തദ്ദേശ തെരഞ്ഞെടുപ്പിനുശേഷം മറ്റൊരു നിയമസഭ തെരഞ്ഞെടുപ്പിന്റെ പടിവാതിലിൽ എത്തിനിൽക്കുമ്പോൾ ഗ്രാമ, ബ്ലോക്ക്, ജില്ല പഞ്ചായത്ത് മുനിസിപ്പാലിറ്റി, കോർപറേഷൻ വാർഡുകളിൽ മത്സരിച്ച് ജയിച്ചവർ വീണ്ടും അസംബ്ലി തെരഞ്ഞെടുപ്പിൽ പറ്റുമെങ്കിൽ ഒരു കൈ നോക്കാൻ ഉള്ള ശ്രമം നല്ല സൂചനയല്ല.
എം.പി സ്ഥാനങ്ങളിൽ മത്സരിച്ച് ജയിച്ചവരും നിയമസഭയിലേക്ക് മത്സരിക്കുന്ന അപൂർവം കാഴ്ച ഒഴിവാക്കേണ്ടതാണ്. സ്വയം ഒഴിവാകുന്നില്ലെങ്കിൽ ജനങ്ങൾക്കു ഒഴിവാക്കാൻ പറ്റിയ അവസരം ബോധപൂർവം വോട്ടവകാശം വിനിയോഗിച്ചാൽ ഇത്തരം ആവേശത്തുടർച്ച തീരാവുന്നതേയുള്ളൂ. മത്സരിച്ച മണ്ഡലങ്ങൾ ഉപേക്ഷിച്ച് ജയിച്ചവർ വീണ്ടും പുതിയ മണ്ഡലങ്ങൾ, സ്ഥാനങ്ങൾ തേടിപ്പോകുന്ന അനാവശ്യമായ പഴഞ്ചൻ രീതിക്ക് തിരുത്തൽ ആവശ്യമായ തിരിച്ചറിയേണ്ട പുതുകാലമാണ്. അനാവശ്യമായ തെരഞ്ഞെടുപ്പ് ചെലവുകൾക്കും പ്രവർത്തനങ്ങൾക്കും സമയവും സാമ്പത്തികവും ദുർവ്യയം ചെയ്യുന്ന ഇത്തരം പ്രമോഷൻ രീതികൾ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതല്ല.
സാധ്യമാണെങ്കിൽ ഒരു കാലയളവിൽ ഒരു മണ്ഡലം ഒരു പ്രതിനിധി എന്ന രീതിയിൽ നിയമനിർമാണം അടക്കമുള്ള കാര്യങ്ങളിലേക്ക് ജയിച്ചുവരുന്ന ജനപ്രതിനിധികൾ അല്ലെങ്കിൽ മുന്നണികൾ തന്നെ മുൻകൈയെടുക്കേണ്ടതാണ്. ഇതിന് ഒരു അറുതി വരുന്നില്ല എങ്കിൽ തിരഞ്ഞെടുക്കുന്ന ജനങ്ങൾ തന്നെ ഇതിനൊരു അറുതി വരുത്താൻ വോട്ടെടുപ്പ് സമയത്ത് മുന്നിട്ടിറങ്ങേണ്ട സാഹചര്യമാണ് സംജാതമാകുന്നത്. ഒന്നിൽ കൂടുതൽ മണ്ഡലങ്ങളിൽ ഒരേ സ്ഥാനാർഥികൾ മത്സരിക്കുന്നത് ഒഴിവാക്കി തെരഞ്ഞെടുക്കപ്പെട്ട മണ്ഡലങ്ങളിൽ മുഴുവൻ കാലയളവും നീതിപൂർവമായി പ്രവർത്തിക്കുവാൻ ജനപ്രതിനിധികൾ അഥവാ നേതൃത്വം കൊടുക്കുന്ന മുന്നണികൾ എങ്കിലും പുരോഗമനകാലത്ത് തയാറാകണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.