അഡ്വ. സുജ ജെ. പി. മേനോന്‍
കെ.എസ്.സി.എ തിരഞ്ഞെടുപ്പ്: അഡ്വ. സുജ ജെ. പി. മേനോൻ റിട്ടേണിങ് ഓഫിസർ
മനാമ: കേരള സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷൻ (കെ.എസ്.സി.എ) 2026–2028 കാലയളവിലേക്കുള്ള പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് നടപടികൾക്ക് തുടക്കം കുറിച്ചു. സംഘടനയുടെ ചരിത്രത്തിൽ ആദ്യമായി ഒരു വനിതയെ റിട്ടേണിങ് ഓഫീസറായി നിയമിച്ചു എന്ന പ്രത്യേകതയോടെയാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പ് നടപടികൾ ആരംഭിക്കുന്നത്. അഡ്വ. സുജ ജെ. പി. മേനോനാണ് തിരഞ്ഞെടുപ്പിന്റെ റിട്ടേണിങ് ഓഫീസർ.
സെപ്റ്റംബർ 26-ന് കെ.എസ്.സി.എയിൽ ചേർന്ന പൊതുയോഗത്തിലാണ് ഈ പ്രഖ്യാപനം നടത്തിയത്. ഭരണഘടനയിലെയും ബൈലോകളിലെയും വ്യവസ്ഥകൾ പ്രകാരവും എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ തീരുമാനപ്രകാരവുമാണ് നിയമനം. 2026 ഒക്ടോബർ 1 മുതൽ അവർ ചുമതലയേൽക്കും.
തിരഞ്ഞെടുപ്പ് നടപടികൾ സുതാര്യവും നിഷ്പക്ഷവും ക്രമബദ്ധവുമായി പൂർത്തിയാക്കാൻ എല്ലാ അംഗങ്ങളുടെയും സഹകരണം ഭാരവാഹികൾ അഭ്യർത്ഥിച്ചു. പ്രസിഡന്റ് രാജേഷ് നമ്പ്യാരുടെ അധ്യക്ഷതയിൽ ചേർന്ന പൊതുയോഗത്തിൽ ജനറൽ സെക്രട്ടറി ഡോ. ബിന്ദു നായർ സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി സതീഷ് നന്ദിയും രേഖപ്പെടുത്തി.
മുൻ പ്രസിഡന്റുമാർ, മുതിർന്ന അംഗങ്ങൾ, എക്സിക്യൂട്ടീവ് കമ്മിറ്റി ഭാരവാഹികൾ എന്നിവർ പങ്കെടുത്ത യോഗത്തിൽ നിലവിലെ പ്രവർത്തനങ്ങളും വരാനിരിക്കുന്ന പരിപാടികളും തിരഞ്ഞെടുപ്പ് നടപടികളും ചർച്ച ചെയ്തു. ജനാധിപത്യപരമായ പ്രവർത്തനങ്ങളിൽ അംഗങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ട് പുതിയ നേതൃത്വത്തെ തിരഞ്ഞെടുക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്ന് ഭാരവാഹികൾ ഓർമ്മിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.