കേരള ബജറ്റ്; പ്രതികരണവുമായി പ്രവാസി സംഘടനകൾ

മനാമ: രാജ്യാന്തര സൗകര്യങ്ങൾക്കൊപ്പം പ്രാദേശിക വികസനവും, ജനക്ഷേമവും, പ്രവാസികളെ അടക്കം ഉൾപ്പെടുത്തിയുമാണ് മുഖ്യമന്ത്രി വി.ഡി സതീഷൻ ബജറ്റ് അവതരിപ്പിച്ചത്. മണ്ണെണ്ണ സബ്സിഡി മുതൽ മിഷൻ സമുദ്ര, ഇന്‍ഷുറൻസ് തുടങ്ങി കേരളത്തിന്‍റെ മർമം അറിഞ്ഞ് പ്രഖ്യാപിച്ച പല പദ്ധതികൾക്കും ജനങ്ങളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. പ്രവാസി ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റ് ഫണ്ട് പോലുള്ള പ്രഖ്യാപനങ്ങൾ പ്രവാസികൾകളും ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്.

എന്നാൽ കേരളത്തിന്റെ ഭാവി വികസനത്തെക്കുറിച്ചുള്ള വ്യക്തമായ കാഴ്ചപ്പാടോ, സാമ്പത്തിക വളർച്ച ലക്ഷ്യമിട്ടുള്ള ഒരു ബ്ലൂ പ്രിന്റോ ഈ ബജറ്റിലില്ലെന്നാണ് പ്രതിപക്ഷത്തിന്‍റെ പക്ഷം. ക്ഷേമപെൻഷൻ വർധിപ്പിക്കാത്തതും സർക്കാർ ജീവനക്കാരുടെ ക്ഷാമബത്തയിൽ തീരുമാനമില്ലാത്തതടക്കം ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം ബജറ്റിനെ എതിർക്കുന്നത്. വി.ഡി സതീഷൻ സർക്കാറിന്‍റെ ആദ്യ ബജറ്റിനെ കുറിച്ച് ബഹ്റൈനിലെ പ്രവാസി സംഘടനകൾ തങ്ങളുടെ നയം വ്യക്തമാക്കുകയാണിവിടെ.

നവകേരള സൃഷ്ടിക്കായി പുതിയ ദിശാബോധം നൽകുന്ന ബജറ്റ്- ബിനു കുന്നന്താനം (ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി അംഗം) )

മനാമ: സംസ്ഥാന സർക്കാരിന്റെ പുതിയ ബജറ്റ് കേരളത്തിന്റെ സമഗ്ര വികസനത്തിന് പുതിയ ദിശാബോധം നൽകുന്നതാണെന്ന് ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി അംഗം ബിനു കുന്നന്താനം അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നിറവേറ്റുന്നതിനൊപ്പം സാധാരണക്കാരായ ജനങ്ങൾക്കും കർഷകർക്കും പ്രവാസികൾക്കും ഒരുപോലെ ഗുണകരമാകുന്ന പദ്ധതികളാണ് ബജറ്റിലുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ദിരാ ഗ്യാരന്റികൾ, കെ.എസ്.ആർ.ടി.സിയിലെ സൗജന്യ യാത്ര, ആരോഗ്യ ഇൻഷുറൻസ് പദ്ധതികൾ എന്നിവ പാവപ്പെട്ടവർക്ക് വലിയ ആശ്വാസം പകരുന്നതാണ്. റബ്ബർ കർഷകർക്ക് 250 രൂപ താങ്ങുവില പ്രഖ്യാപിച്ചതും ക്ഷീര വികസനത്തിന് 102 കോടി രൂപ അനുവദിച്ചതും ചെറുകിട കർഷകർക്ക് ഏറെ ഗുണകരമാകും. വിമാനത്താവള വികസനത്തിന് 200 കോടി രൂപയും, പ്രവാസി നിക്ഷേപ ട്രസ്റ്റ് ഫണ്ട് രൂപീകരണവും പ്രവാസികൾക്ക് ഏറെ സന്തോഷം നൽകുന്ന തീരുമാനങ്ങളാണ്. റെമിറ്റൻസ് ഇക്കോണമിയിൽ നിന്ന് ഇൻവെസ്റ്റ്‌മെന്റ് ഇക്കോണമിയിലേക്കുള്ള മാറ്റം പ്രവാസികൾക്ക് റിട്ടയർമെന്റ് കാലത്ത് സ്ഥിര വരുമാനം ഉറപ്പാക്കാൻ സഹായിക്കും.

