മനാമ: ഓൺലൈൻ പണമിടപാട് രംഗത്ത് പ്രവാസികൾക്ക് ഏറെ ഉപകാരപ്പെടുന്ന ഒരു തീരുമാനമാണ് കഴിഞ്ഞ ദിവസം നാഷനൽ പേമെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ പ്രഖ്യാപിച്ചത്. 10 രാജ്യങ്ങളിലെ പ്രവാസികൾക്ക് അതത് രാജ്യങ്ങളിലെ മൊബൈൽ നമ്പർ ഉപയോഗിച്ച് യു.പി.ഐ സേവനം പ്രയോജനപ്പെടുത്താൻ കഴിയുമെന്ന പ്രഖ്യാപനമാണ് ഇത്.
എന്നാൽ, ആദ്യ ഘട്ടത്തിലുള്ള രാജ്യങ്ങളുടെ പട്ടികയിൽ ബഹ്റൈൻ ഉൾപ്പെട്ടിട്ടില്ല. തങ്ങളെയും ഈ സംവിധാനത്തിൽ ഉൾപ്പെടുത്തണമെന്ന ആവശ്യമാണ് ബഹ്റൈനിലെ ഇന്ത്യൻ പ്രവാസികൾ ഉന്നയിക്കുന്നത്. ഇന്ത്യയിലെ വിവിധ ബില്ലുകൾ അടക്കുന്നതിനും മറ്റ് പണമിടപാടുകൾക്കും ഏറ്റവും സൗകര്യപ്രദമായ മാർഗമാണ് യൂനിഫൈഡ് പേമെന്റ്സ് ഇന്റർഫേസ് (യു.പി.ഐ). ഗൂഗ്ൾ പേ, പേടിഎം, ഫോൺ പേ, ഭീം ആപ് തുടങ്ങിയ യു.പി.ഐ അധിഷ്ഠിത ആപുകളിൽ അക്കൗണ്ട് തുടങ്ങണമെങ്കിൽ ഇതുവരെ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ച ഇന്ത്യൻ മൊബൈൽ നമ്പർ നിർബന്ധമായിരുന്നു.
വിദേശത്ത് കഴിയുന്നവർക്ക് ഇതിനായി നാട്ടിലെ മൊബൈൽ നമ്പർ നിലനിർത്തുന്നത് സാമ്പത്തിക ചെലവും മറ്റ് പ്രയാസങ്ങളും സൃഷ്ടിച്ചിരുന്നു. പുതിയ തീരുമാനത്തിലൂടെ ഇതിന് മാറ്റംവരും. നോൺ റെസിഡന്റ് എക്സ്റ്റേണൽ (എൻ.ആർ.ഇ), നോൺ റെസിഡന്റ് ഓർഡിനറി (എൻ.ആർ.ഒ) അക്കൗണ്ടുകളിൽ നൽകിയിട്ടുള്ള വിദേശ മൊബൈൽ നമ്പർ ഉപയോഗിച്ചും ഇനി യു.പി.ഐ സേവനം പ്രയോജനപ്പെടുത്താൻ കഴിയും. തുടക്കത്തിൽ സിംഗപ്പൂർ, ആസ്ട്രേലിയ, കാനഡ, ഹോങ്കോങ്, ഒമാൻ, ഖത്തർ, യു.എസ്.എ, സൗദി അറേബ്യ, യു.എ.ഇ, യു.കെ എന്നീ രാജ്യങ്ങളിലുള്ളവർക്കാണ് ഈ സേവനം ലഭിക്കുന്നത്.
പ്രവാസികൾ ഇന്ത്യയിലെത്തുമ്പോൾ എളുപ്പത്തിൽ പണമിടപാട് നടത്താൻ ഇനിമുതൽ സാധിക്കും. ഇന്റർനാഷനൽ കാർഡുകൾ കൊണ്ടുനടക്കേണ്ട പ്രയാസവും ഇതോടെ ഒഴിവാകും. പുതിയ തീരുമാനത്തെ ഇന്ത്യയിലെ വാണിജ്യമേഖലയും സ്വാഗതം ചെയ്തിട്ടുണ്ട്. ആദ്യഘട്ടത്തിൽ ഇല്ലെങ്കിലും വൈകാതെ തന്നെ തങ്ങൾക്കും ഈ സൗകര്യം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ബഹ്റൈനിലെ ഇന്ത്യൻ പ്രവാസി സമൂഹം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.