‘സംസ്കാര ബഹ്റൈൻ പൂരം 2023’ൽനിന്ന്
മനാമ: ഇരുനൂറിൽപരം ബഹുവർണക്കുടകൾ രണ്ടുമണിക്കൂർ സമയം ബഹ്റൈനിന്റെ ആകാശത്ത് നിരന്നപ്പോൾ ഈസ ടൗൺ ഇന്ത്യൻ സ്കൂൾ അങ്കണത്തിലണിനിരന്ന ആയിരങ്ങൾ ഹർഷാരവമുയർത്തി. രണ്ടാം ഈദ് ദിനത്തിൽ നടന്ന ‘സംസ്കാര ബഹ്റൈൻ പൂരം 2023’ ആണ് വിസ്മയപ്രപഞ്ചം സൃഷ്ടിച്ചത്. കൊടിയേറ്റത്തോടെയാണ് പൂരാഘോഷത്തിന് തുടക്കമായത്.
സംസ്കാര ബഹ്റൈൻ പൂരത്തിൽനിന്ന്
കേളികൊട്ടിന്റെ അകമ്പടിയോടെ നടന്ന കൊടിയേറ്റിനുശേഷം തിരുവമ്പാടി കൊമ്പനേയും പാറമേക്കാവ് കൊമ്പനേയും ഗേറ്റിനടുത്തുനിന്ന് കൊടിമരത്തിനടുത്തേക്ക് എഴുന്നള്ളിച്ചു. പിന്നീട് ചെറുപൂരങ്ങളുടെ വരവായി. തെയ്യം, കാവടി, ബാൻഡ്മേളം, പഞ്ചവാദ്യം എന്നിവയെല്ലാം ചേർന്ന മായികപ്രപഞ്ചം ചെറുപൂരങ്ങൾക്ക് കൊഴുപ്പേകി. ചെറുപൂരങ്ങൾ കണ്ടു രസിച്ചുനിന്ന ആബാലവൃദ്ധം ജനങ്ങളുടെ മനസ്സിനെ കീഴടക്കിക്കൊണ്ട് ഇലഞ്ഞിത്തറമേളം തുടങ്ങി. മേളപ്രമാണി പെരുവനം കുട്ടൻ മാരാരുടെ നേതൃത്വത്തിലുള്ള വിദ്വാൻമാർ അണിനിരന്നപ്പോൾ തന്നെ കാഴ്ചക്കാരുടെ മനസ്സിൽ ആയിരം കതിനകൾ ഒന്നിച്ചുപൊട്ടി. പെരുവനത്തിന്റെ കൂടെ മകൻ പെരുവനം കാർത്തിക് മാരാരുമുണ്ടായിരുന്നു.
ആനക്കമ്പം... പൂരത്തിനിടെ ആനയുടെ മാതൃകയ്ക്കടുത്തുനിന്ന്
ഫോട്ടോ എടുക്കുന്ന കുട്ടികൾ -സത്യൻ പേരാമ്പ്ര
കൂടാതെ പെരുവനം ഗോപാലകൃഷ്ണൻ (പാറമേക്കാവ് വിഭാഗം വലംതല പ്രമാണി), കൊമ്പത്ത് അനിൽ കുമാർ (തിരുവമ്പാടി വിഭാഗം കുറുംകുഴൽ പ്രമാണി), കാഞ്ഞിലശ്ശേരി പത്മനാഭൻ (വടക്കേ മലബാറിലെ പ്രസിദ്ധങ്ങളായ ഉത്സവങ്ങളിലെ മേളം, പഞ്ചവാദ്യം പ്രമാണി), അനിൽകുമാർ നങ്ങേലിൽ (പാറമേക്കാവ് വിഭാഗം ഇലത്താള കലാകാരൻ), ചെറുപ്പുളശ്ശേരി ശിവശങ്കരൻ (മലബാറിലെ പ്രസിദ്ധങ്ങളായ പൂരങ്ങളുടെ മദ്ദളപ്രമാണി), കൊരയങ്ങാട് സാജു (വടക്കേ മലബാറിലെ പ്രസിദ്ധങ്ങളായ ഉത്സവങ്ങളിലെ കൊമ്പ് പ്രമാണി), പെരുവനം വിനു (പാറമേക്കാവ് വിഭാഗം കൊമ്പ് കലാകാരൻ),അരവിന്ദൻ കാഞ്ഞിലശ്ശേരി (വടക്കേ മലബാറിലെ പ്രസിദ്ധങ്ങളായ ഉത്സവങ്ങളിലെ കുറുംകുഴൽ പ്രമാണി) എന്നീ മുതിർന്ന കലാകാരൻമാരും.
