ഇന്ത്യൻ സ്കൂളിൽ മോഡൽ യുനൈറ്റഡ് നേഷൻസ് കോൺഫറൻസ് ഉദ്ഘാടനത്തിൽ നിന്ന്
മനാമ: ഇന്ത്യൻ സ്കൂൾ സംഘടിപ്പിക്കുന്ന ബഹ്റൈൻ മോഡൽ യുനൈറ്റഡ് നേഷൻസ് കോൺഫറൻസിന് ഇസ ടൗൺ കാമ്പസിൽ ഉജ്ജ്വല തുടക്കം. സ്കൂൾ ഓഡിറ്റോറിയത്തിൽ ആരംഭിച്ച സമ്മേളനം വിദ്യാർഥികളിൽ നേതൃത്വഗുണങ്ങൾ, നയതന്ത്ര ധാരണ, പൊതു സംസാരപാടവം എന്നിവ വളർത്തിയെടുക്കുന്നതിനാണ് രൂപകൽപന ചെയ്തിരിക്കുന്നത്. ദ്വിദിന സമ്മേളനം സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വർഗീസ് ഉദ്ഘാടനം ചെയ്തു.
സെക്രട്ടറി വി. രാജപാണ്ഡ്യൻ, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി, ജൂനിയർ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ, സീനിയർ സ്കൂൾ ആൻഡ് അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി. സതീഷ്, ജൂനിയർ വിങ് വൈസ് പ്രിൻസിപ്പൽ പ്രിയ ലാജി, എം.യു.എൻ ഡയറക്ടർ ഛായ ജോഷി, ആക്ടിവിറ്റി പ്രധാന അധ്യാപിക ശ്രീകല രാജേഷ്, വിദ്യാർഥികൾ എന്നിവർ സന്നിഹിതരായിരുന്നു. ബഹ്റൈനിലെ പ്രമുഖ സ്കൂളുകളെ പ്രതിനിധാനം ചെയ്ത് 6 മുതൽ 12 വരെ ക്ലാസുകളിലെ ഏകദേശം 370 വിദ്യാർഥികൾ സമ്മേളനത്തിൽ പങ്കെടുത്തുവരുന്നു. ഇന്ത്യൻ സ്കൂളിനെ കൂടാതെ ഏഷ്യൻ സ്കൂൾ, ബഹ്റൈൻ ഇന്ത്യൻ സ്കൂൾ, ന്യൂ ഇന്ത്യൻ സ്കൂൾ, അൽ നൂർ ഇന്റർനാഷനൽ സ്കൂൾ, ന്യൂ മിലേനിയം സ്കൂൾ, സേക്രഡ് ഹാർട്ട് സ്കൂൾ, ഇബ്ൻ ഖൽദൂൻ നാഷനൽ സ്കൂൾ, സെന്റ് ക്രിസ്റ്റഫേഴ്സ് സ്കൂൾ, ബ്രിട്ടീഷ് സ്കൂൾ ഓഫ് ബഹ്റൈൻ എന്നിവിടങ്ങളിൽനിന്നുള്ള വിദ്യാർഥികളും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.
സെക്രട്ടറി ജനറൽ റെബേക്ക ആൻ ബിനു സ്വാഗതം പറഞ്ഞു. സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വർഗീസ് അനുമോദന പ്രസംഗത്തിൽ, ആഗോളതലത്തിൽ അവബോധമുള്ള പൗരന്മാരെ രൂപപ്പെടുത്തുന്നതിൽ മോഡൽ യുനൈറ്റഡ് നേഷൻസ് കോൺഫറൻസുകളുടെ സ്വാധീനം ഊന്നിപ്പറഞ്ഞു.
സ്റ്റുഡന്റ് ഡയറക്ടർ ഓഫ് റിസർച്ച് ആൻഡ് ട്രെയിനിങ്, അദ്വൈത് നായർ വിദ്യാർഥികളുടെ നേതൃപാടവത്തെ പ്രോത്സാഹിപ്പിച്ചു. സ്റ്റുഡന്റ് ഡയറക്ടർ -ഒസി, നിഹാരിക സർക്കാർ, സംവാദങ്ങൾ മാത്രമല്ല, അനുഭവത്തിലൂടെ നേടിയ സൗഹൃദങ്ങൾ, മൂല്യങ്ങൾ, വൈവിധ്യമാർന്ന കാഴ്ചപ്പാടുകൾ എന്നിവയും വിലമതിക്കണമെന്ന് പങ്കെടുക്കുന്നവരോട് അഭ്യർഥിച്ചു. ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ജോയൽ ഷൈജുവും മിഷ്ക പ്രീതവും അവതാരകരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.