ഹിന്ദി ദിനാചരണത്തിന്റെ ഭാഗമായി എംബസിയിൽ നടന്ന
പരിപാടിയിൽ അംബാസഡർ വിനോദ് കെ. ജേക്കബ് സംസാരിക്കുന്നു
മനാമ: ഇന്ത്യയുടെ ഔദ്യോഗിക ഭാഷകളിലൊന്നായി ഹിന്ദിയെ അംഗീകരിച്ചതിന്റെ ഓർമക്കായി എല്ലാ വർഷവും സെപ്റ്റംബർ 14ന് ആചരിക്കുന്ന ഹിന്ദി ദിനം ബഹ്റൈനിലെ ഇന്ത്യൻ എംബസിയിലും ആഘോഷിച്ചു. നൂറിലധികം ഇന്ത്യൻ പ്രവാസികൾ പങ്കെടുത്ത ചടങ്ങിൽ ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ് ജനങ്ങളെ അഭിസംബോധന ചെയ്തു. ഹിന്ദിയുടെ പ്രാധാന്യത്തെയും ഉപയോഗത്തെയും കുറിച്ച് അംബാസഡർ സംസാരിച്ചു.
ഹിന്ദിയുടെ പ്രചാരണത്തിനായി ഇന്ത്യൻ സർക്കാർ നടത്തുന്ന ശ്രമങ്ങളെ അദ്ദേഹം എടുത്തുപറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'ആത്മനിർഭർ ഭാരത്' കാമ്പയിൻ, ഹിന്ദിക്കായുള്ള ഇ-ഉപകരണങ്ങൾ ശക്തിപ്പെടുത്തൽ, അന്താരാഷ്ട്ര വിദ്യാർഥികൾക്കായി ഐ.സി.സി.ആർ നടത്തുന്ന ഹിന്ദി ക്ലാസുകൾ എന്നിവയെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.
എംബസി ഉദ്യോഗസ്ഥരും അവരുടെ കുടുംബാംഗങ്ങളും ചേർന്ന് അവതരിപ്പിച്ച കലാപരിപാടികളും പ്രഥം ഹിന്ദി ടോസ്റ്റ്മാസ്റ്റേഴ്സ് അംഗങ്ങളുടെ ഹ്രസ്വ അവതരണവും ചടങ്ങിന് മാറ്റുകൂട്ടി. ഇന്ത്യൻ യുവജനകാര്യ-കായിക മന്ത്രാലയം ആരംഭിച്ച ‘വികസിത് ഭാരത്’ പ്രചാരണത്തിന്റെ ഭാഗമായി രണ്ടാഴ്ച നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾക്കും ഹിന്ദി ദിനാചരണത്തോടെ തുടക്കമായി.
'മെയ്ഡ് ഇൻ ഇന്ത്യ, മെയ്ഡ് ഫോർ ദി വേൾഡ്' സംരംഭത്തിന്റെ ഭാഗമായി ഇന്ത്യൻ പ്രതിരോധശേഷി കാണിക്കുന്ന ഒരു പ്രദർശനവും എംബസിയിൽ സംഘടിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.