ഹംഗേറിയൻ താരം മാർട്ടൻ ഫുക്സോവിക്സ് (മധ്യത്തിൽ) എം.ഒ.ഐ കീരീടവുമായി.
റണ്ണറപ്പ് ഇറ്റാലിയൻ താരം ആൻഡ്രിയ വാവാസോറിയ സമീപം


നാലാമത് എം.ഒ.ഐ ടെന്നീസ് ചാലഞ്ചർ കിരീടം മാർട്ടൻ ഫുക്സോവിക്സിന്

മനാമ: നാലാമത് ബഹ്റൈൻ മിനിസ്ട്രി ഓഫ് ഇന്‍റീരിയർ ടെന്നീസ് ചാലഞ്ചർ (എം.ഒ.ഐ) കിരീടം സ്വന്തമാക്കി ഹംഗേറിയൻ താരം മാർട്ടൻ ഫുക്സോവിക്സ്. ഗുദൈബിയയിലെ പബ്ലിക് സെക്യൂരിറ്റി ഓഫിസേഴ്സ് ക്ലബിലെ സെന്‍റർ കോർട്ടിൽ നടന്ന വാശിയേറിയ ഫൈനലിൽ ഇറ്റാലിയൻ താരം ആൻഡ്രിയ വാവാസോറിയെ പരാജയപ്പെടുത്തിയാണ് ഫുക്സോവിക്സ് കീരീടം നേടിയത്. സ്കോർ 6-3, 7-6, 6-4.

മത്സരത്തിന്‍റെ തുടക്കത്തിലേ ഫുക്സോവിക്സ് ആധിപത്യം സ്ഥാപിച്ചിരുന്നു. മികച്ച സർവിസുകളും ഷോട്ടുകളുമായി കളിയിലുടനീളം ആക്രമണം അഴിച്ചുവിട്ട ഫുക്സോവിക്സ് ആദ്യ സെറ്റ് 6-3ന് അനായാസം നേടി.

രണ്ടാം സെറ്റിൽ ഇറ്റാലിയൻ താരം വാവാസോറിയ പൊരുതി നിന്നെങ്കിലും അവസാന ലാപ്പിൽ ടൈബ്രേക്കറിൽ 7-6 എന്ന നിലയിൽ സെറ്റ് കരസ്ഥമാക്കി ഫുക്സോവിക്സ് മുന്നിലെത്തി. കളിയിൽ തുടരാനുള്ള മൂന്നാം പോരാട്ടത്തിൽ വാവാസോറിയ ആക്രമിച്ചു കളിച്ചെങ്കിലും നിരാശയായിരുന്നു ഫലം. കരുത്തനായ ഫുക്സോവിക്സ് മൂന്നാം സെറ്റും നേടി കപ്പിനെ ചുണ്ടോടടുപ്പിച്ചു.

ബഹ്റൈനിൽ കഴിഞ്ഞ രണ്ടു ദിവസമായി തുടരുന്ന മഴ കളിയെയും ബാധിച്ചിരുന്നു. നേരത്തിന് മത്സരം നടത്താൻ കഴിയാതിരുന്നതിനാൽ ഒരേ ദിവസം ക്വാർട്ടർ ഫൈനലും സെമി ഫൈനലും കളിച്ചാണ് ഫുക്സോവിക്സ് ഫൈനലിലെത്തിയത്. രണ്ട് ലക്ഷം ഡോളറാണ് സമ്മാനത്തുക‍യായി ഹംഗേറിയൻ താരത്തിന് ലഭിക്കുക.

ഫൈനൽ വീക്ഷിക്കാൻ മറ്റു ഉദ്യോഗസ്ഥരോടൊപ്പം ആഭ്യന്തര മന്ത്രി ജനറൽ ശൈഖ്​ റാശിദ്​ ബിൻ അബ്​ദുല്ല അൽ ഖലീഫ സ്റ്റേഡിയത്തിലെത്തിയിരുന്നു.

അസോസിയേഷൻ ഓഫ് ടെന്നീസ് പ്രഫഷനൽസ് (എ.ടി.പി) അംഗീകരിച്ച ബഹ്റൈൻ മിനിസ്ട്രി ഓഫ് ഇന്‍റീരിയർ ടെന്നീസ് ചാലഞ്ചർ (എം.ഒ.ഐ) അതിന്‍റെ നാലാം പതിപ്പാണ് കഴിഞ്ഞ ദിവസങ്ങളിലായി നടത്തിയത്.

2021ൽ ആരംഭിച്ച മത്സരം 2022ൽ നടന്നിരുന്നില്ല. പിന്നീടിങ്ങോട്ട് തുടർച്ചയായി ഓരോ വർഷവും മികച്ച രീതിയിൽതന്നെ അരങ്ങേറി. രാജ്യത്തെ ടെന്നീസ് ആരാധകർക്കിടയിൽ മികച്ച പിന്തുണയുള്ള എം.ഒ.ഐയുടെ അടുത്ത വർഷത്തെ പതിപ്പിനായി കാത്തിരിക്കുകയാണ് രാജ്യം.


Tags:    
News Summary - Marton Fucsovics wins fourth MOI Tennis Challenger title

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.