മനാമ: ഇന്ത്യൻ സ്‌കൂൾ ഫെയറിനെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നവർ സ്കൂളിെൻറ ക്ഷേമപ്രവർത്തനങ്ങൾക്കെതിരെ നിലകൊള്ളുന്നവരാണെന്ന് സ്കൂൾ ഭരണസമിതിയും ഫെയർ സംഘാടക സമിതിയും സംയുക്തമായി നടത്തിയ വാർത്താസമ്മേളനത്തിൽ ചെയർമാൻ പ്രിൻസ് നടരാജൻ പറഞ്ഞു. നിരന്തരം വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നവർക്ക് മറ്റുചില താൽപര്യങ്ങളുണ്ട്. ഇത് തുടർന്നാൽ നിയമനടപടി സ്വീകരിക്കേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇൗ മാസം 12,13 തിയതികളിലാണ് ഫെയർ നടക്കുന്നത്. മുഹമ്മദ് മഅലീം ജനറൽ കൺവീനറായ സംഘാടക സമിതി വിപുലമായ നടപടികളാണ് ഫെയർ വിജയിപ്പിക്കുന്നതിനായി സ്വീകരിച്ച് വരുന്നത്. നകാഷ് അസീസ് നേതൃത്വം നൽകുന്ന ഉത്തരേന്ത്യൻ സംഗീത നിശ 12നും പിന്നണിഗായകരായ ശ്രീനിവാസനും ജോത്സനയും വിഷ്ണു രാജും നയിക്കുന്ന ദക്ഷിണേന്ത്യൻ സംഗീതനിശ 13നും നടക്കും. ഇന്ത്യൻ സ്‌കൂൾ വിദ്യാർഥികളുടെയും പൂർവ വിദ്യാർഥികളുടെയും വിവിധ കലാപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. ഇത്തരവണ ഫുഡ് സ്റ്റാളുകളുെട എണ്ണം കൂടും. സ്റ്റാളുകളുടെ ബുക്കിങ് പൂർത്തിയായി വരികയാണ്. ഫെയറിൽ നിന്ന് ലഭിക്കുന്ന വരുമാനം സ്കൂളിെൻറ ചാരിറ്റി പ്രവർത്തനങ്ങൾക്കും, അധ്യാപകരുടെ ക്ഷേമ കാര്യങ്ങൾക്കുമായാണ് വിനിയോഗിക്കുന്നത്. വലിയ സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന നിരവധി വിദ്യാർഥികൾ സ്കൂളിൽ പഠിക്കുന്നുണ്ട്.
കമ്യൂണിറ്റി സ്കൂൾ എന്ന നിലക്ക് ലാഭാധിഷ്ഠിതമായി മാത്രമല്ല, അശരണരെ സഹായിക്കുക എന്നതും ഉത്തരവാദിത്തമായാണ് കാണുന്നത്. ജി.സി.സിയിലെ ഏറ്റവും കുറഞ്ഞ ഫീസ് ഈടാക്കുന്ന സ്ഥാപനമാണിത്. നിലവിൽ, ആയിരത്തിനടുത്ത് വിദ്യാർഥികൾക്ക് സ്‌കൂൾ ഫീസ് ഇളവും ആനുകൂല്യങ്ങളും നൽകി വരുന്നുണ്ട്.
ഭിന്നശേഷിയുള്ള കുട്ടികൾക്കായി സ്‌പെഷൽ എജ്യൂക്കേഷൻ സെൻറർ തുടങ്ങുന്നതിന് തീരുമാനിച്ചിട്ടുണ്ട്. മന്ത്രാലയത്തിെൻറ അംഗീകാരം ഉടൻ ലഭിക്കുമെന്ന് കരുതുന്നു.
കഴിഞ്ഞ കമ്മിറ്റി അധ്യാപകരുടെ ആനുകൂല്യം അടക്കം നൽകുന്നതിനുള്ള റിസർവ് ഫണ്ട് ബാങ്കിൽ ജാമ്യം നൽകി വായ്പ എടുത്തതിെൻറ ഫലമായി സാമ്പത്തിക പ്രയാസം അനുഭവിക്കുകയാണ്. റിഫ കാമ്പസിെൻറ വാടകയും ലോണും 2016 മുതലാണ് പ്രാബല്യത്തിൽ വന്നത്.
സ്കൂളിെൻറ വരുമാനമായ ഫീസ് മാത്രം ഉപയോഗിച്ച് ഇതെല്ലാം പരിഹരിക്കാൻ കഴിയില്ല എന്നതിനാലാണ് ചില വിയോജിപ്പുകൾ ഉണ്ടെങ്കിലും ഫെയർ നടത്തുന്നത്.
കഴിഞ്ഞ വർഷം നടത്തിയ ഫെയറിൽ നിന്നും ലഭിച്ചവരുമാനം പൂർണമായും ഉപയോഗിച്ചത് ഇതുപോലുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കുവാനാണ്. 160000 ദിനറാണ് കഴിഞ്ഞ ഫെയറിൽ നിന്ന് ലഭിച്ചവരുമാനം.
