നാട്ടിലേക്ക് കൊണ്ടുപോകാൻ ഏൽപിച്ച സ്വർണം മോഷ്ടിച്ചു; ബഹ്റൈനിൽ രണ്ട് ഏഷ്യൻ വനിതകൾ അറസ്റ്റിൽ

മനാമ: നാട്ടിലേക്ക് കൊണ്ടുപോകാനായി വിശ്വസിച്ച് ഏൽപ്പിച്ച 8,000 ബഹ്റൈനി ദിനാറോളം വിലമതിക്കുന്ന സ്വർണാഭരണങ്ങളുമായി കടന്നുകളഞ്ഞ ഏഷ്യക്കാരായ രണ്ട് പ്രവാസി വനിതകൾ ബഹ്റൈനിൽ അറസ്റ്റിലായി.

അവധിക്കായി നാട്ടിലേക്ക് പോകാനൊരുങ്ങിയ സ്ത്രീയുടെ കൈവശമാണ് ഉടമസ്ഥൻ സ്വർണം വിശ്വസിച്ചേൽപ്പിച്ചിരുന്നത്. ടിക്കറ്റെടുത്ത് യാത്രയ്ക്കായി തയ്യാറെടുത്ത പ്രതിയുടെ വിവരമൊന്നും യാത്രാസമയത്തിനു ശേഷവും ഇല്ലാതായതിനെ തുടർന്നാണ് ഉടമസ്ഥൻ നഈം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.

പരാതി ലഭിച്ച ഉടൻ തന്നെ പൊലീസ് ആഭ്യന്തര മന്ത്രാലയത്തിലെ വിവിധ വിഭാഗങ്ങളുടെ സഹകരണത്തോടെ അടിയന്തര അന്വേഷണം ആരംഭിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതി നാട്ടിലേക്ക് പോയിട്ടില്ലെന്നും ബഹ്റൈനിൽ തന്നെ തുടരുകയാണെന്നും വ്യക്തമായത്. തുടർന്ന് പൊലീസ് നടത്തിയ തിരച്ചിലിൽ ഇവരെ കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇവരെ ചോദ്യം ചെയ്തതിൽ നിന്ന് കേസിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന സഹതാമസക്കാരിയായ മറ്റൊരു ഏഷ്യൻ വനിതയെയും പൊലീസ് തിരിച്ചറിഞ്ഞ് കസ്റ്റഡിയിലെടുത്തു.

നഈം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ മേജർ ഖലീഫ ആൽഥാനിയുടെ മേൽനോട്ടത്തിലാണ് അന്വേഷണവും തുടർനടപടികളും നടന്നത്.

ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടലും കാര്യക്ഷമമായ ഏകോപനവുമാണ് പ്രതികളെ വേഗത്തിൽ വലയിലാക്കാൻ സഹായിച്ചത്. കാണാതായ സ്വർണാഭരണങ്ങളുടെ ഭൂരിഭാഗവും അന്വേഷണസംഘം കണ്ടെത്തി വീണ്ടെടുക്കുകയും യഥാർത്ഥ ഉടമസ്ഥന് കൈമാറുകയും ചെയ്തിട്ടുണ്ട്. ശേഷിക്കുന്ന ചെറിയൊരു ഭാഗം കൂടി കണ്ടെത്തുന്നതിനായി അന്വേഷണം പുരോഗമിക്കുകയാണ്.

പിടിയിലായ പ്രതികൾക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ച ശേഷം കേസ് തുടരന്വേഷണത്തിനായി മേൽ അധികാരികൾക്ക് കൈമാറിയതായി പൊലീസ് അറിയിച്ചു. പൊലീസിന്റെയും ആഭ്യന്തര മന്ത്രാലയത്തിന്റെയും ദ്രുതഗതിയിലുള്ള നടപടികൾക്കും സ്വർണം തിരികെ ലഭിച്ചതിനും പരാതിക്കാരനും ബന്ധുക്കളും ഉദ്യോഗസ്ഥർക്ക് നന്ദി അറിയിച്ചു.

Tags:    
News Summary - Two Asian Women Arrested in Bahrain for Stealing Gold

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.