കടകളിൽ അധികൃതർ പരിശോധന നടത്തുന്നു
മനാമ: ഈദ് അൽ ഫിത്ർ പ്രമാണിച്ച് ബഹ്‌റൈനിലെ വിപണികളിലും വാണിജ്യ സ്ഥാപനങ്ങളിലും പരിശോധന കർശനമാക്കിയതായി വ്യവസായ വാണിജ്യ മന്ത്രാലയം അറിയിച്ചു. നിലവിലെ പ്രാദേശിക സാഹചര്യങ്ങളും വർധിച്ചുവരുന്ന ആവശ്യകതയും കണക്കിലെടുത്താണ് നടപടി.
ഉപഭോക്താക്കളുടെ സംരക്ഷണം ഉറപ്പാക്കാനും വിപണിയിലെ വിലക്കയറ്റം തടയാനുമാണ് മന്ത്രാലയത്തിന്‍റെ ശ്രമം. സ്വകാര്യ മേഖലയുടെ സഹകരണത്തോടെയാണ് മന്ത്രാലയം ഈ ക്യാമ്പയിനുകൾ നടത്തുന്നത്. സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കുക, വില നിയന്ത്രിക്കുക, വാണിജ്യ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക എന്നതാണ് പ്രധാന ലക്ഷ്യം.
ഓഫറുകളുടെയും ഡിസ്കൗണ്ടുകളുടെയും പേരിൽ ഉപഭോക്താക്കളെ വഞ്ചിക്കുന്നത് തടയുക, കൃത്രിമമായ വിലക്കയറ്റം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ പഴം-പച്ചക്കറി കടകൾ, ബ്യൂട്ടി സലൂണുകൾ, തയ്യൽ കടകൾ, മധുരപലഹാര കടകൾ, ബേക്കറികൾ, റസ്റ്റാറന്‍റുകൾ, കാറ്ററിങ് യൂണിറ്റുകൾ, മാളുകൾ, മറ്റ് വാണിജ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലാണ് പരിശോധന നടത്തുന്നത്. വിപണിയിലെ ക്രമക്കേടുകൾക്കെതിരെയും നിയമലംഘകർക്കെതിരെയും കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് അസിസ്റ്റന്‍റ് അണ്ടർസെക്രട്ടറി മുന്നറിയിപ്പ് നൽകി. ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും വിപണിയിൽ സുതാര്യത ഉറപ്പാക്കുന്നതിനും ഇത്തരം നടപടികൾ സഹായകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.