മാരിടൈം-പോർട്ട് സിറ്റി പദ്ധതി, മലബാറിലെ ഫുട്ബോൾ സ്റ്റേഡിയം, ലൈറ്റ് മെട്രോ, പുതിയ മെഡിക്കൽ കോളേജുകൾ, വയനാട് ട്രൈബൽ യൂണിവേഴ്സിറ്റി, കേരള നോളജ് വാലി തുടങ്ങിയ പദ്ധതികൾ ഭാവി കേരളത്തിന് വലിയ മുതൽക്കൂട്ടാണ്. പൊതുമരാമത്ത് മേഖലയിലെ നിക്ഷേപവും ബ്രാൻഡ് കേരളം പോലുള്ള പദ്ധതികളും സംസ്ഥാനത്തിന്റെ വികസനത്തെ ത്വരിതപ്പെടുത്തും. യാഥാർത്ഥ്യബോധത്തോടെയുള്ള ഈ ബജറ്റ് നവകേരള സൃഷ്ടിക്ക് അനുയോജ്യമാണെന്നും ബിനു കുന്നന്താനം കൂട്ടിച്ചേർത്തു.

പ്രവാസികള്‍ക്കും പൊതുമേഖലയ്ക്കും വിരുദ്ധമായ ബജറ്റ്- ബഹ്റൈന്‍ ഇടത് കൂട്ടായ്മ

മനാമ: വി.ഡി. സതീശൻ അവതരിപ്പിച്ച ബജറ്റ് ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളെയും സംസ്ഥാനത്തിന്റെ വികസന കാഴ്ചപ്പാടുകളെയും അവഗണിക്കുന്ന ജനവിരുദ്ധ രേഖയാണെന്ന് ബഹ്റൈൻ ഇടതുപക്ഷ മുന്നണി നേതാക്കളുടെ യോഗം വിലയിരുത്തി. ലക്ഷക്കണക്കിന് പ്രവാസി മലയാളികളെ പൂർണമായും അവഗണിച്ച ബജറ്റാണിതെന്ന് യോഗം അഭിപ്രായപ്പെട്ടു. പ്രവാസി സമൂഹത്തിന്റെ ക്ഷേമത്തിനായി പുതിയ പദ്ധതികളോ സംരക്ഷണ നടപടികളോ പ്രഖ്യാപിച്ചിട്ടില്ല. പ്രവാസി ക്ഷേമനിധി, പ്രവാസി ഇൻഷുറൻസ് പദ്ധതി, വിദേശ രാജ്യങ്ങളിൽ തൊഴിൽ നഷ്ടപ്പെടുന്നവർക്കും ദുരിതമനുഭവിക്കുന്നവർക്കും അടിയന്തര സഹായ പദ്ധതികൾ, മടങ്ങിയെത്തുന്ന പ്രവാസികളുടെ പുനരധിവാസ പദ്ധതികൾ തുടങ്ങി ഒരു സുപ്രധാന വിഷയത്തിലും ബജറ്റ് വ്യക്തമായ നിലപാട് സ്വീകരിച്ചിട്ടില്ല.

അതോടൊപ്പം, കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളെയും പൊതുസമ്പത്തുകളെയും സംരക്ഷിക്കേണ്ട ബാധ്യത സർക്കാരിനുണ്ടായിരിക്കെ, അവയെ സ്വന്തം നേട്ടങ്ങള്‍ക്ക് വേണ്ടി വെറും വില്‍പന ചരക്കാക്കി സ്വകാര്യവൽക്കരണത്തിലേക്ക് നയിക്കുന്ന സമീപനമാണ് ബജറ്റിൽ പ്രതിഫലിക്കുന്നതെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി. വിലക്കയറ്റം, തൊഴിലില്ലായ്മ, കർഷക പ്രതിസന്ധി, സാമൂഹ്യസുരക്ഷാ പദ്ധതികളുടെ ശക്തിപ്പെടുത്തൽ, വിദ്യാഭ്യാസ-ആരോഗ്യ മേഖലകളുടെ വികസനം തുടങ്ങിയ ജനകീയ വിഷയങ്ങളിൽ വ്യക്തമായ പരിഹാര നിർദേശങ്ങൾ മുന്നോട്ടുവയ്ക്കുന്നതിൽ ബജറ്റ് മുഴുവനായും പരാജയപ്പെട്ടിരിക്കുകയാണ്. അതിനാൽ ഈ ബജറ്റ് സംസ്ഥാനത്തിന്റെ ഭാവിക്ക് ഗുണകരമാകില്ലെന്നും ജനങ്ങളുടെ ജീവിത നിലവാരം ഉയർത്താൻ സഹായിക്കില്ലെന്നും യോഗം വിലയിരുത്തി.

