മനാമ: പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിനും സജ്ജരാക്കുന്നതിനും ലക്ഷ്യമിട്ട് ആഭ്യന്തര മന്ത്രാലയം പുതിയ അടിയന്തര നിർദേശങ്ങൾ പുറത്തിറക്കി. ബഹ്റൈനിൽ സിവിൽ അപകടങ്ങളും വലിയ റേഡിയേഷൻ അപകടങ്ങളും ഉണ്ടാകുമ്പോൾ പാലിക്കേണ്ട നിർദേശമാണ് മന്ത്രാലയം പുറത്തുവിട്ടത്.
മന്ത്രാലയത്തിന്റെ നാഷനൽ സിവിൽ പ്രൊട്ടക്ഷൻ പ്ലാറ്റ്ഫോമിൽ വികിരണം, ഡേർട്ടി ബോംബുകൾ എന്നിവയിൽനിന്നുള്ള ആഘാതം ഉൾപ്പെടെ വിവിധ അടിയന്തര സാഹചര്യങ്ങൾക്കായി ജനങ്ങളെ ബോധവത്കരിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനുള്ള വിവരങ്ങളാണ് നൽകുന്നതാണ്.സമൂഹത്തിൽ സുരക്ഷ സംസ്കാരം പ്രോത്സാഹിപ്പിക്കുന്ന ഈ പോർട്ടൽ എല്ലാ പൗരന്മാർക്കും താമസക്കാർക്കും ആക്സസ് ചെയ്യാവുന്നതാണ്.
സ്ഫോടകവസ്തുക്കൾ, റേഡിയോ ആക്ടീവ് പൊടി, വെടിയുണ്ടകൾ എന്നിവയുടെ മിശ്രിതമായ ‘ഡേർട്ടി ബോംബ്’ ആക്രമണമുണ്ടായാൽ പ്രധാന അപകടസാധ്യത സ്ഫോടനത്തിൽനിന്നാണെന്ന് നിർദേശങ്ങൾ വ്യക്തമാക്കുന്നു. ഇത്തരം സാഹചര്യങ്ങളിൽ ആളുകൾ വീടിനുള്ളിൽതന്നെ തുടരണം.
. നിങ്ങൾ പുറത്താണെങ്കിൽ, ഉടൻ ഒരു കെട്ടിടത്തിലോ കടയിലോ അഭയം തേടുക.
. അടിയന്തര ഘട്ടത്തിൽ കുട്ടികൾ സ്കൂളിൽതന്നെ തുടരണം.
. നിങ്ങൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടില്ലെങ്കിൽ, ആശുപത്രികളിലേക്കോ ഫയർ സ്റ്റേഷനുകളിലേക്കോ പൊലീസ് സ്റ്റേഷനിലേക്കോ പോകാതിരിക്കുക. ഇത് കൂടുതൽ സഹായം ആവശ്യമുള്ളവർക്ക് സൗകര്യങ്ങൾ ലഭ്യമാക്കാൻ സഹായിക്കും.
. റേഡിയോ ആക്ടീവ് മലിനീകരണ പരിശോധനക്കുള്ള കേന്ദ്രങ്ങളെക്കുറിച്ചും അടിയന്തര ഷെൽട്ടറുകളെക്കുറിച്ചും അടിയന്തര സേവനങ്ങൾ വിവരങ്ങൾ നൽകും.
. വെള്ളം ലഭിക്കാത്ത സാഹചര്യമുണ്ടെങ്കിൽ വൃത്തിയുള്ള നനഞ്ഞ തുണി അല്ലെങ്കിൽ പേപ്പർ ടവൽ ഉപയോഗിച്ച് ശരീരത്തിന്റെ തുറന്ന ഭാഗങ്ങൾ തുടയ്ക്കുക. ഉപയോഗിച്ച ടിഷ്യു/പേപ്പർ ടവൽ ഒരു പ്ലാസ്റ്റിക് ബാഗിൽ നിക്ഷേപിച്ച് കൈയെത്താത്ത സ്ഥലത്ത് സൂക്ഷിക്കുക.
. റേഡിയോളജിക്കൽ അടിയന്തരാവസ്ഥക്കുശേഷം, കുടിവെള്ള വിതരണം സുരക്ഷിതമാണോ എന്ന് പരിശോധിക്കേണ്ടതുണ്ട്. ഫലങ്ങൾ ലഭിക്കുന്നതുവരെ, കുപ്പിവെള്ളം മാത്രം ഉപയോഗിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.