും നിരന്തരമായ വീഴ്ചകളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. തങ്ങളുടെ ഭാഗത്തുനിന്നുണ്ടാകുന്ന വീഴ്ചകളുടെ ഉത്തരവാദിത്വം ഉദ്യോഗസ്ഥരിൽ മാത്രം ചുമത്തി രക്ഷപ്പെടാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. പുനർമൂല്യനിർണയത്തിൽ സംഭവിച്ച ക്രമക്കേടുകളെക്കുറിച്ചുള്ള അന്വേഷണം ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമായപ്പോൾ സി.ബി.എസ്.ഇ ചെയർമാനും സെക്രട്ടറിക്കുമെതിരെ നടപടി സ്വീകരിച്ച് തലയൂരാനാണ് ഇപ്പോൾ കേന്ദ്ര സർക്കാർ മുതിരുന്നത്.

കഴിഞ്ഞ മൂന്നാഴ്ചയായി വിദ്യാർത്ഥികളെ പെരുവഴിയിലേക്ക് തള്ളിവിട്ട ഒ.എസ്.എം പരീക്ഷാ പുനർമൂല്യനിർണയ രീതിയെ സംബന്ധിച്ച് നിരവധി വിദഗ്ധർ മുൻപ് തന്നെ ആശങ്ക അറിയിച്ചിരുന്നതാണ്. മൂല്യനിർണയം നടത്താനാവശ്യമായ മുന്നൊരുക്കങ്ങൾ വേണമെന്ന് പലരും സർക്കാരിനോട് ആവശ്യപ്പെട്ടിട്ടും അത് അവഗണിക്കുകയാണുണ്ടായത്. കരാർ കമ്പനി വീഴ്ച വരുത്തിയാൽ കരിമ്പട്ടികയിൽ ഉൾപ്പെടുത്തണമെന്ന വ്യവസ്ഥ കരാർ നൽകി ഒരു മാസത്തിനകം തന്നെ അട്ടിമറിച്ചതിനെക്കുറിച്ച് കേന്ദ്ര സർക്കാർ വ്യക്തത വരുത്തണം.

സി.ബി.എസ്.ഇ പരീക്ഷയുടെ മൂല്യനിർണയത്തിലും പുനർമൂല്യനിർണയ നടപടികളിലും ഉണ്ടായ തകരാറുകൾ, നീറ്റ് പരീക്ഷയിലെ ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് പരീക്ഷ റദ്ദാക്കേണ്ടി വന്ന സാഹചര്യം, സി.യു.ഇ.ടി പരീക്ഷയിലെ സാങ്കേതിക പിഴവുകൾ മൂലം ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് നേരിട്ട ബുദ്ധിമുട്ടുകൾ എന്നിവ ദേശീയ പരീക്ഷാ സംവിധാനങ്ങളുടെ വിശ്വാസ്യതയെ പൂർണ്ണമായും ചോദ്യം ചെയ്യുന്നതാണ്. ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഉപരിപഠനത്തെ ആശങ്കയിലാക്കുന്ന ഈ ഗുരുതര വീഴ്ചയെ സംബന്ധിച്ച് പ്രതികരിക്കാൻ പ്രധാനമന്ത്രി തയ്യാറാകണം.

സംഭവങ്ങളിൽ സമഗ്രവും സുതാര്യവുമായ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ബാധിക്കപ്പെട്ട വിദ്യാർത്ഥികൾക്ക് നീതി ഉറപ്പാക്കണം. വിദ്യാർത്ഥികളുടെ ഭാവിയെയും രാജ്യത്തിന്റെ വിദ്യാഭ്യാസ സംവിധാനത്തിന്റെ വിശ്വാസ്യതയെയും ബാധിക്കുന്ന ഈ വിഷയത്തിൽ ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളും ജാഗ്രതയോടെയും ഉത്തരവാദിത്വത്തോടെയും ഇടപെടേണ്ടത് അനിവാര്യമാണെന്നും പ്രവാസി വെൽഫെയർ പ്രസ്താവനയിൽ വ്യക്തമാക്കി.

Tags:    
News Summary - NEET - CBSE examination irregularities; Students' future must be protected - Pravasi Welfare

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.