സംസ്കാര ബഹ്റൈൻ പൂരത്തിെൻറ ഭാഗമായി കുടമാറ്റം
ഇവരോടൊപ്പം സന്തോഷ് കൈലാസിന്റെ നേതൃത്വത്തിൽ ബഹ്റൈനിലെ 115 കലാകാരൻമാരടങ്ങുന്ന സോപാനം വാദ്യകലാസംഘം. പിന്നെയങ്ങോട്ട് പെരുക്കലുകളുടെ പെരുക്കലായിരുന്നു. ആയിരങ്ങൾ മേളവാദ്യത്തിലലിഞ്ഞ് ഇല്ലാതായ മണിക്കൂറുകൾ. ഓരോ അണുവിലും താളം നിറഞ്ഞുനിന്ന അന്തരീക്ഷത്തിലാണ് കുടമാറ്റം തുടങ്ങിയത്. 20 സെറ്റുകളിലായി 200ൽപരം കുടകൾ ആകാശത്ത് വിടർന്നു. നടരാജവിഗ്രഹം അടങ്ങിയ കുട തിരുവമ്പാടി ഉയർത്തിയപ്പോൾ ഈദ് ആശംസകൾ നേർന്നുകൊണ്ടുള്ള കുട ഉയർത്തി പാറമേക്കാവ് ശ്രദ്ധേയമായി. തുടർന്നങ്ങോട്ട് രണ്ടുമണിക്കുർ കാഴ്ചക്കാരുടെ മനസ്സിൽ ലക്ഷക്കണക്കിന് ബഹുവർണക്കുടകൾ മാറുന്ന അനുഭൂതിയായിരുന്നു. സമാപനം കുറിച്ച് ഡിജിറ്റൽ വെടിക്കെട്ടുകൂടി നടന്നപ്പോൾ മികച്ച സദ്യ ഉണ്ട പ്രതീതി. പത്തരയോടെയാണ് പൂരം സമാപിച്ചത്.
കോൺവെക്സ് ഇവന്റസുമായി സഹകരിച്ചാണ് സംസ്കാര ബഹ്റൈൻ പൂരം സംഘടിപ്പിച്ചത്. പ്രസിഡന്റ് സുനിൽ ഓടാട്ട്, സെക്രട്ടറി ഉണ്ണികൃഷ്ണൻ, ട്രഷറർ റഷീദ്, ജോഷി ഗുരുവായൂർ (കൺവീനർ), സംസ്കാര ഫൗണ്ടർ കമ്മിറ്റി കൺവീനർ ഗോപകുമാർ, ഫൗണ്ടർ കമ്മിറ്റി അംഗങ്ങൾ, ഭരണസമിതി അംഗങ്ങൾ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിപാടികൾ. 2017ലാണ് സംസ്കാര ആദ്യമായി പൂരം സംഘടിപ്പിച്ചത്. ജനബാഹുല്യംമൂലമാണ് ഇത്തവണ വേദിയായി ഇന്ത്യൻ സ്കൂൾ തിരഞ്ഞെടുത്തതെന്ന് സംസ്കാര ഫൗണ്ടർ കമ്മിറ്റി കൺവീനർ ഗോപകുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.