ബഹ്റൈനിൽ സംഘടിപ്പിച്ച ടാൽറോപ്പിന്റെ വിശദീകരണ സംഗമം
മനാമ: ‘കേരളം ഒരു സിലിക്കൺ വാലി’ എന്ന ആശയത്തോടെ ഗൾഫ് മലയാളി ഫെഡറേഷനും ടാൽറോപ്പും സംയുക്തമായി സംഘടിപ്പിച്ച വിശദീകരണ സംഗമം ശ്രദ്ധേയമായി. ബഹ്റൈനിലെ ഡിപ്ലോമാറ്റിക് റാഡിസൺ ബ്ലൂ ഹോട്ടലിൽ നടന്ന പരിപാടിയിൽ ടാൽറോപ് ഫൗണ്ടറും സി.എഫ്.ഒയുമായ അനസ് അബ്ദുൽ ഗഫൂർ വിഷയത്തെക്കുറിച്ച് വിശദീകരിച്ചു.
നമ്മുടെ തലമുറക്ക് ഇനി അമേരിക്കയിലേക്ക് പോകേണ്ട ആവശ്യമില്ലെന്നും പകരം ലോകം നമ്മുടെ കൊച്ചുകേരളത്തിലേക്ക് വരട്ടെയെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക്, ഗൂഗ്ൾ, ആമസോൺ തുടങ്ങിയ വൻകിട കമ്പനികൾ ഇന്ത്യയിൽനിന്ന് ഏറ്റവും കൂടുതൽ വരുമാനം നേടുന്നതിന്റെ പ്രധാന കാരണം 140 കോടി ജനങ്ങളുള്ള ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ വിപണിയാണെന്ന തിരിച്ചറിവാണ്. ഈ തിരിച്ചറിവാണ് വൻകിട കമ്പനികളെ ഇന്ത്യൻ വിപണിയിലേക്ക് ആകർഷിക്കുന്നത്. ഇതിന് മറുപടിയാണ് തിരുവനന്തപുരം ജില്ലയിലെ കല്ലറ, പാങ്ങോട് തുടങ്ങിയ പ്രദേശങ്ങളിൽ നിന്ന് തുടക്കം കുറിച്ച ടാൽറോപ് എന്ന കമ്പനി. ടാൽറോപ് നടപ്പാക്കുന്ന വിവിധ പദ്ധതികളെക്കുറിച്ച് അനസ് അബ്ദുൽ ഗഫൂർ കൃത്യമായി വിവരിച്ചു. കേരളത്തിലെ പഞ്ചായത്തുകളിൽ ആരംഭിച്ച വില്ലേജ് പാർക്കുകളിലൂടെയും സ്കൂളുകളിലൂടെയും കോളജുകളിലൂടെയും കഴിവുള്ള വിദ്യാർഥികളെ കണ്ടെത്തി പുതിയ തലമുറയിലെ സ്റ്റാർട്ടപ് സംരംഭകരാക്കി ലോകത്തിന് മുന്നിൽ അവതരിപ്പിക്കുകയാണ് ടാൽറോപിന്റെ ലക്ഷ്യം.
കേരളത്തിൽനിന്ന് പുതിയ സ്റ്റാർട്ടപ്പുകൾ സൃഷ്ടിച്ച് അവയെ മറ്റ് സംസ്ഥാനങ്ങളിലും ഗൾഫ് രാജ്യങ്ങളിലും ലോകം മുഴുവൻ എത്തിക്കാനാണ് ടാൽറോപ് ശ്രമിക്കുന്നത്. കഴിഞ്ഞ 10 വർഷമായി ടാൽറോപ് നടത്തിയ ശ്രമങ്ങളുടെ ഫലമായി കഴിവുള്ള ഒട്ടനവധി കുട്ടികളെ കണ്ടെത്താനും അവരുടെ ആശയങ്ങൾ സ്റ്റാർട്ടപ്പുകളായി ലോക വിപണിയിൽ എത്തിക്കാനും കഴിഞ്ഞതായി അദ്ദേഹം കൂട്ടിച്ചേർത്തു.
ടാൽറോപിന്റെ പ്രവർത്തനങ്ങൾ സമൂഹത്തിൽ സൃഷ്ടിക്കുന്ന മാറ്റങ്ങൾ പ്രവാസിസമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനായി നടന്ന സംഗമം ഭാവിയിൽ ലോകത്തുണ്ടാകാൻ പോകുന്ന വലിയ മാറ്റങ്ങളെക്കുറിച്ചും ചർച്ച ചെയ്തു. ചർച്ചാപരിപാടിയിൽ ബഹ്റൈനിലെ വിവിധ സംഘടന നേതാക്കളും ബിസിനസ് രംഗത്തുള്ളവരും കുടുംബങ്ങളും പങ്കെടുത്തു. ഗൾഫ് മലയാളി ഫെഡറേഷൻ ജി.സി.സി പ്രസിഡന്റ് ബഷീർ അമ്പലായി സ്വാഗതം പറഞ്ഞു. ജി.സി.സി ചെയർമാൻ റാഫി പാങ്ങോട്, ബഹ്റൈൻ പ്രസിഡന്റ് നജീബ് കടലായി, ജനറൽ സെക്രട്ടറി കാസിം പാടത്തിൽ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. ടാൽറോപ് പ്രതിനിധികൾക്ക് ഗൾഫ് മലയാളി ഫെഡറേഷൻ ജി.സി.സി കമ്മിറ്റിയുടെ പ്രവർത്തന സർട്ടിഫിക്കറ്റ് നൽകി. ജാസിം ബീരാൻ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.