ബഹ്‌റൈൻ പ്രതിഭ സംഘടിപ്പിച്ച സീതാറാം യെച്ചൂരി-അഴീക്കോടൻ രാഘവൻ അനുസ്മരണ പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുന്ന ഇ.പി. ജയരാജൻ
മനാമ: അടിസ്ഥാന പശ്ചാത്തല സൗകര്യ വികസനത്തിന്റെ കാര്യത്തിലും, സാമൂഹിക മുന്നേറ്റത്തിന്റെ കാര്യത്തിലും കേരളം അതിവേഗം കുതിച്ചുകൊണ്ടിരിക്കുകയാണെന്ന് സി.പി.എം കേന്ദ്ര കമ്മറ്റി അംഗം ഇ.പി. ജയരാജൻ. ബഹ്‌റൈൻ പ്രതിഭ സംഘടിപ്പിച്ച സീതാറാം യെച്ചൂരി-അഴീക്കോടൻ രാഘവൻ അനുസ്മരണ പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ഒരു ദശകത്തിനിടെ വലിയ മാറ്റങ്ങളാണ് കേരളത്തിൽ പിണറായി സർക്കാർ കൊണ്ടുവന്നത്. നാടിന്റെ സമസ്തമേഖലകളെയും സ്പർശിച്ച സമഗ്രമായ മാറ്റങ്ങളാണ് കൊണ്ടുവന്നത്. ആരോഗ്യ, വിദ്യാഭ്യാസ, പശ്ചാത്തല വികസന, സാമൂഹിക രംഗങ്ങളിൽ എല്ലാം ആ മാറ്റം പ്രകടമാണ്. നവംബർ ഒന്നോടുകൂടെ അതിദരിദ്രർ ഇല്ലാത്ത ഒരു നാടായി കേരളം പ്രഖ്യാപിക്കപ്പെടാൻ പോവുകയാണ്.
ശബരിമലയെ ലോകത്തിലെ തന്നെ ശ്രദ്ധേയമായ തീർഥാടന കേന്ദ്രമാക്കി മാറ്റാനുള്ള പദ്ധതികൾ സർക്കാർ ആവിഷ്‌കരിച്ചിട്ടുണ്ട്. അറുപത്തിയഞ്ച് ലക്ഷം വയോധികർക്ക് പെൻഷൻ നൽകിവരുന്നു. ലക്ഷക്കണക്കിന് ഭവനരഹിതർക്ക് വീടും, ലക്ഷക്കണക്കിന് മനുഷ്യർക്ക് പട്ടയവും നൽകി അവരെ ഭൂമിയുടെ ഉടമകളാക്കിയും മാറ്റി.
ലക്ഷക്കണക്കിന് വരുന്ന പ്രവാസികളെ ചേർത്ത് പിടിക്കുന്നതിലും കേരളം ലോകത്തിന് മാതൃകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതിന്റെ ഏറ്റവും ഒടുവിലെ ഉദാഹരണമാണ് സർക്കാർ നോർക്ക റൂട്സ് വഴി പ്രവാസികൾക്കായി ആരംഭിച്ചിരിക്കുന്ന സമഗ്ര ആരോഗ്യ-അപകട ഇൻഷുറൻസ് പദ്ധതിയായ നോർക്ക കെയർ. മുഴുവൻ പ്രവാസികളും കുടുംബാംഗങ്ങളും നോർക്ക കെയർ ഇൻഷുറൻസ് പദ്ധതിയിയുടെ ഗുണം പ്രയാജനപ്പെടുത്തണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
അമേരിക്കയുടെ പിന്തുണയോടെ ഇസ്രായേൽ പലസ്തീനിൽ നടത്തി വരുന്ന ക്രൂരതക്ക് അറുതിവരുത്താൻ ലോക രാജ്യങ്ങൾ ഒന്നിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയിൽ തെരെഞ്ഞെടുപ്പ് കമീഷന്റെ സ്വതന്ത്ര സ്വഭാവം അട്ടിമറിച്ചും അനഭിമതരായവരെ വോട്ടർ പട്ടികയിൽ നിന്നും ഒഴിവാക്കിയും പൗരത്വം തന്നെ ഇല്ലാതാക്കിയും ബിഹാർ ഉൾപ്പെടെയുള്ള വിവിധ ഭാഗങ്ങളിൽ ബി.ജെ.പി നടത്തുന്ന പ്രവൃത്തി ജനാധിപത്യത്തെ കശാപ്പ് ചെയ്യന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജനാധിപത്യം സംരക്ഷിക്കാനും, ജനങ്ങൾക്ക് വേണ്ടി നിലകൊള്ളാനും നാടിനും സാധാരണ ജനങ്ങൾക്കും പുരോഗമന പ്രസ്ഥാനങ്ങൾക്കും വലിയ സംഭാവന ചെയ്ത സീതാറാം യെച്ചൂരിയുടെയും അഴീക്കോടൻ രാഘവന്റെയും ഓർമകൾ ഊർജമാകേണ്ടതുണ്ടെന്നും അദ്ദേഹം അനുസ്മരിച്ചു. അനുസ്മരണ പരിപാടിയിൽ പ്രതിഭ പ്രസിഡന്റ് ബിനു മണ്ണിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മിജോഷ് മൊറാഴ സ്വാഗതം ആശംസിച്ചു. പ്രതിഭ മുഖ്യ രക്ഷാധികാരി പി. ശ്രീജിത്ത് അഭിവാദ്യം ചെയ്ത് സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.