മനാമ: പുകവലിക്കാനുള്ള പ്രായം 18ൽനിന്ന് 20 ആക്കാനുള്ള നിർദേശവുമായി എം.പിമാർ. നിലവിലുള്ള പുകവലി നിയമങ്ങളിൽ ഭേദഗതി വരുത്താനാണ് നിർദേശം. പുകവലിയുമായി ബന്ധപ്പെട്ട് ജപ്പാനടക്കമുള്ള അന്താരാഷ്ട്രതലത്തിൽ നിലനിൽക്കുന്ന ചട്ടക്കൂടുകളുമായി നിർദിഷ്ട പരിഷ്കാരങ്ങളെ യോജിപ്പിക്കുക എന്നതാണ് ലക്ഷ്യം. പാർലമെന്റിന്റെ വിദേശകാര്യ, പ്രതിരോധ, ദേശീയ സുരക്ഷ സമിതി വൈസ് ചെയർമാൻ ഹസ്സൻ ഇബ്രാഹീമാണ് ഈ നിർദേശത്തിന് നേതൃത്വം നൽകുന്നത്. രാജ്യത്തെ 2009ൽ സ്ഥാപിതമായ പുകവലി വിരുദ്ധ നിയമം കാലഹരണപ്പെട്ടതാണെന്നും പുകയില ഉപഭോഗം, പ്രത്യേകിച്ച് യുവാക്കളിൽ ഉയർത്തുന്ന വർധിച്ചുവരുന്ന ആരോഗ്യ അപകടങ്ങൾ പരിഹരിക്കുന്നതിന് അത് അപര്യാപ്തമാണെന്നും എം.പിമാർ അറിയിച്ചു. 2020ൽ ജപ്പാൻ പുകവലിക്കെതിരായ ചില നിയമങ്ങൾ നിർദേശിച്ചിരുന്നു. റസ്റ്റാറന്റുകൾ, ഹോട്ടലുകൾ, ഓഫിസുകൾ തുടങ്ങിയ മിക്ക പൊതു ഇടങ്ങളിലും ഇൻഡോർ പുകവലിക്ക് കർശന നിരോധനം ഏർപ്പെടുത്തിയാണ് ആ നിയമം നടപ്പാക്കിയത്. കൂടാതെ 20 വയസ്സിന് താഴെയുള്ള ആർക്കും പുകവലിക്കാനോ പുകവലി പ്രദേശങ്ങളിൽ പ്രവേശിക്കാനോ അനുവാദമില്ല. ഈ മോഡലാണ് രാജ്യത്ത് ഞങ്ങൾ നിർദേശിക്കുന്നതെന്ന് ഹസ്സൻ ഇബ്രാഹീം പറഞ്ഞു. പുകവലി പൊതുജനാരോഗ്യ പ്രശ്നം മാത്രമല്ല, ദേശീയ സുരക്ഷയുടെയും പ്രശ്നമാണെന്ന് കമ്മിറ്റി ചെയർമാൻ ഹസ്സൻ ബുഖമ്മാസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.