മനാമ: മുഹറഖ് മുനിസിപ്പാലിറ്റിയിൽ താമസ പ്രദേശങ്ങളിൽ രാത്രി വൈകി കടകൾ തുറക്കുന്നതിനെതിരെ മുനിസിപ്പൽ കൗൺസിൽ. നിർദേശ പ്രകാരം രാത്രിയും തുറന്നു പ്രവർത്തിക്കുന്ന കടകൾ ഇനി അർധരാത്രിയോടെ അടക്കാൻ നിർബന്ധിതരായേക്കാം. താമസക്കാരുടെ സമാധാനാന്തരീക്ഷം നിലനിർത്തുക എന്ന ലക്ഷ്യത്തോടെ നിർദേശം കൗൺസിൽ വ്യവസായ, വാണിജ്യ, ആഭ്യന്തര മന്ത്രാലയങ്ങൾക്ക് കൈമാറിയിട്ടുണ്ട്.
സാധുവായ അനുമതിയില്ലാതെ രാത്രി വൈകിയും തുറന്നിരിക്കുന്ന കടകളുടെ എണ്ണം വർധിച്ചതിനെ തുടർന്നാണ് കൗൺസിൽ ചെയർമാൻ അബ്ദുൽ അസീസ് അൽ നാറിന്റെ നേതൃത്വത്തിലുള്ള നിർദേശം മുന്നോട്ടുവെച്ചത്. ഞങ്ങൾ കച്ചവടങ്ങൾക്കെതിരല്ല, എന്നാൽ കച്ചവടക്കാർ നിയമം പാലിക്കാൻ തയാറാകണമെന്നും ചുറ്റുപാടുമുള്ള സമൂഹവുമായി നല്ല ബന്ധം തുടരണമെന്നും അൽ നാർ പറഞ്ഞു. താമസ പ്രദേശങ്ങളിൽ കടകൾ 24 മണിക്കൂറും പ്രവർത്തിക്കുന്നത് അസ്വീകാര്യമാണ്.
ഇത് താമസക്കാരെ ബുദ്ധിമുട്ടിലാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾ പരാതി അറിയിച്ചതിനെ തുടർന്നാണ് ഈ തീരുമാനമെന്നും ക്രമസമാധാനം പുലർത്താൻ ജനങ്ങൾക്കായി പ്രവർത്തിക്കാൻ ഞങ്ങൾ ബാധ്യസ്ഥരാണെന്നും കൗൺസിൽ ചെയർമാൻ പറഞ്ഞു.ഫാർമസി, കോൾഡ് സ്റ്റോർ, പെട്രോൾ പമ്പുകളിൽ സ്ഥിതി ചെയ്യുന്ന ഭക്ഷണ പാനീയ കടകൾ എന്നിവക്ക് നിരോധം ഏർപ്പെടുത്തുന്നതിൽ വിട്ടുവീഴ്ചയുണ്ടാകും.എല്ലാവർക്കും നിയമം ഒരുപോലെ ബാധകമായിരിക്കുമെന്നും സ്വാർഥ താൽപര്യങ്ങൾക്കനുസൃതമായി ആർക്കും അനുമതി നൽകില്ലെന്നും അൽ നാർ വ്യക്തമാക്കി. നിർദേശം നിലവിൽ ബന്ധപ്പെട്ട മന്ത്രാലയങ്ങളുടെ അനുമതിക്കായി കാത്തിരിക്കയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.