മനാമ: ബഹ്റൈനിൽ തെരുവുനായ്ക്കളെ വന്ധ്യംകരിക്കാനുള്ള യജ്ഞവുമായി മുനിസിപ്പാലിറ്റി-കൃഷി മന്ത്രാലയം. മനുഷ്യത്വപരവും സുസ്ഥിരവുമായ രീതിയിൽ തെരുവുനായ്ക്കളുടെ എണ്ണം നിയന്ത്രിക്കുന്നതിനുള്ള ഒരു സമഗ്ര പദ്ധതിക്കായി മൃഗസംരക്ഷണ കമ്പനികളെ ക്ഷണിച്ചുകൊണ്ട് ഈ മാസം പുതിയ ടെൻഡർ പുറപ്പെടുവിക്കും. 2018ൽ ആരംഭിച്ച യജ്ഞം ഒരു വർഷം മുമ്പ് താൽക്കാലികമായി നിർത്തിവെച്ചിരുന്നു. ഇപ്പോൾ പൊതുജനാരോഗ്യവും മൃഗക്ഷേമവും സംരക്ഷിച്ചുകൊണ്ട് തെരുവുനായ്ക്കളുടെ പെരുപ്പം നിയന്ത്രിക്കാനുള്ള നടപടികൾ പുനരാരംഭിക്കുകയാണെന്ന് മന്ത്രാലയം അറിയിച്ചു.
തെരുവുനായ്ക്കളുടെ എണ്ണം കുറയ്ക്കുക, രോഗങ്ങൾ പടരുന്നത് തടയുക, മൃഗങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യവും ക്ഷേമവും മെച്ചപ്പെടുത്തുക എന്നിവയാണ് മന്ത്രാലയം ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളായി പറയുന്നത്. ശസ്ത്രക്രിയയിലൂടെയുള്ള വന്ധ്യംകരണ നടപടിക്രമങ്ങൾ, ചെവി അടയാളങ്ങളോ മറ്റ് തിരിച്ചറിയൽ രീതികളോ ഉപയോഗിച്ച് നായ്ക്കളെ ടാഗ് ചെയ്യുക, ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള പരിചരണവും നിരീക്ഷണവും എന്നിവയാണ് ടെൻഡറിലെ നിർദേശങ്ങൾ.
വെറ്ററിനറി സ്റ്റാഫുകളെ നിയമിക്കുക, മെഡിക്കൽ ഉപകരണങ്ങളും സാധനങ്ങളും നൽകുക, ശസ്ത്രക്രിയക്ക് മുമ്പും ശേഷവും മൃഗങ്ങളെ പാർപ്പിക്കാൻ ശരിയായ സൗകര്യങ്ങൾ ഒരുക്കുക എന്നിവയും ഈ പദ്ധതിയിൽ ഉൾപ്പെടുന്നു. തെരുവുമൃഗങ്ങളുടെ എണ്ണം നിയന്ത്രിക്കുന്നതിനും ആരോഗ്യപരമായ അപകടസാധ്യതകൾ കുറക്കുന്നതിനും, പ്രത്യേകിച്ച് ജനവാസ മേഖലകളിൽ, തങ്ങളുടെ ശ്രമങ്ങളുടെ ഭാഗമായി ബഹ്റൈനിലുടനീളമുള്ള മുനിസിപ്പാലിറ്റികൾ ഈ സംരംഭത്തിൽ പങ്കെടുക്കുന്നുണ്ട്.ആൺ നായ്ക്കളെ വന്ധ്യംകരിക്കുന്നതും പെൺനായ്ക്കളെ സ്പേ ചെയ്യുന്നതും അവശ്യ വെറ്ററിനറി പരിചരണം നൽകുന്നതും പദ്ധതിയിൽ ഉൾപ്പെടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.