ജനങ്ങളുടെ യഥാർത്ഥ ആവശ്യങ്ങൾ പരിഗണിക്കുന്നതും പ്രവാസികളുടെ സംഭാവനകളെ അംഗീകരിക്കുന്നതും പൊതുമേഖലയെ സംരക്ഷിക്കുന്നതുമായ ഒരു ബദൽ വികസന കാഴ്ചപ്പാടിനുവേണ്ടി ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾ ഉയർന്നുവരുമെന്നും ഒരു കുത്തകയ്ക്ക് മുന്നിലും നാടിനെ തീറെഴുതി കൊടുക്കാന്‍ കേരള ജനത സമ്മതിക്കില്ലെന്നും ബഹ്റൈൻ ഇടതുപക്ഷ കൂട്ടായ്മ നേതാക്കള്‍ ഒരേ സ്വരത്തില്‍ പറഞ്ഞു.

വികസന സ്വപ്നങ്ങൾക്ക് ചിറക് നൽകുന്ന ബജറ്റ്- കെ.എം.സി.സി ബഹ്‌റൈൻ

മനാമ: കേരളത്തിന്റെ ഏറെ നാളുകളായി കാത്തു നിന്ന വികസന സ്വപ്നങ്ങൾക്ക് ചിറക് നൽകുന്ന ബജറ്റ് ആണ് മുഖ്യമന്ത്രിയും ധനകാര്യമന്ത്രി കൂടിയായ വി.ഡി സതീശൻ അവതരിപ്പിച്ച കേരള ബജറ്റ് എന്ന് കെ.എം.സി.സി ബഹ്‌റൈൻ അഭിപ്രായപ്പെട്ടു. അക്ഷരാർത്ഥത്തിൽ പാവപ്പെട്ട ജനങ്ങളുടെ ക്ഷേമം മാത്രം മുന്നിൽ കണ്ടു കൊണ്ടുള്ള ബജറ്റിനെ സ്വാഗതം ചെയ്യുന്നതായും നേതാക്കൾ കൂട്ടിച്ചേർത്തു. വിവിധ ക്ഷേമ പദ്ധതികൾ, നാടിന്റെ മുഖചായ മാറ്റുന്ന പ്രിയദർശിനി ഇന്ദിര ഗ്യാരന്റികൾ, ഹെൽത്ത്‌ സിറ്റി, കപ്പൽ നിർമ്മാണ കേന്ദ്രം, തൊഴിൽ മേഖലയിലെ അവസരങ്ങൾ, കായിക ക്ഷേമ പദ്ധതികൾ തുടങ്ങി റാഗിംഗ് തടയാൻ വരെ ആപ്പുകളും എല്ലാ കുടുംബങ്ങൾക്കും ആരോഗ്യ ഇൻഷുറൻസ് പദ്ധതികളും ആവിഷ്കരിച്ചു കൊണ്ടുള്ള ബജറ്റ് എന്തുകൊണ്ടും ജനക്ഷേമകരമായ ജനകീയ ബജറ്റ് ആണെന്നുമ കെ.എം.സി.സി ബഹ്‌റൈൻ ആക്ടിങ് പ്രസിഡന്റ്‌ റഫീഖ് തോട്ടക്കര ആക്ടിങ് ജനറൽ സെക്രട്ടറി അഷ്‌റഫ്‌ കക്കണ്ടി എന്നിവർ പറഞ്ഞു.

വികസനവും ക്ഷേമവും കൈകോർക്കുന്ന ജനകീയ ബജറ്റ് - ഐ.വൈ.സി.സി ബഹ്റൈൻ

മനാമ: യു.ഡി.എഫ് സർക്കാരിന്‍റെ ആദ്യ ബജറ്റിൽ സംസ്ഥാനത്തിന്റെ ഭാവി വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും ഒരുപോലെ പ്രാധാന്യം നൽകുന്ന സമഗ്രമായ കാഴ്ചപ്പാടുകളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. പ്രവാസി ഇൻവെസ്റ്റ്മെൻ്റ് ഫണ്ട്, ആരോഗ്യ ഇൻഷുറൻസ് വ്യാപനം, യുവാക്കൾക്കുള്ള തൊഴിൽ അവസരങ്ങൾ, അടിസ്ഥാന സൗകര്യ വികസനം, സമുദ്രാധിഷ്ഠിത സമ്പദ്‌വ്യവസ്ഥയ്ക്കുള്ള പ്രോത്സാഹനം, വിദ്യാഭ്യാസ-സാമൂഹിക ക്ഷേമ പദ്ധതികൾ എന്നിവ ഈ ബജറ്റിന്റെ പ്രധാന ആകർഷണങ്ങളാണ്.

