പ്രതീകാത്മക ചിത്രം
മനാമ: അപകടകാരികളായ മൃഗങ്ങളെ വളർത്തുന്നതിനും കൈമാറ്റം ചെയ്യുന്നതിനും നിയന്ത്രണമേർപ്പെടുത്തിക്കൊണ്ടുള്ള പുതിയ നിയമഭേദഗതി ബഹ്‌റൈൻ ശൂറ കൗൺസിൽ ചർച്ച ചെയ്യും. ഇത്തരം മൃഗങ്ങളെ ഉപയോഗിച്ച് മറ്റുള്ളവരെ ആക്രമിക്കുന്നവർക്ക് ഏഴ് വർഷം വരെ തടവും, ആക്രമണത്തിൽ ഇര മരിക്കുകയാണെങ്കിൽ ജീവപര്യന്തം തടവും വ്യവസ്ഥ ചെയ്യുന്നതാണ് പുതിയ നിയമം.
പാർലമെന്റ് നേരത്തെ ഏകകണ്ഠമായി അംഗീകരിച്ച ഈ നിയമം, പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം മൃഗക്ഷേമം കൂടി ലക്ഷ്യമിട്ടുള്ളതാണെന്ന് ശൂറ കൗൺസിൽ പബ്ലിക് യൂട്ടിലിറ്റീസ് ആൻഡ് എൻവയോൺമെന്റ് അഫയേഴ്സ് കമ്മിറ്റി ചെയർമാൻ ഡോ. മുഹമ്മദ് അലി ഹസ്സൻ പറഞ്ഞു. അപകടകാരിയായ മൃഗത്തെ ഉപയോഗിച്ച് ഒരാളെ ആക്രമിക്കുകയും അതിലൂടെ സ്ഥിരമായ വൈകല്യം സംഭവിക്കുകയും ചെയ്താൽ 3 മുതൽ 7 വർഷം വരെ തടവ് ലഭിക്കും. മരണം സംഭവിക്കുകയാണെങ്കിൽ ശിക്ഷ ജീവപര്യന്തമായി ഉയരും. ഭയപ്പെടുത്താനോ പരിഭ്രാന്തി പരത്താനോ മൃഗങ്ങളെ ഉപയോഗിച്ചാൽ ജയിൽ ശിക്ഷയ്ക്കും 1,000 മുതൽ 10,000 ദീനാർ വരെ പിഴയ്ക്കും വ്യവസ്ഥയുണ്ട്. വ്യക്തികൾക്ക് അപകടകാരികളായ മൃഗങ്ങളെ വളർത്താൻ അനുമതിയുണ്ടാകില്ല. മൃഗശാലകൾ, സർക്കസ്സുകൾ, ഗവേഷണ കേന്ദ്രങ്ങൾ, വൈൽഡ് ലൈഫ് പാർക്കുകൾ എന്നിവയ്ക്ക് മാത്രമേ കർശനമായ നിബന്ധനകളോടെ ലൈസൻസ് അനുവദിക്കൂ.
ലൈസൻസുള്ള സ്ഥാപനങ്ങൾ എല്ലാ മൃഗങ്ങളുടെയും കൃത്യമായ റെക്കോർഡുകൾ സൂക്ഷിക്കണം. കൃത്യമായ വെറ്റിനറി പരിചരണം, സുരക്ഷിതമായ കൂടുകൾ, മതിയായ ഭക്ഷണം എന്നിവ ഉറപ്പാക്കണം. മൃഗങ്ങൾ ചാടിപ്പോകുകയോ രോഗം ബാധിക്കുകയോ ചെയ്താൽ ഉടൻ അധികൃതരെ അറിയിക്കണം.
നിലവിൽ ഇത്തരം മൃഗങ്ങളെ കൈവശം വെച്ചിട്ടുള്ളവർക്ക് നിയമം പ്രാബല്യത്തിൽ വന്നാൽ ആറ് മാസത്തിനകം അവയുടെ പദവി നിയമവിധേയമാക്കാൻ സമയം അനുവദിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.