ബഹ്റൈൻ-യു.എ.ഇ മത്സരത്തിനിടെ

ബഹ്റൈന്‍റെ ഗൾഫ് കപ്പ് പ്രതീക്ഷ അസ്തമിച്ചു; യു.എ.ഇയോട് പരാജയപ്പെട്ട് ടൂർണമെന്‍റിൽ നിന്ന് പുറത്തായി നിലവിലെ ചാമ്പ്യന്മാർ

മനാമ: ഗൾഫ് കപ്പിൽ നിലവിലെ ചാമ്പ്യന്മാരായ ബഹ്റൈൻ സെമി കാണാതെ പുറത്തായി. ഗ്രൂപ്പ് ബിയിൽ നടന്ന നിർണായക മത്സരത്തിൽ യു.എ.ഇ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ബഹ്റൈനെ പരാജയപ്പെടുത്തിയത്. ജിദ്ദയിലെ പ്രിൻസ് അബ്ദുള്ള അൽ ഫൈസൽ സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആധിപത്യം സ്ഥാപിച്ച യു.എ.ഇ ഒരു മത്സരം ശേഷിക്കെ സെമി ഫൈനൽ ഉറപ്പിച്ചു. യു.എ.ഇക്കായി ഉസ്മാൻ കമാറ ആദ്യ ഗോൾ നേടിയപ്പോൾ പകരക്കാരായി ഇറങ്ങിയ ഗിൽഹെർമെ ബാല, അലി സ്വാലിഹ് എന്നിവരാണ് മറ്റ് ഗോളുകൾ കണ്ടെത്തിയത്.

മത്സരത്തിലുടനീളം വ്യക്തമായ മേധാവിത്തം പുലർത്തിയത് യു.എ.ഇ ആയിരുന്നു. ആദ്യ പകുതിയിൽ മികച്ച അവസരങ്ങൾ സൃഷ്ടിച്ച യു.എ.ഇ ആക്രമണങ്ങളെ ബഹ്റൈൻ ഗോൾകീപ്പർ ഇബ്രാഹിം ലുത്ഫല്ലയുടെ മികവാണ് പലപ്പോഴും തടഞ്ഞുനിർത്തിയത്. എന്നാൽ 29-ാം മിനിറ്റിൽ വലതുഭാഗത്തുനിന്ന് യൂറി സെസാർ നൽകിയ ക്രോസ് അമീൻ ബെന്നാദിയുടെ പ്രതിരോധത്തെ മറികടന്ന് ഉസ്മാൻ കമാറ ഹെഡ്ഡറിലൂടെ ബഹ്റൈൻ വലയിലെത്തിച്ചു. മറുപടി ആക്രമണങ്ങൾ അഴിച്ചുവിടാൻ ബഹ്റൈന് സാധിച്ചില്ല. ആദ്യ പകുതിക്ക് പിരിയുമ്പോൾ 1-0 എന്ന ലീഡിലായിരുന്നു യു.എ.ഇ.

രണ്ടാം പകുതിയിലും യു.എ.ഇ ആധിപത്യം തുടർന്നു. 52-ാം മിനിറ്റിൽ നിക്കോളാസ് ജിമെനെസിന്റെ ഹെഡ്ഡർ ക്രോസ് ബാറിലിടിച്ച് മടങ്ങിയത് ബഹ്റൈന് ആശ്വാസമായെങ്കിലും, 65-ാം മിനിറ്റിൽ യു.എ.ഇ വീണ്ടും വലകുലുക്കി. മാർക്കസ് മെലോണിയുടെ ദീർഘദൂര പാസ് സ്വീകരിച്ച പകരക്കാരൻ ഗിൽഹെർമെ ബാല ശാന്തമായി പന്ത് പോസ്റ്റിന്റെ താഴത്തെ കോണിലെത്തിച്ച് സ്കോർ 2-0 ആക്കി. 87-ാം മിനിറ്റിൽ ബഹ്റൈൻ താരം വലീദ് അൽ ഹയ്യാം പന്ത് നഷ്ടപ്പെടുത്തിയതിന് പിന്നാലെ ബ്രൂണോ കൊൺസെയ്സാവോ നൽകിയ പാസ് സ്വീകരിച്ച് അലി സ്വാലിഹ് ഗോൾകീപ്പർക്ക് മുകളിലൂടെ പന്ത് ചിപ്പ് ചെയ്ത് യു.എ.ഇയുടെ മൂന്നാം ഗോളും വിജയവും ഉറപ്പിച്ചു.

മത്സരശേഷം ബഹ്റൈൻ കോച്ച് ഡ്രാഗൻ തലാജിച്ച് ആരാധകരോട് മാപ്പ് അപേക്ഷിച്ചു. ടൂർണമെന്റിൽ മുന്നേറാനും ആരാധകരെ സന്തോഷിപ്പിക്കാനും ആഗ്രഹിച്ചിരുന്നെങ്കിലും ഫലം അംഗീകരിക്കാൻ നിർബന്ധിതരാണെന്നും ഭാവിയിലേക്ക് കൂടുതൽ മെച്ചപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. വരുത്തിയ തെറ്റുകൾ തിരുത്തി ഭാവി മത്സരങ്ങളിൽ ശക്തമായി തിരിച്ചെത്തുമെന്നും തലാജിച്ച് കൂട്ടിചേർത്തു.

നേരത്തെ നടന്ന മത്സരത്തിൽ ഖത്തർ 1-0 ന് യെമനെ പരാജയപ്പെടുത്തി. ഇതോടെ ഗ്രൂപ്പ് ബിയിൽ നിന്ന് യു.എ.ഇയും ഖത്തറും സെമി ഫൈനലിലേക്ക് യോഗ്യത നേടി. ബഹ്റൈനും യെമനും പുറത്തായി. ചൊവ്വാഴ്ച നടക്കുന്ന ഗ്രൂപ് എയിലെ നിർണായക മത്സരങ്ങളിൽ സൗദി അറേബ്യ ഇറാഖിനെയും ഒമാൻ കുവൈത്തിനെയും നേരിടും. ബുധനാഴ്ച ഗ്രൂപ് ബിയിൽ ആദ്യ പോയിന്റ് ലക്ഷ്യമിട്ട് ബഹ്റൈൻ യെമനെയും, ഗ്രൂപ് ടോപ്പർമാരെ തീരുമാനിക്കാൻ ഖത്തർ യു.എ.ഇയെയും നേരിടും. ശനിയാഴ്ചയാണ് സെമി ഫൈനൽ പോരാട്ടങ്ങൾ നടക്കുക.ഫൈനൽ അടുത്ത ചൊവ്വാഴ്ച ജിദ്ദയിൽ അരങ്ങേറും.

Tags:    
News Summary - Defending Champions Bahrain Knocked Out of Gulf Cup After 3-0 Defeat to UAE

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.