മനാമ: സർക്കാർ സർവിസിൽ പ്രവാസികളെ നിയമിക്കുന്നതിന് കുറഞ്ഞ യോഗ്യത മാസ്റ്റേഴ്സ് ബിരുദമായി നിശ്ചയിക്കണമെന്ന നിർദേശം ബഹ്റൈൻ ഷൂറ കൗൺസിൽ വീണ്ടും തള്ളി.
ഞായറാഴ്ച നടന്ന യോഗത്തിലാണ് കൗൺസിൽ ഈ ഭേദഗതി ബില്ലിനോട് വിയോജിപ്പ് രേഖപ്പെടുത്തിയത്.
അനുയോജ്യരായ സ്വദേശികൾ ലഭ്യമല്ലാത്ത സാഹചര്യത്തിൽ പ്രവാസികളെ നിയമിക്കുമ്പോൾ അവർക്ക് മാസ്റ്റേഴ്സ് ബിരുദവും പത്ത് വർഷത്തെ പ്രവൃത്തിപരിചയവും വേണമെന്നായിരുന്നു എം.പിമാർ മുന്നോട്ടുവെച്ച നിർദേശം. നിലവിലുള്ള സിവിൽ സർവിസ് നിയമങ്ങൾ സ്വദേശി മുൻഗണന ഉറപ്പാക്കാൻ പര്യാപ്തമാണെന്നും പുതിയ നിയന്ത്രണങ്ങൾ പ്രായോഗികമല്ലെന്നുമാണ് ഷൂറ കൗൺസിലിന്റെ നിലപാട്.
എല്ലാ ജോലികൾക്കും മാസ്റ്റേഴ്സ് ബിരുദം എന്ന നിബന്ധന യുക്തിസഹമല്ലെന്ന് ചർച്ചയിൽ അഭിപ്രായമുയർന്നു. യോഗ്യതാ മാനദണ്ഡങ്ങൾ ജോലിയുടെ സ്വഭാവത്തിനനുസരിച്ചായിരിക്കണം നിശ്ചയിക്കേണ്ടതെന്ന് പാർലമെന്ററി കാര്യ മന്ത്രി ഗാനിം അൽ ബുഐനൈനും വ്യക്തമാക്കി. നിലവിലെ സ്വദേശിവത്കരണ നടപടികളിലൂടെ 2019-നും 2024-നും ഇടയിൽ സർക്കാർ മേഖലയിലെ പ്രവാസി കരാറുകളിൽ 23 ശതമാനം കുറവുണ്ടായതായും സിവിൽ സർവിസ് ബ്യൂറോ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.