സാമ്പത്തിക വെല്ലുവിളികൾ നിലനിൽക്കുന്ന സാഹചര്യത്തിലും വികസനവും സാമൂഹ്യനീതിയും ഒരുപോലെ മുന്നോട്ട് കൊണ്ടുപോകാനുള്ള ശ്രമമാണ് ഈ ബജറ്റിൽ കാണുന്നതെന്നും തൊഴിൽ സൃഷ്ടി, സാങ്കേതിക മുന്നേറ്റം, ആരോഗ്യ സുരക്ഷ, പിന്നാക്ക വിഭാഗങ്ങളുടെ ക്ഷേമം എന്നിവയ്ക്ക് നൽകിയ പ്രാധാന്യം കേരളത്തിന്റെ പുരോഗതിക്ക് പുതിയ ദിശ നൽകുമെന്ന പ്രതീക്ഷയുണ്ടെന്നും എല്ലാവരെയും ഉൾക്കൊള്ളുന്ന വികസന കേരളം എന്ന ലക്ഷ്യത്തിലേക്കുള്ള ശക്തമായ ചുവടുവെപ്പായി ബജറ്റ് വിലയിരുത്തപ്പെടുന്നതായും ഐ.വൈ.സി.സി ബഹ്റൈൻ പത്രക്കുറിപ്പിൽ വ്യക്തമാക്കി.

പ്രവാസികളെ പാടെ അവഗണിച്ച ബജറ്റ് - ബഹ്‌റൈൻ നവകേരള

മനാമ: യു.ഡി.എഫ് സർക്കാരിന്റെ ആദ്യ ബജറ്റ് പ്രവാസികളെ സംബന്ധിച്ചിടത്തോളം തീർത്തും നിരാശാജനകവും പ്രതീഷേധാർഹവുമാണ്. കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയെ താങ്ങിനിർത്തുന്ന പ്രവാസികളുടെ സംഭാവനയ്ക്ക് അർഹിക്കുന്ന പ്രാധാന്യം ബജറ്റിൽ ലഭിച്ചിട്ടല്ല. ഗൾഫ് രാജ്യങ്ങളിൽ തൊഴിൽ അനിശ്ചിതത്വം വർധിക്കുന്ന സാഹചര്യത്തിൽ മടങ്ങിയെത്തുന്ന പ്രവാസികൾക്കായുള്ള പുനരധിവാസ പാക്കേജുകൾ, സംരംഭകത്വ സഹായ പദ്ധതികൾ, പലിശരഹിത വായ്പകൾ, പ്രത്യേക നിക്ഷേപ സംരക്ഷണ പദ്ധതികൾ എന്നിവ ശക്തമായി പ്രഖ്യാപിക്കേണ്ടതായിരുന്നു. ഇടതുപക്ഷ സർക്കാർ കൊണ്ടുവന്ന പ്രവാസി ക്ഷേമനിധി, ആരോഗ്യ ഇൻഷുറൻസ്, അപകട ഇൻഷുറൻസ്, വിദേശത്ത് ജോലി നഷ്ടപ്പെടുന്നവർക്കുള്ള അടിയന്തര സഹായ പദ്ധതികൾ എന്നിവയ്ക്ക് ഫണ്ട് ബജറ്റിൽ പ്രതിഫലിക്കുന്നില്ല.

പ്രവാസികളുടെ സമ്പാദ്യം കേരള വികസനത്തിനായി ഉപയോഗിക്കണമെന്ന് പറയുമ്പോൾ, അവരുടെ നിക്ഷേപത്തിന് സർക്കാർ ഗ്യാരണ്ടിയും സുരക്ഷിതമായ പദ്ധതികളും ഉറപ്പാക്കുന്ന ഒന്നും ബജറ്റിൽ ഇല്ല. കഴിഞ്ഞ സർക്കാർ 36ഓളം പദ്ധതികളാണ് നോർക്ക വഴി നടപ്പിലാക്കിയത്. ഈ ബജറ്റിൽ നോർക്ക എന്ന വാക്കുപോലും പരാമർശിച്ചിട്ടില്ല. പ്രവാസികളുടെ ശബ്ദം ഭരണാധികാരികളിൽ എത്തിക്കുകയും ലോകത്ത് എല്ലാ യിടത്തുമുള്ള മലയാളികളെ ഒരു കുടക്കീഴിൽ കൊണ്ടുവരികയും ചെയ്ത ലോക കേരള സഭയെ പറ്റിയും ബജറ്റിൽ ഇല്ല. വാക്കുകളിൽ മാത്രം വിസ്മയം തീർക്കുകയും പ്രവർത്തിപഥത്തിൽ കൊണ്ടുവരാൻ വേണ്ട നടപടികൾ എടുക്കുകയും ചെയ്യാത്ത ഈ ബജറ്റ് പ്രവാസികളോട് കാണിച്ച വഞ്ചനയാണ്.

Tags:    
News Summary - Kerala Budget; NRI organizations respond

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.