ഇന്ത്യൻ സ്കൂളിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര യോഗ ദിനത്തിൽനിന്ന്
മനാമ: ശാരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടുത്തുകയെന്ന സന്ദേശവുമായി ഇന്ത്യൻ സ്കൂൾ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു.പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി, സീനിയർ സ്കൂൾ ആൻഡ് അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി. സതീഷ്, മിഡിൽ സെക്ഷൻ വൈസ് പ്രിൻസിപ്പൽ ജോസ് തോമസ്, ഫിസിക്കൽ എജുക്കേഷൻ മേധാവി ശ്രീധർ ശിവ എസ്, കായികാധ്യാപകർ, വിദ്യാർഥികൾ എന്നിവർ സന്നിഹിതരായിരുന്നു. ‘ഒരേ ഭൂമിക്കും ആരോഗ്യത്തിനും വേണ്ടിയുള്ള യോഗ’ എന്ന ആശയത്തിലാണ് ഈ വർഷത്തെ യോഗ ദിനം ആഘോഷിക്കുന്നത്. ആരോഗ്യകരവും സംതൃപ്തവുമായ ഒരു ജീവിതത്തിന് ആന്തരിക സമാധാനവും സ്വയം പരിചരണവും അടിസ്ഥാനമാണെന്ന വിശ്വാസത്തെയാണ് ഈ ആശയം പ്രതിഫലിപ്പിക്കുന്നത്.
ആഗോള ആരോഗ്യം, ഐക്യം, ക്ഷേമം എന്നിവക്കായി യോഗയുടെ കാലാതീതമായ മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള അചഞ്ചലമായ പ്രതിബദ്ധത ഈ ആഘോഷത്തിലൂടെ സ്കൂൾ എടുത്തുകാട്ടി. മിഡിൽ സെക്ഷനിലെ 160ലധികം വിദ്യാർഥികൾ ശ്രദ്ധേയമായ അഭ്യാസ മുറകളോടെ യോഗയോടുള്ള തങ്ങളുടെ സമർപ്പണം പ്രകടിപ്പിച്ചു. ഫിസിക്കൽ എജുക്കേഷൻ അധ്യാപകൻ ആർ. ചിന്നസാമി നയിച്ച സെഷനിൽ വിദ്യാർഥികളുടെ അച്ചടക്കവും വൈദഗ്ധ്യവും പ്രകടമാക്കുന്ന നിരവധി യോഗാസനങ്ങൾ അവതരിപ്പിച്ചു. സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, വൈസ് ചെയർമാനും സ്പോർട്സ് അംഗവുമായ ഡോ. മുഹമ്മദ് ഫൈസൽ, ഭരണ സമിതി അംഗങ്ങൾ, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി എന്നിവർ വിദ്യാർഥികളുടെ ഉത്സാഹഭരിതമായ പങ്കാളിത്തത്തെ അഭിനന്ദിച്ചു. മാതൃകാപരമായ ഏകോപനത്തിനും സമർപ്പണത്തിനും അവർ കായിക വകുപ്പിനെ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.