മനാമ: നല്ല കഥകളുടെ അഭാവം സിനിമാരംഗം അനുഭവിക്കുന്ന പ്രധാന പ്രതിസന്ധികളിലൊന്നാണെന്ന് സംവിധായകന്‍ ജിബു ജേക്കബ് പറഞ്ഞു. തിരക്കഥ സിനിമയുടെ നട്ടെല്ലാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അടുത്ത് റിലീസ് ചെയ്ത ‘മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍’ എന്ന ചിത്രത്തിന്‍െറ വിജയാഘോഷത്തില്‍ പങ്കെടുക്കാന്‍ ബഹ്റൈനില്‍ എത്തിയതിനിടെ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. തിരക്കഥക്ക് പ്രാധാന്യമില്ലാതെ സംവിധാന മികവുകൊണ്ട് വിജയിക്കുന്ന സിനിമകളുമുണ്ട്. സിനിമക്ക് പ്രത്യേക കഥയോ കൈ്ളമാക്സോ വേണമെന്ന അഭിപ്രായമില്ലാത്തവരുമുണ്ട്.
എന്നാല്‍ താന്‍ തിരക്കഥ അടിസ്ഥാനമാക്കിയുള്ള സിനിമയെയാണ് ഇഷ്ടപ്പെടുന്നത്. സന്ത്യന്‍ അന്തിക്കാട് പ്രതിനിധീകരിച്ച സിനിമാ സങ്കല്‍പ്പത്തിന്‍െറ തുടര്‍ച്ചയാണ് താനെന്ന് വിലയിരുത്തപ്പെടുന്നതില്‍ അഭിമാനമാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്ത്രീവിരുദ്ധത സിനിമയില്‍ മാത്രം നിലനില്‍ക്കുന്നതല്ളെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്‍െറ സാമൂഹിക മൂല്യങ്ങളുടെ പ്രതിഫലനം ആ സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ഇന്‍ഡസ്ട്രികളിലുമുണ്ടാകും. അതാണ് സിനിമയിലും കാണുന്നത്. അതിനപ്പുറം, സ്ത്രീവിരുദ്ധ സംസ്കാരം നിര്‍മിക്കാന്‍ സിനിമ പങ്കുവഹിച്ചു എന്നു കരുതുന്നില്ല.
ഛായാഗ്രഹണ രംഗത്ത് നിന്ന് സംവിധായകനായി വന്നതിനാല്‍ അതിന്‍െറ ചില നേട്ടങ്ങളുണ്ട്. കാമറയുമായി എളുപ്പം സംവദിക്കാന്‍ കഴിയുമെന്നത് സംവിധാനത്തില്‍ ഗുണകരമായിട്ടുണ്ട്. ഒരു ദൃശ്യം ഒരുക്കുന്നത് കൃത്യമായി ഛായാഗ്രാഹകനുമായി പങ്കുവെക്കാനാകും.
‘വെള്ളിമൂങ്ങ’ എന്ന സിനിമയുടെ ബലത്തിലാണ് പുതിയ സിനിമക്കായി മോഹന്‍ലാലിനെ സമീപിച്ചത്.അദ്ദേഹത്തെ നായകനാക്കി സിനിമ ചെയ്യാന്‍ കഴിയുമെന്ന് സങ്കല്‍പ്പിച്ചിട്ടുപോലുമില്ലായിരുന്നു.
കേരളത്തില്‍ സിനിമയുടെ ശബ്ദവും സാങ്കേതിക മികവും അനുഭവിക്കാന്‍ കഴിയുന്ന തിയറ്ററുകള്‍ കുറവാണ്. സിനിമയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഇത് പലപ്പോഴും നിരാശ സമ്മാനിക്കാറുണ്ട്. എന്നാല്‍ നാട്ടില്‍ പലയിടത്തും ആധുനിക സാങ്കേതിക വിദ്യകള്‍ വരുന്നുണ്ട്. തിയറ്ററുകള്‍ ഒരു പരിവര്‍ത്തന ഘട്ടത്തിലാണെന്ന് പറയാം.
തിയറ്ററുകള്‍ അടച്ചുപൂട്ടിയ കാലത്തുനിന്ന് അവ നവീകരിക്കുന്ന അവസ്ഥയിലേക്കു കാര്യങ്ങള്‍ മാറുകയാണ്. തിയറ്റര്‍ സംഘടന തന്നെ ഒരു മാഫിയ പോലെയാണ് പ്രവര്‍ത്തിച്ചിരുന്നത്.
അതിലും മാറ്റമുണ്ടായ സമയമാണിത്. 19ാം നൂറ്റാണ്ടിലെ കേരളത്തിലെ നമ്പൂതിരി സമുദായവുമായി ബന്ധപ്പെട്ട ഒരു കഥ ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഛായാഗ്രാഹകന്‍ പ്രമോദ് കെ. പിള്ളയും പങ്കെടുത്തു.
മലയാള സിനിമ ടെക്നീഷ്യന്‍സ് അസോസിയേഷന്‍ -‘മാക്ട’യുടെ പ്രസിദ്ധീകരണമായ ‘24 ഫ്രെയിംസ്’ വരിക്കാരുടെ കൂട്ടായ്മയായ ‘24 ഫ്രെയിംസ് റീഡേഴ്സ് ഫോറം’ ആണ് ബഹ്റൈനില്‍ പരിപാടി സംഘടിപ്പിക്കുന്നത്. സിനിമ സാങ്കേതിക മേഖലയുമായി ബന്ധപ്പെടാന്‍ താല്‍പര്യമുള്ളവരുടെ കൂട്ടായ്മയാണ് റീഡേഴ്സ് ഫോറമെന്നും ഭാവിയില്‍ ബഹ്റൈനില്‍ നിന്നും സിനിമ നിര്‍മിക്കുന്നതിനുള്ള ശ്രമം ഈ കൂട്ടായ്മ നടത്തുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ അരുണ്‍കുമാര്‍ ആര്‍. പിള്ള, ദേവന്‍ ഹരികുമാര്‍, അനീഷ് മടപ്പള്ളി, ഫാത്തിമ ഖമ്മീസ് എന്നിവരും പങ്കെടുത്തു.
ഇന്ന് വൈകീട്ട് ഏഴരക്ക് അദ്ലിയ ബാങ് സാങ് തായ് റെസ്റ്റോറന്‍റിലാണ് ആഘോഷ പരിപാടി നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.