ഇന്ത്യൻ സ്കൂൾ ഫെയർ ടിക്കറ്റ് പ്രകാശനത്തിൽനിന്ന്
മനാമ: ഇന്ത്യൻ സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സ്റ്റാർ വിഷൻ അവതരിപ്പിക്കുന്ന ഐ.എസ്.ബി പ്ലാറ്റിനം ജൂബിലി വർഷ സാംസ്കാരികമേളയുടെ ടിക്കറ്റ് പ്രകാശനം വ്യാഴാഴ്ച നടന്നു. ജനുവരി 15,16 തീയതികളിൽ നടക്കുന്ന മേളയുടെ ടിക്കറ്റ് പ്രകാശന ചടങ്ങിൽ സയാനി മോട്ടോഴ്സ് ജനറൽ മാനേജർ റിസ്വാൻ താരിഖ് ടിക്കറ്റ് കൈമാറി. സംഘാടകസമിതി ജനറൽ കൺവീനർ ആർ. രമേശ് ടിക്കറ്റ് ഏറ്റുവാങ്ങി. സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സ്റ്റാർ വിഷൻ ചെയർമാൻ സേതുരാജ് കടയ്ക്കൽ, സ്കൂൾ സെക്രട്ടറി വി. രാജപാണ്ഡ്യൻ, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി, മറ്റ് കമ്യൂണിറ്റി നേതാക്കൾ എന്നിവർ പങ്കെടുത്തു.
രണ്ടു ദിനാറാണ് മേളയുടെ പ്രവേശന ടിക്കറ്റ് നിരക്ക്. മേളയുടെ ആദ്യദിനമായ ജനുവരി 15ന് സംഗീതജ്ഞൻ സ്റ്റീഫൻ ദേവസ്സിയും സംഘവും അവതരിപ്പിക്കുന്ന സംഗീത കച്ചേരിയോടെയാണ് സാംസ്കാരിക ആഘോഷങ്ങൾ ആരംഭിക്കുക. 16ന് വിദ്യാർഥികളുടെ സാംസ്കാരിക അവതരണങ്ങളോടെ ആഘോഷങ്ങൾ തുടരും. തുടർന്ന് പിന്നണി ഗായിക രൂപാലി ജഗ്ഗ, അഭിഷേക് സോണി എന്നിവർ നയിക്കുന്ന സംഗീതപരിപാടി അരങ്ങേറും. രണ്ട് ദിവസങ്ങളിലെയും പരിപാടികൾ വൈകുന്നേരം ആറ് മുതൽ രാത്രി 10.30 വരെ നടക്കും.
കലാപരമായ കഴിവുകളെ പ്രതിഫലിപ്പിക്കുന്ന വിദ്യാർഥികളുടെ സാംസ്കാരികപ്രകടനങ്ങളുടെ ശ്രദ്ധേയമായ ഒരു ശ്രേണി മേളയിൽ പ്രദർശിപ്പിക്കും. മേളയുടെ ഒരു പ്രധാന ആകർഷണം അതിന്റെ വിപുലമായ ഭക്ഷണ, വിനോദ സ്റ്റാളുകളായിരിക്കും. ലൈസൻസുള്ള ഔട്ട്ഡോർ കാറ്ററിങ് സ്ഥാപനങ്ങൾ വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിൽനിന്നുള്ള ജനപ്രിയ പാചകരീതികൾക്കൊപ്പം ബഹ്റൈനിൽ നിന്നുള്ള പ്രാദേശിക പ്രത്യേകതകൾ ഉൾക്കൊള്ളുന്ന വൈവിധ്യമാർന്ന വിഭവങ്ങൾ ഒരുക്കും. കൂടാതെ, കുട്ടികൾക്കും കുടുംബങ്ങൾക്കുമായി നിരവധി ഗെയിമുകൾ, വിനോദ സ്റ്റാളുകൾ, വിനോദപ്രവർത്തനങ്ങൾ എന്നിവ ക്രമീകരിക്കും. റാഫിൾ ഡ്രോയിൽ ഒന്നാം സമ്മാനം എം ജി കാർ ആണ്.
ജനുവരി 18ന് രാവിലെ 11ന് മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ റാഫിൾ നറുക്കെടുപ്പ് നടക്കും. രണ്ട് കാമ്പസിലെയും പ്രിൻസിപ്പൽമാരുടെയും വൈസ് പ്രിൻസിപ്പൽമാരുടെയും നേതൃത്വത്തിൽ ഐ.എസ്.ബി സംഘാടകസമിതി പ്രവർത്തിച്ചുവരുന്നു. പരിപാടിയിൽ നിന്നുള്ള വരുമാനം അടിസ്ഥാനസൗകര്യവികസനം, വിദ്യാർഥികൾക്കുള്ള സാമ്പത്തിക സഹായം, ജീവനക്കാരുടെ ക്ഷേമസംരംഭങ്ങൾ എന്നിവയിലേക്ക് വിനിയോഗിക്കുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.