മനാമ: ബഹ്‌റൈനിൽ പ്രവാസികൾക്ക് ഡ്രൈവിങ് ലൈസൻസ് നൽകുന്നതിന് കടുത്ത നിബന്ധനകൾ ഏർപ്പെടുത്താനുള്ള രണ്ട് നിർദേശങ്ങൾ പാർലമെന്റ് ചൊവ്വാഴ്ച ചർച്ച ചെയ്യും. നിലവിലുള്ള ട്രാഫിക് നിയമത്തിൽ ഭേദഗതി വരുത്തി, പ്രവാസികൾക്ക് ലൈസൻസ് നൽകുമ്പോൾ അവരുടെ ആവശ്യമെന്താണെന്ന് കൂടി പരിശോധിക്കണം.ഓരോ വ്യക്തിക്കും ഡ്രൈവിങ് ലൈസൻസ് അത്യന്താപേക്ഷിതമാണോ എന്ന് പരിശോധിച്ച ശേഷം മാത്രം അനുമതി നൽകുക എന്നതാണ് ലക്ഷ്യം.
ഡ്രൈവിങ് ലൈസൻസിന്റെ കാലാവധി പ്രവാസിയുടെ റെസിഡൻസി പെർമിറ്റുമായി ബന്ധിപ്പിക്കണമെന്ന ആവശ്യമാണ് രണ്ടാമതായി മുന്നോട്ട് വെച്ച ആവശ്യം. വിസ കാലാവധി കഴിയുന്നതോടെ ലൈസൻസും റദ്ദാക്കപ്പെടും എന്നതാണ് ഇതിന്‍റെ പ്രത്യേകത.
രാജ്യത്തെ വർധിച്ചുവരുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കാനാണ് ഈ നീക്കമെന്ന് വിദേശകാര്യ- പ്രതിരോധ-ദേശീയ സുരക്ഷ സമിതി അധ്യക്ഷൻ ഹസ്സൻ ബുഖമ്മാസ് പറഞ്ഞു. സ്വദേശികളെക്കാൾ കൂടുതൽ പ്രവാസികൾ രാജ്യത്തുള്ളതും വാഹനങ്ങളുടെ എണ്ണം റോഡുകളുടെ ശേഷിയേക്കാൾ വർധിച്ചതും ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ടെന്നും ഇത് നിയന്ത്രിക്കാൻ ഗവൺമെന്റിന് കൂടുതൽ അധികാരം നൽകണമെന്നുമാണ് സമിതിയുടെ നിലപാട്.
എന്നാൽ, ഈ നീക്കം ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനമാകുമെന്ന് ചൂണ്ടിക്കാട്ടി ഗവൺമെന്റ് എം.പിമാർക്ക് മുന്നറിയിപ്പ് നൽകി. സഞ്ചാര സ്വാതന്ത്ര്യം എന്നത് ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശമാണ്. ലൈസൻസ് നൽകുന്നത് ഒരു അവകാശത്തിന് പകരം നിയന്ത്രിതമായ ആനുകൂല്യമായി മാറുന്നത് ശരിയല്ല.
സിവിൽ-രാഷ്ട്രീയ അവകാശങ്ങൾക്കായുള്ള അന്താരാഷ്ട്ര ഉടമ്പടികളുടെ ലംഘനമാകാൻ ഇതിന് സാധ്യതയുണ്ട്. ഓരോ പ്രവാസിയുടെയും വിസ കാലാവധി വ്യത്യസ്തമായതിനാൽ അത് ലൈസൻസുമായി ബന്ധിപ്പിക്കുന്നത് സാങ്കേതികമായി പ്രായോഗികമല്ലെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ഈ നടപടി പ്രായോഗികമായി സഹായിക്കില്ലെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
നാഷണൽ ഇൻസ്റ്റിറ്റ്യൂഷൻ ഫോർ ഹ്യൂമൻ റൈറ്റ്സും ഈ നീക്കത്തിൽ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ കണക്കുകൾ പ്രകാരം 5.6 ലക്ഷത്തിലധികം പ്രവാസികൾ സ്പോൺസർഷിപ്പിന് കീഴിൽ രാജ്യത്തുണ്ട്. ചൊവ്വാഴ്ച പാർലമെന്റിൽ നടക്കുന്ന ചർച്ചയിൽ ഭരണഘടനാപരമായ അവകാശങ്ങളും ഗതാഗത നിയന്ത്രണവും തമ്മിലുള്ള വലിയ തർക്കത്തിന് സാധ്യതയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.