മനാമ: ഇറാന്റെ ഖത്തർ ആക്രമണത്തെതുടർന്ന് ഖത്തർ അമീറുമായി സംസാരിച്ച് ഹമദ് രാജാവ്. ആക്രമണത്തെ ശക്തമായി അപലപിച്ച ഹമദ് രാജാവ് രാജ്യത്തിന്റെ പൂർണ ഐക്യദാർഢ്യവും പിന്തുണയും അറിയിച്ചു. ഖത്തറിന്റെ പരമാധികാരത്തിന്റെയും വ്യോമാതിർത്തിയുടെയും നഗ്നമായ ലംഘനമാണിതെന്നും അന്താരാഷ്ട്ര നിയമത്തിന്റെയും ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിന്റെയും വ്യക്തമായ ലംഘനമാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു. ഖത്തറിനൊപ്പം ഉറച്ചുനിൽക്കുമെന്നും ഖത്തർ സ്വീകരിക്കുന്ന ഏതൊരു നിലപാടിനും ആവശ്യമായ പിന്തുണ നൽകാൻ ബഹ്റൈൻ തയാറാണെന്നും ഹമദ് രാജാവ് ഉറപ്പ് നൽകി.
ഇത്തരം ലംഘനങ്ങൾ നേരിടുമ്പോൾ ജി.സി.സി രാജ്യങ്ങൾ ഏകീകൃത നിലപാട് സ്വീകരിക്കേണ്ട ആവശ്യവും അദ്ദേഹം വ്യക്തമാക്കി. തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കേണ്ടതിന്റെ പ്രാധാന്യവും ഹമദ് രാജാവ് ഊന്നിപ്പറഞ്ഞു. കഴിഞ്ഞ ദിവസം റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായും മേഖലയിലെ സംഘാർഷവസ്ഥയെ മുൻനിർത്തി ഹമദ് രാജാവ് സംസാരിച്ചിരുന്നു.
ഐക്യദാർഢ്യവുമായി ശൂറാ കൗൺസിൽ
ഖത്തറിന് പൂർണ പിന്തുണയും ഐക്യദാർഢ്യവുമായി ശൂറാ കൗൺസിൽ. ഇറാന്റെ ആക്രമണം ഖത്തറിന്റെ വ്യോമാതിർത്തി, അന്താരാഷ്ട്ര നിയമം, ഐക്യരാഷ്ട്രസഭയുടെ ചാർട്ടർ എന്നിവയുടെ നഗ്നമായ ലംഘനമാണെന്നും കൗൺസിൽ വിശേഷിപ്പിച്ചു. ആക്രമണത്തെ ശക്തമായി അപലപിക്കുകയും ഖത്തറിനെ പിന്തുണക്കുന്ന ബഹ്റൈന്റെ തീരുമാനത്തോടൊപ്പം ഉറച്ചുനിൽക്കുന്നതായും കൗൺസിൽ വ്യക്തമാക്കി. കൂടാതെ പ്രതിനിധി കൗൺസിൽ, കൗൺസിൽ അംഗങ്ങൾ, ബഹ്റൈൻ ജേണലിസ്റ്റ് അസോസിയേഷൻ, ദേശീയ യൂനിറ്റി അസംബ്ലി തുടങ്ങിയവയും ഐക്യദാർഢ്യവുമായി രംഗത്തെത്തി.
വ്യോമപാത സാധാരണ ഗതിയിൽ
സുരക്ഷ മുൻകരുതലിന്റെ ഭാഗമായി ബഹ്റൈൻ വ്യോമപാത താൽക്കാലികമായി അടച്ചിരുന്നു. മണിക്കൂറുകൾക്കകം ഭീതി ഒഴിഞ്ഞതോടെ പാത തുറക്കുകയും ചെയ്തു. മറ്റു രാജ്യങ്ങളിൽനിന്ന് പുറപ്പെട്ട യു.എ.ഇയിലേക്കുള്ള നാല് യാത്രാവിമാനങ്ങൾ അടിയന്തരമായി ബഹ്റൈനിലിറക്കിയിരുന്നു. വ്യോമപാത സാധാരണ നിലയിൽ പ്രവർത്തനം ആരംഭിച്ചെങ്കിലും എയർ ഇന്ത്യ എക്സ്പ്രസ് കോഴിക്കോട്-ബഹ്റൈൻ റൂട്ടിലെയും ഡൽഹി-ബഹ്റൈൻ റൂട്ടിലെയും സർവിസുകൾ ഇന്നലെ റദ്ദാക്കിയിരുന്നു.
പുനഃസ്ഥാപിച്ചു
ആശങ്കയൊഴിഞ്ഞതിനെ തുടർന്ന് റോഡ് ഗതാഗതം, ഷോപ്പിങ് മാളുകളിലേക്കുള്ള പ്രവേശനം, പൊതു സൗകര്യങ്ങൾ എന്നിവ സാധാരണ നിലയിലേക്ക് പൂർണമായും പുനഃസ്ഥാപിച്ചതായി ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. പൊതുജന സുരക്ഷ ഉറപ്പാക്കാൻ നടപ്പാക്കിയ സിവിൽ പ്രൊട്ടക്ഷൻ നടപടികളിൽ സഹകരിച്ചതിനും നിർദേശങ്ങൾ പാലിച്ചതിനും പൗരന്മാരോടും താമസക്കാരോടും ആഭ്യന്തര മന്ത്രാലയം നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.