കെ.എം.സി.സി ദേശീയ ദിനാഘോഷം
മനാമ: ബഹ്റൈൻ കെ.എം.സി.സി ആഭിമുഖ്യത്തിൽ ബഹ്റൈൻ ദേശീയ ദിനാഘോഷം കെ.എം.സി.സി ഹാളിൽ നടന്നു. പിഞ്ചുകുട്ടികളുടെ കലാപരിപാടികൾ വർണപ്പകിട്ടേകി. കെ.എം.സി.സി ഉപാധ്യക്ഷൻ സലീം തളങ്കര അധ്യക്ഷത വഹിച്ചു. ബഹ്റൈൻ പാർലമെന്റ് അംഗം മുഹമ്മദ് ഹുസൈൻ ജനാഹി ഉദ്ഘാടനം ചെയ്തു. ഇന്ത്യ-ബഹ്റൈൻ ബന്ധം കാല പ്പഴക്കമുള്ളതാണെന്നും അതിനിയും ദൃഢമാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ബഹ്റൈൻ ദേശീയ ദിനം സ്വദേശികളെ പോലെ ആഘോഷമാക്കുന്നത് സന്തോഷകരമാണെന്ന് അദ്ദേഹം പറഞ്ഞു.
കെ.എം.സി.സി ജനറൽ സെക്രട്ടറി ശംസുദ്ദീൻ വെള്ളികുളങ്ങര ആമുഖ ഭാഷണം നടത്തി. ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷം പോലെ നമുക്ക് ഭക്ഷണം നൽകുന്ന നാടിന്റെ ദേശീയ ദിനവും നമുക്ക് ഒഴിച്ച് കൂടാൻ പറ്റാത്തതാണെന്ന് വെള്ളികുളങ്ങര പറഞ്ഞു. ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി കെ.എം.സി.സി ആഭിമുഖ്യത്തിൽ ഇരുന്നൂറോളം പേർ രക്തം ദാനം ചെയ്തു.
സംസ്ഥാന സെക്രട്ടറി ഫൈസൽ കോട്ടപ്പള്ളി സ്വാഗതവും ഫൈസൽ കണ്ടിതാഴ നന്ദിയും പറഞ്ഞു. വിദ്യാർഥി വിദ്യാർഥിനികളുടെ ഡാൻസ്, ഒപ്പന, സംഘഗാനം, ദേശീയ ഗാനം എന്നിവ അവിസ്മരണീയ അനുഭൂതി പരത്തി. ആഘോഷത്തിന്റെ ഭാഗമായി കേക്ക് മുറിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി. ഫൈസൽ, സഹീർ കാട്ടാമ്പള്ളി, സെക്രട്ടറി അഷ്റഫ് കാട്ടിൽപീടിക, ജില്ല ഏരിയ ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.