ഇന്ത്യൻ സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളിൽനിന്ന്
മനാമ: ഇന്ത്യൻ സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് ഇസ ടൗൺ കാമ്പസിൽ ഉജ്ജ്വലമായ തുടക്കം കുറിച്ചു. സ്കൂളിന്റെ 75ാം വാർഷികാഘോഷത്തിന്റെ ഭാഗമായാണ് ഒരുവർഷം നീണ്ടുനിൽക്കുന്ന പരിപാടികൾ സംഘടിപ്പിക്കുന്നത്. ഉദ്ഘാടന ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രാലയത്തിലെ വിദ്യാഭ്യാസ ആസൂത്രണ, ലൈസൻസിങ് അസി. അണ്ടർ സെക്രട്ടറി ഡോ. സന സെയ്ദ് അബ്ദുല്ല അൽ ഹദ്ദാദ്, ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ്, വിദ്യാഭ്യാസ മന്ത്രാലയത്തിലെ സ്വകാര്യ വിദ്യാഭ്യാസ ഡയറക്ടറേറ്റ് ഡയറക്ടർ ലുലുവ ഗസൻ അൽ മെഹന്ന എന്നിവർ സന്നിഹിതരായിരുന്നു. ബിസിനസ് പ്രമുഖരായ ലാൽചന്ദ് ഗജരിയ, ബാബു കേവൽറാം, നെവിൻ മെഗ്ചിയാനി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ് അധ്യക്ഷതവഹിച്ചു. മികവിനോടുള്ള സ്കൂളിന്റെ പ്രതിബദ്ധതയെയും ഒരു ആഗോള സമൂഹത്തെ വളർത്തിയെടുക്കുന്നതിൽ സ്കൂളിന്റെ പങ്കിനെയും അദ്ദേഹം തന്റെ അധ്യക്ഷ പ്രസംഗത്തിൽ ഊന്നിപ്പറഞ്ഞു.
സ്കൂളിന്റെ സമ്പന്നമായ സാംസ്കാരിക വൈവിധ്യത്തെ പ്രതിഫലിപ്പിക്കുന്ന ഒരു ഉജ്ജ്വലമായ ഘോഷയാത്രയായിരുന്നു ഉദ്ഘാടന ചടങ്ങിന്റെ പ്രത്യേകത. പതിനൊന്നാം ക്ലാസിലെ ജോഹാൻ ജോൺസൺ ടൈറ്റസ് രൂപകൽപന ചെയ്ത പ്ലാറ്റിനം ജൂബിലി ലോഗോ ചടങ്ങിൽ പ്രകാശനം ചെയ്തു. പ്ലാറ്റിനം ജൂബിലി ആഘോഷ കമ്മിറ്റി ചെയർമാൻ പ്രിൻസ് എസ് നടരാജന്റെയും കമ്യൂണിറ്റി നേതാവായ മുഹമ്മദ് ഹുസൈൻ മാലിമിന്റെയും നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
സ്കൂൾ സെക്രട്ടറി വി. രാജപാണ്ഡ്യൻ, വൈസ് ചെയർമാനും സ്പോർട്സ് അംഗവുമായ ഡോ. മുഹമ്മദ് ഫൈസൽ, അസി.സെക്രട്ടറിയും അക്കാദമിക് അംഗവുമായ രഞ്ജിനി മോഹൻ, ഫിനാൻസ് ആൻഡ് ഐ.ടി അംഗം ബോണി ജോസഫ്, പ്രോജക്ട് ആൻഡ് മെയിന്റനൻസ് അംഗം മിഥുൻ മോഹൻ, ട്രാൻസ്പോർട്ട് അംഗം മുഹമ്മദ് നയാസ് ഉല്ല, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, ജൂനിയർ വിങ് പ്രിൻസിപ്പൽ പമേല സേവ്യർ, സീനിയർ സ്കൂൾ ആൻഡ് അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി. സതീഷ്, മിഡിൽ സെക്ഷൻ വൈസ് പ്രിൻസിപ്പൽ ജോസ് തോമസ്, ജൂനിയർ വിങ് വൈസ് പ്രിൻസിപ്പൽ പ്രിയ ലാജി, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
പ്ലാറ്റിനം ജൂബിലി സംഘാടക സമിതി ചെയർമാൻ പ്രിൻസ് എസ്. നടരാജൻ, ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾക്കായി ആസൂത്രണം ചെയ്തിട്ടുള്ള പരിപാടികളുടെയും പ്രവർത്തനങ്ങളുടെയും ഒരു രൂപരേഖ അവതരിപ്പിച്ചു.
നിരവധി വ്യവസായ പ്രമുഖരും കമ്യൂണിറ്റി നേതാക്കളും മുൻ ഭരണസമിതി അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. ലുലു ഗ്രൂപ് റീജനൽ ഡയറക്ടർ ജുസർ രൂപവാല, ഭഗവാൻ അസർപോട്ട, വിജയ് കുമാർ മുഖിയ, ഐ.സി.ആർ.എഫ് ചെയർമാൻ അഡ്വ. വി.കെ. തോമസ്, സയ്യിദ് ഫക്രുദ്ദീൻ തങ്ങൾ, മുൻ ചെയർമാൻ എബ്രഹാം ജോൺ, മുൻ സെക്രട്ടറി സജി ആന്റണി, ഷാഫി പാറക്കട്ട, വിപിൻ കുമാർ, ജേക്കബ് വർഗീസ് എന്നിവരും സന്നിഹിതരായിരുന്നു.
പൂർവ വിദ്യാർഥിനി ബീന ബാബു നൃത്തസംവിധാനം നിർവഹിച്ച ഒരു ഉജ്ജ്വലമായ ഫ്ലാഷ് മോബ് കാണികളെ ആകർഷിച്ചു. ജൂനിയർ കാമ്പസിലെ കുരുന്നുകൾ അറബിക് നൃത്ത പ്രകടനത്തിലൂടെ മനം കവർന്നു. സ്കൂളിന്റെ സമ്പന്നമായ പൈതൃകത്തിന് ആദരവുമായി ജൂനിയർ വിങ് പ്രിൻസിപ്പൽ പമേല സേവ്യർ രചിച്ച ഗാനം സ്റ്റാഫ് അവതരിപ്പിച്ചു.
സ്കൂൾ വിദ്യാർഥികൾ അവതരിപ്പിച്ച പ്രാർഥന നൃത്തത്തിലൂടെയാണ് നേരത്തേ സാംസ്കാരിക പരിപാടി തുടങ്ങിയത്. തുടർന്ന് ദേശീയ ഗാനാലാപനവും വിശുദ്ധ ഖുർആൻ പാരായണവും നടന്നു. പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി സ്വാഗതവും സെക്രട്ടറി വി. രാജപാണ്ഡ്യൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.