ആഭ്യന്തര മന്ത്രി ജനറൽ ശൈഖ് റാശിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ യോഗത്തിനിടെ
ഇറാൻ ആക്രമണം: പ്രതിരോധ നടപടികൾ വിലയിരുത്തി ബഹ്റൈൻ
മനാമ: രാജ്യത്തിനുനേരെയുണ്ടായ ഇറാനിയൻ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ, ദേശീയ സുരക്ഷയും അടിയന്തര തയ്യാറെടുപ്പുകളും അവശ്യ സേവനങ്ങളുടെ ലഭ്യതയും വിലയിരുത്തുന്നതിനായി ബഹ്റൈനിലെ ലെജിസ്ലേറ്റീവ്, എക്സിക്യൂട്ടീവ് അതോറിറ്റികൾ സംയുക്ത യോഗം ചേർന്നു. ഭീഷണികൾ നിലനിൽക്കുന്ന സാഹചര്യത്തിൽ പരസ്പര സഹകരണവും സജ്ജീകരണങ്ങളും ശക്തമായി തുടരണമെന്ന് യോഗത്തിൽ ഉദ്യോഗസ്ഥർ ഊന്നിപ്പറഞ്ഞു.
പാർലമെന്റ് സ്പീക്കർ അഹമ്മദ് അൽ മുസല്ലം, ശൂറ കൗൺസിൽ ചെയർമാൻ അലി സ്വാലിഹ് അൽ സ്വാലിഹ് എന്നിവരുടെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. ആഭ്യന്തര മന്ത്രി ജനറൽ ശൈഖ് റാശിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ, സർക്കാർ പ്രതിനിധികൾക്ക് നേതൃത്വം നൽകി. പൗരന്മാരുടെയും പ്രവാസികളുടെയും സുരക്ഷ ഉറപ്പാക്കൽ, അവശ്യവസ്തുക്കളുടെ ലഭ്യത, അടിയന്തര സാഹചര്യങ്ങളോടുള്ള പ്രതികരണം, നാശനഷ്ടങ്ങൾ പരിഹരിക്കൽ തുടങ്ങിയ കാര്യങ്ങൾ യോഗത്തിൽ വിശദമായി അവലോകനം ചെയ്തു.
ബഹ്റൈന്റെ പ്രതിരോധ തയ്യാറെടുപ്പുകൾ പെട്ടെന്നുണ്ടായ ഒന്നല്ലെന്നും കഴിഞ്ഞ 25 വർഷത്തെ കൃത്യമായ ആസൂത്രണത്തിന്റെയും സ്ഥാപനപരമായ വളർച്ചയുടെയും ഫലമാണെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു. പ്രാദേശിക സാഹചര്യങ്ങൾ നിരന്തരം നിരീക്ഷിച്ച് സർക്കാർ ഏജൻസികൾ മുൻകൂട്ടി തന്നെ ഒത്തൊരുമയോടെ പ്രവർത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ആയിരത്തിലധികം ഇറാനിയൻ മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ ബഹ്റൈൻ ഡിഫൻസ് ഫോഴ്സ് വിജയകരമായി നേരിട്ടതായി ആഭ്യന്തര മന്ത്രി അറിയിച്ചു. സുപ്രീം ഡിഫൻസ് കൗൺസിൽ, കാബിനറ്റ്, കോ-ഓർഡിനേഷൻ കമ്മിറ്റി, സിവിൽ ഡിഫൻസ് കൗൺസിൽ, നാഷണൽ സിവിൽ എമർജൻസി മാനേജ്‌മെന്റ് കമ്മിറ്റി എന്നിവ വഴി മിലിട്ടറി, സെക്യൂരിറ്റി, സിവിൽ ഏജൻസികൾ സംയുക്തമായി പ്രവർത്തിച്ചു വരുന്നു. രാജ്യത്തുടനീളം അടിയന്തര ഓപ്പറേഷൻ റൂമുകളും ഒഴിപ്പിക്കൽ പദ്ധതികളും സജീവമാക്കി. 40,000-ത്തിലധികം ആളുകളെ ഉൾക്കൊള്ളാൻ സാധിക്കുന്ന 35 അഭയകേന്ദ്രങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. ആംബുലൻസ്, മെഡിക്കൽ സേവനങ്ങൾ എന്നിവ അതീവ ജാഗ്രതയിലാക്കി.
അതോടൊപ്പം സൈബർ സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുകയും, അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കാൻ സ്റ്റോക്കുകൾ നിലനിർത്തുകയും ചെയ്തിട്ടുണ്ട്. തുടരുന്ന സംഘർഷ സാഹചര്യം കണക്കിലെടുത്ത് ദേശീയ ജാഗ്രതയിൽ യാതൊരു വിട്ടുവീഴ്ചയും വരുത്താനാകില്ലെന്നും, കൂടുതൽ മുൻകരുതലുകളും ഏകോപനവും ആവശ്യമാണെന്നും ശൈഖ് റാശിദ് മുന്നറിയിപ്പ് നൽകി. ഡിജിറ്റൽ മുന്നറിയിപ്പ് സംവിധാനങ്ങളും അടിയന്തര സുരക്ഷാ ആശയവിനിമയ മാർഗ്ഗങ്ങളും ജനങ്ങളിലേക്ക് വേഗത്തിൽ വിവരങ്ങൾ എത്തിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.