മനാമ: അധിനിവേശ വെസ്റ്റ് ബാങ്കിനും അനധികൃത കുടിയേറ്റ കേന്ദ്രങ്ങൾക്കുംമേൽ പരമാധികാരം സ്ഥാപിക്കാൻ ലക്ഷ്യമിട്ട് ഇസ്രായേലി നെസറ്റ് പാസാക്കിയ രണ്ട് ബില്ലുകളെ ബഹ്റൈൻ ശക്തമായി അപലപിച്ചു. ഇത് അന്താരാഷ്ട്ര നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ പ്രമേയങ്ങളുടെയും നഗ്നമായ ലംഘനമാണെന്ന് ബഹ്റൈൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
അധിനിവേശ വെസ്റ്റ് ബാങ്കിന്റെ നിലവിലെ പദവി സംരക്ഷിക്കാനുള്ള പ്രതിബദ്ധത ആവർത്തിച്ച് വ്യക്തമാക്കിയ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിന്റെ നിലപാടിനെ വിദേശകാര്യ മന്ത്രാലയം സ്വാഗതം ചെയ്തു. മേഖലയിൽ സമഗ്രമായ സമാധാനം കൈവരിക്കാനുള്ള ട്രംപിന്റെ ശ്രമങ്ങളെയും ബഹ്റൈൻ അംഗീകരിച്ചു. ഇസ്രായേൽ പ്രകോപനപരമായ നടപടികളും നിയമവിരുദ്ധ പ്രവർത്തനങ്ങളും അവസാനിപ്പിക്കണമെന്ന് ബഹ്റൈൻ ആവശ്യപ്പെട്ടു. തങ്ങളുടെ നിയമപരവും ധാർമികവുമായ ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ അന്താരാഷ്ട്രസമൂഹം മുന്നോട്ട് വരണമെന്നും മന്ത്രാലയം അഭ്യർഥിച്ചു.
കിഴക്കൻ ജറൂസലം തലസ്ഥാനമാക്കി ഒരു സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതടക്കമുള്ള ഫലസ്തീൻ ജനതയുടെ ന്യായമായ അവകാശങ്ങളെ മാനിക്കേണ്ടതിന്റെ ആവശ്യകത ബഹ്റൈൻ ഊന്നിപ്പറഞ്ഞു. മധ്യേഷ്യയിൽ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്ന നീതിയുക്തവും ശാശ്വതവുമായ സമാധാനം കൈവരിക്കാൻ ഈ പാത അത്യന്താപേക്ഷിതമാണെന്നും ബഹ്റൈൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.