ഇന്ത്യൻ സ്കൂൾ ബഹ്റൈൻ ജൂനിയർ കാമ്പസിൽ സ്റ്റുഡന്റ്സ് കൗൺസിൽ ചുമതലയേറ്റ കുട്ടികൾ
മനാമ: ഇന്ത്യൻ സ്കൂൾ ബഹ്റൈൻ (ഐ.എസ്.ബി) ജൂനിയർ കാമ്പസിൽ സ്റ്റുഡന്റ്സ് കൗൺസിൽ അംഗങ്ങൾ ചുമതലയേറ്റു. മേയ് 15ന് ഞായറാഴ്ച റിഫയിലെ സ്കൂൾ കാമ്പസിൽ നടന്ന ഇൻവെസ്റ്റിചർ സെറിമണിയിലാണ് 2025-26 അധ്യയന വർഷത്തേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട സ്റ്റുഡന്റ് കൗൺസിലിന്റെ ആചാരപരമായ പ്രവേശന ചടങ്ങ് നടന്നത്.
വിദ്യാർഥി നേതൃത്വത്തിന്റെ പ്രാധാന്യം പ്രതിഫലിപ്പിക്കുന്ന പരിപാടിയിൽ ഹെഡ് ബോയ് ഫാബിയോൺ ഫ്രാങ്കോ ഫ്രാൻസിസ്, ഹെഡ് ഗേൾ ലക്ഷിത രോഹിത്, അസി. ഹെഡ് ബോയ് ആയുഷ് രാജേഷ്, അസി. ഹെഡ് ഗേൾ ഇറ പ്രബോധൻ ദേശായി, ഇക്കോ അംബാസഡർ ആരിസ് റെഹാൻ മൂസ, മറ്റു തിരഞ്ഞെടുക്കപ്പെട്ട പ്രിഫെക്റ്റുകൾ എന്നിവരുൾപ്പെടെ 26 വിദ്യാർഥി നേതാക്കളുടെ ഔപചാരികമായ സ്ഥാനാരോഹണം നടന്നു. സ്കൂൾ അസി. സെക്രട്ടറിയും അക്കാദമിക് അംഗവുമായ രഞ്ജിനി മോഹനും ജൂനിയർ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യറും പ്രിഫെക്റ്റ് കൗൺസിൽ അംഗങ്ങൾക്ക് ബാഡ്ജുകളും സാഷുകളും ഔദ്യോഗികമായി നൽകി.
ദേശീയ ഗാനത്തോടെയാണ് പരിപാടി ആരംഭിച്ചത്. തുടർന്ന് വിശുദ്ധ ഖുർആൻ പാരായണവും മൂന്നാം ക്ലാസ് വിദ്യാർഥികൾ അവതരിപ്പിച്ച സ്കൂൾ ഗാന ആലാപനവും നടന്നു. ജൂനിയർ വിങ് പ്രിൻസിപ്പൽ പമേല സേവ്യർ, വൈസ് പ്രിൻസിപ്പൽ പ്രിയ ലാജി, പ്രധാന അധ്യാപകർ, കോഓഡിനേറ്റർമാർ എന്നിവരുടെ സാന്നിധ്യത്തിൽ സ്കൂൾ അസി. സെക്രട്ടറിയും അക്കാദമിക് അംഗവുമായ രഞ്ജിനി മോഹൻ ദീപം തെളിയിച്ചു.
പ്രിൻസിപ്പൽ പമേല സേവ്യർ അതിഥികൾക്ക് ഊഷ്മളമായ സ്വാഗതം പറഞ്ഞു. പുതുതായി നിയമിതരായ വിദ്യാർഥികളെ അനുമോദിച്ചു. പ്രിൻസിപ്പൽ ചൊല്ലിക്കൊടുത്ത സത്യപ്രതിജ്ഞയോടെ വിദ്യാർഥി കൗൺസിൽ അവരുടെ ഉത്തരവാദിത്തങ്ങൾ ആത്മാർഥതയോടെയും മികവോടെയും ഉയർത്തിപ്പിടിക്കുമെന്ന് പ്രതിജ്ഞയെടുത്തു.തന്റെ പ്രസംഗത്തിൽ, യഥാർഥ നേതൃത്വം ഒരു ഉത്തരവാദിത്തമാണെന്ന് ഹെഡ് ബോയ് പറഞ്ഞു. ചടങ്ങിന്റെ വിജയത്തിന് സംഭാവന നൽകിയ എല്ലാവരുടെയും പരിശ്രമങ്ങൾക്ക് ഹെഡ് ഗേൾ ഹൃദയംഗമമായ നന്ദി പറഞ്ഞു. സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, ഭരണസമിതി അംഗങ്ങൾ, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, ജൂനിയർ വിങ് പ്രിൻസിപ്പൽ പമേല സേവ്യർ എന്നിവർ ചുമതലയേറ്റ വിദ്യാർഥികളെ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.