ഇന്ത്യൻ പ്രതിനിധി സംഘം ബഹ്റൈൻ സന്ദർശന വേളയിൽ
മനാമ: ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ നിലപാട് ശക്തമാണെന്ന് ബഹ്റൈൻ സന്ദർശന വേളയിൽ ഇന്ത്യൻ പ്രതിനിധി സംഘം. ഇന്ത്യൻ പ്രവാസി പ്രതിനിധികളും ബഹ്റൈനിലെ പ്രമുഖരുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഭീകരവാദത്തിനെതിരെ ഇന്ത്യയുടെ കാഴ്ചപ്പാട് അവതരിപ്പിക്കുകയും പാകിസ്താൻ സ്പോൺസർ ചെയ്യുന്ന ഭീകരതയെ സംഘം തുറന്നു കാട്ടുകയും ചെയ്തു. ഭീകരവാദത്തിനെതിരെ ഇന്ത്യക്ക് ദൃഢമായതും ഏകീകരിച്ചതുമായ നിലപാടുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ സർക്കാറിന് ഇക്കാര്യത്തിൽ വിട്ടു വീഴ്ചയില്ലെന്നും കൂടിക്കാഴ്ചക്കിടെ ബൈജയന്ത് പാണ്ഡ പറഞ്ഞു. ഇന്ത്യൻ സമൂഹത്തിന്റെ സുരക്ഷക്കായുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയും അദ്ദേഹം ഉറപ്പ് നൽകി.
ഭീകരവാദത്തിനെതിരായുള്ള ആഗോള പോരാട്ടത്തിൽ അന്താരാഷ്ട്ര സഹകരണം നിർണായകമാണെന്നും പാണ്ഡെ പറഞ്ഞു. ചർച്ചക്കിടെ സംഘാംഗം എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഒവൈസി പാകിസ്താനെ രൂക്ഷമായി വിമർശിച്ചു. ഇന്ത്യയിൽ തീവ്രവാദ ഗ്രൂപ്പുകള്‍ നിരപരാധികളെ കൊല്ലുകയും മതത്തെ ന്യായീകരിക്കാൻ ഖുർആൻ ദുരുപയോഗം ചെയ്യുകയാണെന്നും ഒവൈസി പറഞ്ഞു. ഇസ്ലാം ഭീകരതയെ അപലപിക്കുന്നുവെന്നും ഒരു നിരപരാധിയെ കൊല്ലുന്നത് മുഴുവന്‍ മനുഷ്യരാശിയെയും കൊല്ലുന്നതിന് തുല്യമാണെന്ന് ഖുര്‍ആന്‍ വ്യക്തമായി പറയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, മുൻ മന്ത്രിയും മുൻ കോൺഗ്രസ് നേതാവുമായ ഗുലാം നബി ആസാദ് ഭീകരതയെ ചെറുക്കുന്നതിന് അന്താരാഷ്ട്ര പിന്തുണ ആവശ്യമാണെന്നും വ്യക്തമാക്കി. പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി നടത്തിയ ഓപറേഷൻ സിന്ദൂറിന്റെ പശ്ചാത്തലത്തിൽ ഭീകരവാദത്തിനെതിരെയുള്ള ഇന്ത്യൻ നിലപാട് വിദേശരാജ്യങ്ങളുമായി പങ്കുവയ്ക്കുന്നതിനായി ബി.ജെ.പി എം.പി ബൈജയന്ത് പാണ്ഡയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം ശനിയാഴ്ചയാണ് രണ്ടു ദിവസത്തെ സന്ദർശനത്തിനായി ബഹ്റൈനിലെത്തിയത്.
സംഘത്തെ ബഹ്റൈൻ വിമാനത്താവളത്തിൽ ഇന്ത്യൻ അംബാസിഡർ വിനോദ് കെ. ജേക്കബ് സ്വീകരിച്ചു. ശേഷം ഇന്ത്യൻ ഹൗസ് സന്ദർശിച്ച സംഘം ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തുകയും അംബാസിഡറുമായി ചർച്ച നടത്തുകയും ചെയ്തു. രണ്ടാം ദിനം സംഘം ബഹ്റൈൻ ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല ആൽ ഖലീഫയെയും, ശൂറ കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് ആൽ സാലിഹ് എന്നിവരെയും സന്ദർശിച്ചുവെന്നും എല്ലാ തരത്തിലുമുള്ള ഭീകരവാദങ്ങളെ ചെറുക്കുന്നതിനായുള്ള ഇന്ത്യയുടെ ദൃഢമായ നിലപാട് വ്യക്തമാക്കിയെന്നും ബഹ്റൈനിലെ ഇന്ത്യൻ എംബസി എക്സിൽ കുറിച്ചു. പിന്നീട് സംഘം മനാമയിലെ ശ്രീ നാഥ്ജി ക്ഷേത്രം, ബാബ് ആൽ ബഹ്റൈൻ എന്നിവിടങ്ങളിൽ സന്ദർശിക്കുകയും ഇന്ത്യൻ പ്രവാസികളെ അഭിസംബോധന ചെയ്യുകയും ചെയ്തു.
നിഷികാന്ത് ദുബെ (ബി.ജെ.പി), ഫാങ്നോൺ കൊന്യാക് എം.പി (ബി.ജെ.പി), രേഖ ശർമ എം.പി (ബി.ജെ.പി), സത്നാം സിങ് സന്ധു എം.പി, നയതന്ത്ര വിദഗ്ധൻ ഹർഷ് ശ്രിംഗള എന്നിവരാണ് സംഘത്തിലെ മറ്റംഗങ്ങൾ. ബഹ്റൈൻ സന്ദർശനത്തിന് ശേഷം സംഘം കുവൈത്തിലേക്കും പിന്നീട് സൗദിയിലേക്കും പോകും. ഈ മാസം 30ന് സംഘം അൾജീരിയ സന്ദർശിക്കും. ഓരോ രാജ്യത്തും രണ്ടു ദിവസം വീതമാണ് സന്ദർശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.