മനാമ: ബഹ്റൈനിലെ ഭൂരിഭാഗം പ്രവാസികളും പ്രതിമാസം സമ്പാദിക്കുന്നത് 200 ദീനാറിൽ താഴെയെന്ന് റിപ്പോർട്ട്. സോഷ്യൽ ഇൻഷുറൻസ് ഓർഗനൈസേഷൻ (എസ്.ഐ.ഒ) അടുത്തിടെ പുറത്തുവിട്ട കണക്കുകൾ പ്രകാരം ബഹ്റൈനികളും പ്രവാസികളും തമ്മിലുള്ള പ്രതിമാസ ശമ്പളത്തിന്റെ അന്തരം വ്യക്തമാക്കിയിരുന്നു.സ്വകാര്യ മേഖലയിൽ ബഹ്റൈനികളെക്കാൾ മൂന്നിരട്ടിയിലധികമാണ് പ്രവാസികൾ. അതിൽ നാല് ശതമാനം പ്രവാസികൾക്ക് മാത്രമാണ് 1000 ദീനാറിൽ കൂടുതൽ വരുമാനമുള്ളത്. എന്നാൽ സ്വകാര്യമേഖലയിലെ 21 ശതമാനം ബഹ്റൈനികൾ 1000 ദീനാറിന് മുകളിൽ ശമ്പളം വാങ്ങുന്നുണ്ട്.
2025ന്റെ ആദ്യ പാദത്തിലെ കണക്കുകൾ പ്രകാരം 470,145 പ്രവാസികൾ ഇൻഷുറൻസ് പദ്ധതിയിൽ ചേർന്നിട്ടുണ്ട്. ഇവരിൽ 71 ശതമാനം അതായത് 332,270 പേരും പ്രതിമാസം 200 ദീനാറിൽ താഴെയാണ് വരുമാനം നേടുന്നത്. ബഹ്റൈനികളിൽ രണ്ട് ശതമാനം, അതായത് 2142 പേർ മാത്രമേ ഏറ്റവും കുറഞ്ഞ വരുമാനത്തിൽ ജോലി ചെയ്യുന്നവരുള്ളൂ. അതിൽ സ്ത്രീകളാണ് ഏറ്റവും കൂടുതൽ.
പ്രവാസി തൊഴിലാളികളിൽ 14 ശതമാനം പേർ 200നും 399നും ഇടയിൽ വരുമാനം നേടുന്നവരാണ്. ബഹ്റൈനികളിൽ ഏകദേശം മൂന്നിലൊന്ന് പ്രവാസികൾ ഈ വരുമാന വിഭാഗത്തിൽപ്പെടുന്നു. വരുമാനം കൂടുതലുള്ള പ്രവാസികളുടെ എണ്ണം വളരെ കുറവാണ്. എട്ടു ശതമാനം പേർ മാത്രമാണ് 400നും 599നും ഇടയിൽ സമ്പാദിക്കുന്നത്. രണ്ട് ശതമാനം പേർ 600നും 999നും ഇടയിൽ നേടുമ്പോൾ ഒരു ശതമാനം മാത്രമാണ് പ്രതിമാസം 1000 ദീനാറിന് മുകളിൽ ശമ്പളമായി നേടുന്നത്.മൊത്തത്തിലുള്ള ശരാശരി കണക്കുകൾ പ്രകാരം, ബഹ്റൈനി തൊഴിലാളികൾക്ക് പ്രതിമാസം ശരാശരി 881 ദീനാർ ലഭിക്കുമ്പോൾ, പ്രവാസികൾക്ക് ശരാശരി ലഭിക്കുന്നത് 271 ദീനാർ മാത്രമാണ്.60 വയസ്സും അതിൽ കൂടുതലുമുള്ള ബഹ്റൈനികളാണ് ഏറ്റവും കൂടുതൽ ശമ്പളം വാങ്ങുന്നത്. പ്രവാസികളിൽ 50-59 വയസ്സിനിടയിലുള്ളവരാണ് ഏറ്റവും കൂടുതൽ വരുമാനം നേടുന്നവർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.