കേരളീയ സമാജം  സാഹിത്യ പുരസ്കാരം സക്കറിയക്ക്  

മനാമ: ബഹ്റൈന്‍ കേരളീയ സമാജത്തിന്‍െറ പോയവര്‍ഷത്തെ സാഹിത്യ പുരസ്കാരത്തിന്  എഴുത്തുകാരനും വിമര്‍ശകനുമായ സക്കറിയ അര്‍ഹനായി. കലാ-സാഹിത്യ രംഗത്തും മലയാള ഭാഷക്കും നല്‍കിയ സമഗ്ര സംഭാവനകള്‍ മാനിച്ചാണ് പുരസ്കാരം നല്‍കുന്നതെന്ന് സമാജം പ്രസിഡന്‍റ് പി.വി.രാധാകൃഷ്ണപിള്ള, ജനറല്‍ സെക്രട്ടറി എന്‍.കെ.വീരമണി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

അഞ്ചുപതിറ്റാണ്ടിലേറെയായി കഥാരംഗത്തെ സജീവസാന്നിധ്യമാണ് സക്കറിയ.  ആധുനികതയുടെ അടയാളമായി മാറിയ അദ്ദേഹത്തിന്‍െറ ചെറുകഥകള്‍ ജീവിതത്തിന്‍െറ അര്‍ഥം തിരയുന്നവയാണ്.  പ്രമേയത്തിനനുസരിച്ച്  നാടോടിക്കഥയുടെ ലാളിത്യവും  ഭ്രമാത്മകരചനയുടെ  സങ്കീര്‍ണതയും സക്കറിയയുടെ കഥകളില്‍ തെളിയുന്നതായി സമാജം ഭാരവാഹികള്‍ പറഞ്ഞു. 

 പുതുതലമുറയിലെ എഴുത്തുകാരെക്കാള്‍ പുതുമയും ശക്തിയും നിറയുന്ന സക്കറിയയുടെ കഥാലോകത്തിനുള്ള അംഗീകാരമാണ് സമാജം സാഹിത്യപുരസ്കാരമെന്ന് അവാര്‍ഡ് കമ്മിറ്റി അംഗങ്ങളായ എം .മുകുന്ദന്‍ (ചെയര്‍മാന്‍), ഡോ.കെ.എസ്.രവികുമാര്‍, പി.വി. രാധാകൃഷ്ണപിള്ള എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.

50,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്കാരം ഈ മാസം 25ന് രാത്രി കേരളീയ സമാജം ആസ്ഥാനത്ത് നടക്കുന്ന  ചടങ്ങില്‍ സമ്മാനിക്കും. തുടര്‍ന്ന് സക്കറിയയുമായി  മുഖാമുഖവും ഉണ്ടായിരിക്കും. 2000 മുതലാണ് സമാജം  സാഹിത്യ പുരസ്ക്കാരം ഏര്‍പ്പെടുത്തിയത്. മുന്‍വര്‍ഷങ്ങളില്‍ എം.ടി.വാസുദേവന്‍നായര്‍, എം.മുകുന്ദന്‍, ഒ.എന്‍.വി. കുറുപ്പ്, സുഗതകുമാരി,  കെ.ടി.മുഹമ്മദ്,സി.രാധാകൃഷ്ണന്‍, കാക്കനാടന്‍,സുകുമാര്‍ അഴീക്കോട്,  സേതു, സച്ചിദാനന്ദന്‍,  ടി.പത്മനാഭന്‍, പ്രഫ.എം.കെ.സാനു, കെ.ജി ശങ്കരപിള്ള, കാവാലം നാരായണപണിക്കര്‍ എന്നിവര്‍ക്കാണ് സാഹിത്യ പുരസ്ക്കാരം ലഭിച്ചത്.
മനോഹരന്‍ പാവറട്ടി, ദേവദാസ് കുന്നത്ത്, ഫ്രാന്‍സിസ് കൈതാരത്ത്, സിറാജ് കൊട്ടാരക്കര എന്നിവരും പങ്കെടുത്തു.

News Summary - keraleeyasamajam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.