മുൻകാല ഭരണ സമിതികൾ സ്‌കൂളിൽ ക്ലബ് സംസ്കാരമാണ് പാലിച്ചിരുന്നത്. ഇത് പൂർണമായി ഇല്ലാതാക്കി. ഇതിെൻറ ഭാഗമായി ഏകദേശം ഒരു ലക്ഷം ദിനാർ സ്‌കൂളിന് ലാഭിക്കാൻ കഴിഞ്ഞു. ഫെയറിൽ നിന്ന് ലഭിക്കുന്ന വരുമാനം തെരഞ്ഞടുപ്പ് ചെലവിനാണ് എന്ന ആരോപണം ഉന്നയിക്കുന്നവർ അത് പറയുന്നത് സ്വന്തം അനുഭവത്തിൽ നിന്നാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
മുൻ കമ്മിറ്റി 2013ൽ നടത്തിയ ഫെയറിൽ 40000 ദിനാർ ഇപ്പോഴും ലഭിക്കാനുണ്ട്. ഇത് ഓഡിറ്റ് ചെയ്ത് ജനറൽ ബോഡിയിൽ അവതരിപ്പിച്ചതാണ്. പണം തരാനുള്ളവരെ സമീപിച്ചപ്പോൾ ആർക്കും ഒന്നും അറിയില്ല എന്നാണ് ലഭിക്കുന്ന ഉത്തരം. അതുകൊണ്ട് അത് എഴുതി തള്ളാനാണ് ജനറൽ ബോഡിയിൽ നിർദേശം വന്നത്.
കഴിഞ്ഞ ഫെയർ വഴി സ്‌കൂൾ ചരിത്രത്തിലെ ഏറ്റവുമധികം ഫണ്ട് സമാഹരിക്കാനായി. ഇതിൽ, കേവലം 2000 ദിനാറിൽ താഴെയാണ് പിരിഞ്ഞു കിട്ടാനുള്ളത്.
കമ്യൂണിറ്റി സ്കൂൾ എന്ന നിലക്ക് എല്ലാ പ്രമുഖ പരിപാടികളിലും മുഴുവൻ പ്രവാസി സമൂഹത്തിെൻറയും സഹായം ആവശ്യമാണ്. ഈ ഭരണസമിതി അധികാരത്തിൽ വന്നശേഷം ഒരു കച്ചവട താൽപര്യക്കാരുടെയും ദുരുദ്ദേശപരമായ പ്രവർത്തനങ്ങൾ അനുവദിച്ചിട്ടില്ല. അതാണ് പലർക്കും പ്രകോപനമായത്. ഫെയർ കമ്മിറ്റിയിൽ ഭൂരിഭാഗവും രക്ഷിതാക്കളല്ലാത്തവരാണ് എന്ന ആരോപണവും അടിസ്ഥാന രഹിതമാണ്.
ആരോപണം ഉന്നയിക്കുന്നവർ ജനറൽ ബോഡിയിൽ സ്കൂളിെൻറ ഗുണപരമായ പ്രവർത്തനത്തിന് നിദാനമാകുന്ന ക്രിയാത്മ ചർച്ചകളിൽ പെങ്കടുക്കാതെ മാറി നിൽക്കുകയോ ആ സമയത്ത് അവിടെ നിന്നും പോകുകയോ ആണ് ചെയ്തുവരുന്നത്. അതുകൊണ്ടാണ് അവിടെ നടക്കുന്ന കാര്യങ്ങൾ പലതും ഇവർ അറിയാതെ പോകുന്നത്. സ്കൂളിെൻറ ഉത്തമ താൽപര്യങ്ങൾക്കെതിരായി ദുഷ്പ്രചരണം നടത്തുന്നവരെ ഒറ്റപ്പെടുത്തണമെന്നും ഭാരവാഹികൾ പറഞ്ഞു.
സ്കൂൾ സെക്രട്ടറി ഡോ. ഷെമിലി പി ജോൺ, വൈസ് ചെയർമാൻ മുഹമ്മദ് ഇഖ്ബാൽ, എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ ജെയ്ഫർ മൈദാനി, സജി ആൻറണി, ഭൂപീന്ദർ സിങ്, പ്രിൻസിപ്പൽ വി.ആർ.പളനിസ്വാമി, റിഫ കാമ്പസ് പ്രിൻസിപ്പൽ സുധീർ കൃഷ്ണൻ, വൈസ് പ്രിൻസിപ്പൽമാരായ ആനന്ദ്, സതീഷ്, വിനോദ്, സ്റ്റാഫ് പ്രതിനിധി പ്രിയ ലാജി, ഫെയർ കമ്മിറ്റി ജനറൽ കൺവീനർ മുഹമ്മദ് മഅലിം, സംഘാടക സമിതി അംഗങ്ങളായ എ.കെ.തോമസ്, എസ്.വി.ബഷീർ, പി.എം.വിപിൻ, ടിപ്ടോപ് ഉസ്മാൻ, ചെമ്പർ ജലാൽ, നാസർ മഞ്ചേരി, എം.ശശിധരൻ, വിജയൻ, സന്തോഷ് തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.